ഇംഫാൽ- മണിപ്പൂരിൽ പതിനെട്ട് വർഷങ്ങൾക്കു മുമ്പ് എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ ഭീകരന്റെ വധശിക്ഷ നടപ്പാക്കി യുനൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ടിന്റെ (യുഎൻഎൽഎഫ്) വിമത വിഭാഗം. തോക്ചോം നന്ദോ സിങ് എന്നയാളെയാണ് കൊലപ്പെടുത്തിയത്. ഇയാൾ ഈ കേസിൽ ജയിലിലടയ്ക്കപ്പെടുകയും വിചാരണക്കാലത്തിനിടയിൽ ജയിലിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തിരുന്നു.
2003ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അന്നത്തെ ഒരു മന്ത്രിയുടെ എട്ട് വയസ്സ് പ്രായമുള്ള മകളെ സ്കൂളിനു മുമ്പിൽ നിന്ന് തട്ടിക്കൊണ്ടു പോകുകയായിരുന്നു. ഒമ്പത് ദിവസങ്ങൾക്കു ശേഷം കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ജയിലിൽ നിന്ന് ചാടിയ നന്ദോയെ പിടികൂടാൻ തങ്ങൾ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നെന്ന് യുഎൻഎൽഎഫ് ഒരു വാർത്താക്കുറിപ്പിൽ അറിയിച്ചു. നന്ദോയെ കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളും ഇവർ പുറത്തു വിട്ടിട്ടുണ്ട്. 2021ൽ സ്ത്രീകൾക്കുള്ള തങ്ങളുടെ സമ്മാനമെന്നാണ് ഈ വധശിക്ഷ നടപ്പാക്കലിനെ തീവ്രവാദികൾ വിശേഷിപ്പിച്ചത്. തിങ്കളാഴ്ച നന്ദോയെ പിടികൂടുകയും വിചാരണയ്ക്കു ശേഷം തൊട്ടടുത്തദിവസം വൈകിട്ടൊടെ കൊലപ്പെടുത്തുകയും ചെയ്തതായി യുഎൻഎൽഎഫിന്റെ പ്രസ്താവന പറഞ്ഞു.