Sorry, you need to enable JavaScript to visit this website.

എസ് ദുര്‍ഗയുടെ സെന്‍സര്‍ഷിപ്പ് റദ്ദാക്കി; കേരള മേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ നീക്കം

പനാജി-  ഗോവ ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ കേരള ഹൈക്കോടതി ഉത്തരവിട്ട മലയാള ചലച്ചിത്രം എസ് ദുര്‍ഗയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി കേന്ദ്രത്തിന്റെ തിരിച്ചടി. റീജനല്‍ സെന്‍സര്‍ ബോര്‍ഡാണ് സിനിമയുടെ അനുമതി റദ്ദാക്കിയത്. ഗോവ മേള അവസാനിക്കുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പായിരുന്നു സെന്‍സര്‍ ബോര്‍ഡ് തീരുമാനം.  വീണ്ടും ജൂറിയുടെ പരിശോധനക്കു വിധേയമായ ചിത്രം പ്രദര്‍ശിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു ചലച്ചിത്ര പ്രവര്‍ത്തകര്‍.
എസ് ദുര്‍ഗയെന്ന് പേരുമാറ്റിയ ചിത്രത്തെ ഗോവ അന്തരാഷ്ട്ര ചലച്ചിത്ര മേളയില്‍ ആദ്യം ഒഴിവാക്കിയിരുന്നു. ജൂറി തീരുമാനം മറികടന്ന് കേന്ദ്രം ഇടപെട്ടാണ് എസ് ദുര്‍ഗ, ന്യൂഡ് എന്നീ ചിത്രങ്ങള്‍ ഒഴിവാക്കിയിരുന്നത്. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഗോവ മേളയില്‍ പ്രദര്‍ശിപ്പിക്കാമെന്ന ഹൈക്കോടതി ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ജൂറി വീണ്ടും കണ്ട് തീരുമാനിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

http://malayalamnewsdaily.com/sites/default/files/filefield_paths/sanal_one.jpg
ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും സിനിമ പ്രദര്‍ശിപ്പിക്കണമെന്നാണ് ഉത്തരവിട്ടത്. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ചയാണ് ജൂറി വീണ്ടും സിനിമ കണ്ടത്.
പേരു സംബന്ധിച്ച് വീണ്ടും പരാതിയുയര്‍ന്നതിനെ തുടര്‍ന്നാണ് സെന്‍സര്‍ഷിപ്പ് റദ്ദാക്കിയതെന്ന് റീജനല്‍ സെന്‍സര്‍ ബോര്‍ഡ്  അറിയിച്ചു. ചിത്രത്തിന്റെ പേര് സെക്‌സി ദുര്‍ഗ എന്നത് മാറ്റി എസ് ദുര്‍ഗ എന്നാക്കാമെന്നും മൂന്നു അസഭ്യവാക്കുകള്‍ നീക്കാമെന്നുമുള്ള ഉറപ്പിലാണു നേരത്തെ സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നത്.
എന്നാല്‍ കഴിഞ്ഞ ദിവസം ഗോവയില്‍ സിനിമ കണ്ട ജൂറി, ചിത്രത്തിന്റെ പേര് എസ്### ദുര്‍ഗ എന്നാണു നല്‍കിയിരിക്കുന്നതെന്നു കണ്ടെത്തി. ഇതു ചട്ടങ്ങളുടെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടിയാണ് ചിത്രം വീണ്ടും സെന്‍സര്‍ ചെയ്യണമെന്ന അറിയിപ്പ് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനു റീജനല്‍ സെന്‍സര്‍ ബോര്‍ഡ് ഓഫീസര്‍ നല്‍കിയത്.

http://malayalamnewsdaily.com/sites/default/files/filefield_paths/sanal_2.jpg
ഹൈക്കോടതി വിധി നടപ്പാക്കാന്‍ തങ്ങള്‍ ശ്രമിച്ചെന്നും എന്നാല്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിയ സാഹചര്യത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ നിര്‍വാഹമില്ലെന്നും ഗോവ മേളയുടെ ഡയറക്ടര്‍ സുനിത് ടണ്ടന്‍ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെ അറിയിച്ചു.
സെന്‍സര്‍ ബോര്‍ഡ് തീരുമാനത്തിനെതിരെ സംവിധായകന്‍ സനല്‍കുമാര്‍, ചിത്രത്തിലെ നായകന്‍ കണ്ണന്‍ നായര്‍ തുടങ്ങിയവര്‍ ഗോവയില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ചിത്രങ്ങള്‍ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് നേരത്തേ ജൂറി ചെയര്‍മാന്‍ സുജോയ് ഘോഷ് അടക്കം മൂന്നു ജൂറി അംഗങ്ങള്‍ രാജിവച്ചിരുന്നു. ഒട്ടേറെ രാജ്യാന്തര ചലച്ചിത്ര മേളകളില്‍ അംഗീകാരങ്ങള്‍ നേടിക്കൊണ്ടിരിക്കുന്ന ചിത്രമാണ് എസ് ദുര്‍ഗ.
അതിനിടെ, വിലക്ക് മറി കടന്നും എസ്.ദുര്‍ഗ കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ (ഐഎഫ്എഫ്‌കെ)യില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ചലച്ചിത്ര അക്കാദമി അധ്യക്ഷന്‍ കമല്‍ പറഞ്ഞു. ഫാസിസ്റ്റ് നിലപാടുകള്‍ക്കെതിരായ മറുപടിയായാണ് സിനിമ പ്രദര്‍ശിപ്പിക്കുകയെന്നും അദ്ദേഹം അറിയിച്ചു. ചിത്രത്തിന്റെ സെന്‍സര്‍ പതിപ്പാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക. മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ എസ്.ദുര്‍ഗ പ്രദര്‍ശിപ്പിക്കാന്‍ നേരത്തെ തീരുമാനച്ചിരുന്നെങ്കിലും താല്‍പര്യമില്ലെന്ന് സംവിധായകന്‍ അറിയിച്ചിരുന്നു.
പുതിയ പശ്ചാത്തലത്തില്‍ കേരള മേളയില്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ സമ്മതമാണെന്നു പറഞ്ഞ സനല്‍കുമാര്‍, സമാന്തരമായി സംഘടിപ്പിച്ചിരിക്കുന്ന കാഴ്ച ഫിലിം ഫെസ്റ്റിലും സിനിമ കാണിക്കുമെന്ന് അറിയിച്ചു.
ഐ.എഫ്.എഫ്.കെയില്‍ എസ് ദുര്‍ഗ പ്രത്യേകമായി പ്രദര്‍ശിപ്പിക്കുമെന്ന് അക്കാദമി ചെയര്‍മാന്‍ സൂചന നല്‍കിയിട്ടുണ്ട്. ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ഈ നീക്കത്തെ സ്വാഗതം ചെയ്യുന്നുവെന്നും മതിയായ അംഗീകാരത്തോടെ സമീപിച്ചാല്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ സമ്മതമാണെന്നും സനല്‍കുമാര്‍ ശശിധരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. അതേസമയം, അക്കാദമി തീരുമാനം കാഴ്ച ഫിലിം ഫോറം പ്രഖ്യാപിച്ച് കാഴ്ച ഇന്ത്യ ഫിലിം ഫെസ്റ്റിവലില്‍ (കെ.ഐ.എഫ്.എഫ്-2017) പ്രദര്‍ശിപ്പിക്കുന്നതിനെ ഒരു നിലക്കും ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Latest News