Sorry, you need to enable JavaScript to visit this website.

അച്ഛനോടായിരുന്നു എനിക്കേറെയിഷ്ടം- ഹാദിയ സുപ്രീം കോടതിയില്‍

ന്യൂദൽഹി- വീട്ടിൽ മാനസികമായ പീഡനം അനുഭവിക്കുന്നതായും തന്നെ വീട്ടിലേക്ക് പറഞ്ഞയക്കരുതെന്ന് ഹാദിയ സുപ്രീം കോടതിയിൽ. കഴിഞ്ഞ കുറെ മാസങ്ങളായി താൻ വീട്ടിൽ കനത്ത മാനസിക സംഘർഷമാണ് അനുഭവിക്കുന്നതെന്നും തന്നെ ഇനിയും അവിടേക്ക് പറഞ്ഞയക്കരുതെന്ന് ഹാദിയ ആവശ്യപ്പെട്ടു. എന്നാൽ ഇതിൽ കൂടുതൽ ചോദ്യോത്തരങ്ങൾക്ക് തയ്യാറാകാതെ ഹാദിയയോട് സേലത്തെ കോളേജിലേക്ക് പോകാനും പഠനം തുടരാനും കോടതി നിർദ്ദേശിച്ചു. കോട്ടക്കലിലെ സുഹൃത്തിന്റെ വീട്ടിലേക്ക് പോകാൻ അനുമതി തേടിയെങ്കിലും ആദ്യം സേലത്ത് പോകാനും പിന്നീട് വേണമെങ്കിൽ സുഹൃത്തിന്റെ അടുക്കലേക്ക് പോകാനും കോടതി നിർദ്ദേശിക്കുകയായിരുന്നു. 
വിചാരണക്കിടെ ജഡ്ജിമാരും ഹാദിയയും തമ്മിൽ നടന്ന സംഭാഷണത്തിന്റെ പൂർണരൂപം:

