മുംബൈ- കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക ബില്ലിനെതിരെ ശബ്ദമുയര്‍ത്താത്തതില്‍ പ്രതിഷേധിച്ച് ബോളിവുഡ് നടന്‍ അജയ് ദേവ്ഗണിന്റെ കാര്‍ തടഞ്ഞ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഗോരേഗാവിലെ ഫിലിം സിറ്റിയിലായിരുന്നു സംഭവം നടന്നത്. നടന്‍ യാത്ര ചെയ്തു കൊണ്ടിരിക്കുന്ന കാര്‍ തടഞ്ഞ് നിര്‍ത്തി കര്‍ഷക സമരത്തില്‍ നിലപാട് എന്തുകൊണ്ട് വ്യക്തമാക്കാത്തതെന്ന് അജയ് ദേവ്ഗണിനോട് യുവാവ് ആരാഞ്ഞു. പഞ്ചാബില്‍ നിന്നുള്ള ഡ്രൈവറായ രാജ്ദീപ് സിങ്ങാണ് അറസ്റ്റിലായത്. ദല്‍ഹിയില്‍ കര്‍ഷക സമരം ചെയ്യുന്ന ഭൂരിഭാഗം കര്‍ഷകരും പഞ്ചാബില്‍ നിന്ന് ഉള്ളവരാണ്.ദേവ്ഗണിന്റെ ബോഡിഗാര്‍ഡ് ഇന്ദ്രസേന്‍ ഗൗതമിന്റെ പരാതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. അനാവശ്യമായുള്ള തടഞ്ഞുവെക്കല്‍, മനപ്പൂര്‍വ്വം അപമാനിക്കാനും സമാധാനം ഇല്ലാണ്ടാക്കാനുമുള്ള ശ്രമം ഭയപ്പെട്ടുത്താനുള്ള ശ്രമം എന്നീ കുറ്റങ്ങളാണ് രജദീപിനുമേല്‍ ചുമത്തിയിരിക്കുന്നത്.