കൊല്ലം-സിനിമയില്‍ നടിയായി തുടരുകയാണെങ്കിലും എന്നെങ്കിലുമൊരു മുഴുനീള സിനിമയ്ക്ക് തിരക്കഥയൊരുക്കുക എന്നതാണ് ഇപ്പോള്‍ തന്റെ മനസ്സിലുള്ള സ്വപ്‌നമെന്നാണ് ഗ്രേസ് ആന്റണി. തന്റെ സുഹൃത്തുക്കള്‍ പലരും സിനിമയുടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കണമെന്ന ആഗ്രഹമുള്ളവരാണെന്നും പക്ഷേ, ഇതൊക്കെ പുരുഷന്‍മാര്‍ക്ക് മാത്രമേ സാധിക്കു എന്നാണ് അവരില്‍ പലരുടെയും ചിന്തയെന്നും ആ ധാരണ തെറ്റാണെന്നും ധൈര്യമായി ഈ രംഗത്തേക്ക് വരണമെന്ന് താന്‍ അവരോട് പറയാറുണ്ടെന്നും സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ഗ്രേസ് പറയുന്നു. അഭിനയം ഒഴിച്ച് സിനിമയുടെ മറ്റ് രംഗങ്ങളിലെല്ലാം സ്ത്രീകള്‍ തീരെ കുറവാണ്. അക്കാര്യത്തെക്കുറിച്ച് ചിന്തിച്ചുണ്ടോ എന്ന ചോദ്യത്തിനായിരുന്നു ഗ്രേസിന്റെ മറുപടി. കൂട്ടുകാരികളോടൊക്കെ ഞാനീക്കാര്യം സംസാരിക്കാറുണ്ട്. അവരില്‍ പലര്‍ക്കും സിനിമയുടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കണമെന്ന ആഗ്രഹമുള്ളവരാണ്. പക്ഷേ, ഇതൊക്കെ പുരുഷന്‍മാര്‍ക്ക് മാത്രമേ സാധിക്കു എന്നാണ് അവരില്‍ പലരുടെയും ചിന്ത. ആ ധാരണ തെറ്റാണെന്നും ധൈര്യമായി ഈ രംഗത്തേക്ക് വരണമെന്നും അവരോട് പറയും. പൊതുവേ സ്ത്രീകള്‍ക്ക് ഒരു ഉള്‍വലിയലുണ്ടല്ലോ, സിനിമയുടെ കാര്യമാകുമ്പോള്‍ ആ ഉള്‍വലിയല്‍ കൂടുന്നു. സ്ത്രീകളുടെ വീക്ഷണകോണില്‍ കഥകളും സിനിമകളുമുണ്ടാകണമെങ്കില്‍ ധാരാളം സ്ത്രീകള്‍ ഈ രംഗത്തേക്ക് വരണം, ആരും കൈ പിടിച്ച് കൊണ്ടുവരാന്‍ കാത്തിരിക്കേണ്ട, ഫൈറ്റ് ചെയ്ത് മുന്നിലേക്ക് വരണം എന്നാണ് പറയാനുള്ളത്, ഗ്രേസ് അഭിമുഖത്തില്‍ പറഞ്ഞു. ഗ്രേസ് ആന്റണി എഴുതുന്ന തിരക്കഥയില്‍ ഗ്രേസ് ആന്റണി തന്നെയാകുമോ നായിക എന്ന ചോദ്യത്തിന് അയ്യോ, എല്ലാ പണിയുംകൂടി താന്‍ തന്നെ ചെയ്താല്‍ എങ്ങനെയാണ് ശരിയാവുകയെന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള താരത്തിന്റെ മറുപടി. അതിന് പറ്റിയ ആളുകളെ കണ്ടെത്തണം. ഞാന്‍ എഴുതുന്നതുകൊണ്ട് അതൊരു സ്ത്രീ കേന്ദ്രീകൃതമായ സിനിമയാകും എന്ന് കരുതരുത്. എല്ലാ സിനിമകളും കാണാന്‍ ഇഷ്ടപ്പെടുന്നയാളാണ് ഞാന്‍. കുടുതലിഷ്ടം ഹ്യൂമറും ഇമോഷണല്‍ ഡ്രാമകളുമാണ്. ഹ്യൂമര്‍ ചെയ്യുന്ന നടിമാര്‍ ഇപ്പോള്‍ കുറഞ്ഞുവരുന്നു എന്നതില്‍ വിഷമമുണ്ടെന്നും ഗ്രേസ് പറയുന്നു. സീനിയര്‍ സംവിധായകരുടെ ഇതുവരെ പ്രവര്‍ത്തിക്കാന്‍ തനിക്ക് സാധിച്ചിട്ടില്ലെന്നും ചില സിനിമകളുടെ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും ഉടന്‍ അത്തരം സിനിമകള്‍ യാഥാര്‍ഥ്യമാകുമെന്ന് പ്രതീക്ഷിക്കുന്നെന്നും ഗ്രേസ് പറഞ്ഞു.