ചീഫ് ജസ്റ്റീസ് ദീപക് മിശ്ര: ഞങ്ങൾ ഇന്ന് തന്നെ വിവരങ്ങൾ ചോദിച്ചറിയുകയാണ്. 
മിശ്ര ഹാദിയയോട്: ഏത് സ്‌കൂളിലാണ് പഠിച്ചത്
ഹാദിയ: കെ.വി പുരം ഹയർ സെക്കണ്ടറി സ്‌കൂൾ
ചീഫ് ജസ്റ്റീസ്: താങ്കൾ ഒരു ഡോക്ടർ ബിരുദധാരിയല്ലേ, എന്തായിരുന്നു വിഷയം
ഹാദിയ മറുപടി പറയാൻ വിഷമിക്കുന്നു
അഡ്വ. ദിനേശ് (കേരള വനിതാ കമ്മീഷന് വേണ്ടി ഹാജരായ വക്കീൽ) ഹാദിയക്ക് ഇംഗ്ലീഷ് മനസിലാകും. പക്ഷെ ഇംഗ്ലീഷിൽ സ്ഫുടമായി മറുപടി പറയാനാകില്ല. 
ചീഫ് ജസ്റ്റീസ് അഡ്വ. ദിനേശിനോട്- അവർ ഡോക്ടറേറ്റ് ഹോൾഡറാണെന്ന് താങ്കൾ പറഞ്ഞു, പക്ഷെ അവർക്ക് സംസാരിക്കാൻ കഴിയുന്നില്ല. ഇത് കോടതിയെ തെറ്റിദ്ധരിപ്പിക്കലാണ്. 
ദിനേശ്: അവർ ഹോമിയോ ഡോക്ടറാണ്.
ചീഫ് ജസ്റ്റീസ്: ഇത് ശരിയല്ല
ദിനേശ്: ഞങ്ങളെല്ലാം ഇവിടെയുള്ളത് മതിയായ ഇംഗ്ലീഷ് പരിജ്ഞാനമില്ലാതെയാണ്.
ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡ് കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസെൽ വി. ഗിരിക്ക് നേരെ നോക്കുന്നു. ആദ്യ വരിയിലെ വലത്തെ അറ്റത്തായിരുന്നു അദ്ദേഹം. ഗിരി ഹാദിയക്ക് അടുത്തേക്ക് വരുന്നു. ഹാദിയയുടെ വാക്കുകൾ പരിഭാഷപ്പെടുത്തുന്നു.
ചീഫ് ജസ്റ്റീസ്: എന്തായിരുന്നു പഠനമാധ്യമം
ഹാദിയ: ഇംഗ്ലീഷും തമിഴും
ചന്ദ്രചൂഡ്: നിങ്ങൾക്ക് ഇംഗ്ലീഷ് മനസിലാകുമോ
വി.ഗിരി: ഇംഗ്ലീഷ് മനസിലാകും, പക്ഷെ ഫഌവന്റല്ല
ചീഫ് ജസ്റ്റീസ്: സേലത്ത് നിങ്ങൾ എവിടെയായിരുന്നു താമസിച്ചിരുന്നത്, ഹോസ്റ്റലിലോ അതോ വാടക വീട്ടിലോ
ഹാദിയ- കൂട്ടുകാർക്കൊപ്പം
ചന്ദ്രചൂഡ്: എന്തുകൊണ്ടാണ് ഈ മേഖല തെരഞ്ഞെടുത്തത്. നിങ്ങൾക്ക് ഏതെങ്കിലും ഡോക്ടർമാരെ അറിയുമോ
ഹാദിയ- അച്ഛനും അമ്മയുമാണ് ഇത് തെരഞ്ഞെടുത്തത്.
ചന്ദ്രചൂഡ്-  ഇന്റേൺഷിപ്പ് ചെയ്‌തോ
ഹാദിയ- ഞാൻ ഹൗസ് സർജൻസി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അതിനിടയിലാണ് തിരിച്ചുവന്നത്
ചന്ദ്രചൂഡ്- ഇന്റേൺഷിപ്പ് ചെയ്യാൻ തിരിച്ചുപോകണം എന്നുണ്ടോ
ഹാദിയ- അതെ, എനിക്ക് എന്റെ ഹൗസ് സർജൻസി പൂർത്തിയാക്കണം
ചന്ദ്രചൂഡ്- വൈക്കത്തുനിന്ന് സേലത്തേക്ക് എത്ര കിലോമീറ്ററുണ്ട്
ഹാദിയ- ഏകദേശം മുന്നൂറ്. ആറു മുതൽ ഏഴ് മണിക്കൂർ വരെ യാത്രയുണ്ട്
ചന്ദ്രചൂഡ്-  സേലത്ത്‌നിന്ന് വൈക്കത്തേക്ക് പതിവായി വരാറുണ്ടോ
ഹാദിയ- മാസത്തിലോ, ആഴ്ച്ചയിലോ
