പനജി- ഗോവ അന്തരാഷ്ട്ര ചലച്ചിത്രമേളയില്‍ മലയാളി താരം പാര്‍വതി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത് ടേക്ക് ഓഫ് എന്ന ചിത്രമാണ് പുരസ്‌കാരം നേടിക്കൊടുത്തത്. ഈ ചിത്രത്തിന് പ്രത്യേക ജൂറി പുരസ്‌കാരവും ലഭിച്ചു. നാഹുല്‍ പെരസ് ബിസ്‌കായതാണ് മികച്ച നടന്‍ (ചിത്രം- ബിപിഎം). റോബിന്‍ കാംപില്ലോ സംവിധാനം ചെയ്ത 120 ബീറ്റ്‌സ് പെര്‍ മിനിറ്റാണ് മികച്ച ചിത്രം.
സമീറ എന്ന നഴ്‌സിന്റെ വേഷം മികവോടെ അവതരിപ്പിച്ചാണ് പാര്‍വതി നേട്ടം സ്വന്തമാക്കിയത്. ഇറാഖിലെ യുദ്ധഭൂമിയില്‍ കുടുങ്ങിപ്പോയ നഴ്‌സുമാരുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. 19 നഴ്‌സുമാരെ നാട്ടിലെത്തിക്കുന്ന കഥയില്‍ പാര്‍വതിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. പുരസ്‌കാരം കേരളത്തിലെ നഴ്‌സുമാര്‍ക്ക് സമര്‍പ്പിക്കുന്നതായി പാര്‍വതി പറഞ്ഞു.
ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ആദ്യമായാണ് ഒരു മലയാള നടി മികച്ച നടിക്കുള്ള പുരസ്‌കാരം കരസ്ഥമാക്കുന്നത്. നിരവധി ലോക സിനിമകളോടു മത്സരിച്ചാണ് പുരസ്‌കാരമെന്നത് പാര്‍വതിയുടെ നേട്ടത്തിന്റെ തിളക്കം ഇരട്ടിയാക്കുന്നു. മത്സരവിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ട രണ്ട് ഇന്ത്യന്‍ സിനിമകളില്‍ ഒന്നായിരുന്നു ടേക്ക് ഓഫ്. പി.വി ഷാജികുമാറിന്റേതാണ് തിരക്കഥ.