ചന്ദ്രചൂഡ്- ലാപ്‌ടോപുണ്ടോ
ഹാദിയ- എന്റെ കൂട്ടുകാരിക്കുണ്ട്
ചന്ദ്രചൂഡ്- വൈ ഫൈ കണക്ഷനുണ്ടോ
ഹാദിയ- ഇല്ല. കാര്യമായി ഞങ്ങൾ സിനിമ ഡൗൺലോഡ് ചെയ്യും. കാണും
ചന്ദ്രചൂഡ്- ഒ.കെ. ചിലപ്പോൾ മോഡമാകും ഉപയോഗിക്കുന്നത്. ഭക്ഷണം എങ്ങിനെയാണ്.
ഹാദിയ- ഞങ്ങൾ തനിയെ പാകം ചെയ്യാറാണ്.
ചന്ദ്രചൂഡ്- കുട്ടിക്കാലത്ത് ആരോടായിരുന്നു കൂടുതൽ അടുപ്പം
ഹാദിയ- അച്ഛൻ, അമ്മ, കസിൻ, അച്ഛനോടായിരുന്നു എനിക്ക് കൂടുതൽ അടുപ്പം
ചന്ദ്രചൂഡ്- എന്താണ് നിങ്ങളുടെ പ്ലാൻ
ഹാദിയ- എനിക്ക് സ്വാതന്ത്ര്യം വേണം, എന്നെ മോചിപ്പിക്കണം
ചന്ദ്രചൂഡ്- ദൽഹിയിൽ നിങ്ങൾ എവിടെയാണ് താമസിക്കുന്നത്.
ഹാദിയ- കേരള ഹൗസിൽ
ചന്ദ്രചൂഡ്- വളർന്നുവരുമ്പോൾ നമുക്ക് മനസിലാകും. നാം നമ്മുടെ കാലിൽ തന്നെ നിൽക്കണമെന്ന്. രക്ഷിതാക്കൾക്ക് എല്ലാകാലത്തും നമ്മെ നോക്കാനാകില്ല. നിങ്ങളും സ്വന്തം കാലിൽ നിൽക്കാനുള്ള കഴിവ് നേടണം.
ഗിരി- അവർക്ക് പഠനം പൂർത്തിയാക്കണം, വിശ്വാസത്തിൽ ഉറച്ചുനിൽക്കുകയും വേണം. 
ചന്ദ്രചൂഡ്- അതേ കോളെജിൽ സംസ്ഥാന സർക്കാറിന്റെ ചെലവിൽ പഠിക്കാൻ അവർ ആഗ്രഹിക്കുന്നുണ്ടോ
ഹാദിയ- എനിക്ക് പഠനം തുടരണം, പക്ഷെ എനിക്ക് എന്റെ ഭർത്താവിനെ കാണണം.
ചന്ദ്രചൂഡ്- പക്ഷെ, ഭർത്താവിന് ഹോസ്റ്റലിൽ നിൽക്കാനാകില്ലല്ലോ
ജസ്റ്റീസ് മിശ്ര- പഠനചെലവ് അവർ എങ്ങിനെ കണ്ടെത്തുമെന്ന് അവരോട് ചോദിക്കൂ.
ഹാദിയ- എന്റെ ഭർത്താവ് വഹിക്കും
ജസ്റ്റീസ് മിശ്ര- ഏത് കോളേജിലാണ് അവർ പഠിച്ചിരുന്നത്
ഹാദിയ- സേലം ശിവരാജ് ഹോമിയോപതി കോളേജ്
ജസ്റ്റീസ് മിശ്ര- ഹൗസ് സർജൻസി ഇനി എത്രയുണ്ട്
ഹാദിയ- പതിനൊന്ന് മാസം
ഗിരി- അവർക്ക് കോടതിയോട് എന്തോ പറയാനുണ്ട്
ഹാദിയ- ഞാൻ വീട്ടിൽ മാനസികമായി പീഡിപ്പിക്കപ്പെടുകയാണ്. എനിക്ക് വീട്ടിലേക്ക് തിരികെ പോകേണ്ട. എനിക്ക് എന്റെ ഭർത്താവിന്റെ കൂടെയാണ് പോകേണ്ടത്.
ജസ്റ്റീസ് മിശ്ര- ഇപ്പോൾ അതിലേക്ക് കടക്കുന്നില്ല, അവർ എങ്ങിനെയാണ് സേലത്തേക്ക് പോകുക
ഹാദിയ- എനിക്ക് കോട്ടക്കലിൽ ഒരു കൂട്ടുകാരിയുണ്ട്. ഞാൻ അവിടെ പോയി രണ്ടു ദിവസം വിശ്രമിക്കട്ടെ. എന്നിട്ട് സേലത്തേക്ക് പോകാം.
ജസ്റ്റീസ് മിശ്ര- നിങ്ങൾ ആദ്യം സേലത്തേക്ക് പോകൂ, പിന്നീട് നിങ്ങൾക്ക് പോകാം. 

അവലംബം: ഫെയ്‌സ്ബുക്ക് പോസ്റ്റ്: ബി.എൻ ബാലഗോപാൽ, റിപോർട്ടർ ടി.വി ദൽഹി


 

Latest News