ചെന്നൈ- തമിഴ്‌നാട്ടിൽ ഘടക കക്ഷികൾക്ക് സീറ്റുകൾ നൽകുന്ന കാര്യത്തിൽ കടുത്ത നിലപാട് ഡി.എം.കെ തുടരുന്നു. കഴിഞ്ഞതവണ നൽകിയ സീറ്റുകൾ ഇത്തവണ നൽകാനാകില്ലെന്ന് ഡി.എം.കെ വ്യക്തമാക്കി. 35 സീറ്റ് ആവശ്യപ്പെട്ട കോൺഗ്രസിന് 20 സീറ്റേ നൽകൂവെന്ന് ഡി.എം.കെ വ്യക്തമാക്കി. സി.പി.എമ്മും സി.പി.ഐയും 12 സീറ്റുകൾ ആവശ്യപ്പെട്ടെങ്കിലും ആറു സീറ്റ് നൽകാമെന്നാണ് ഡി.എം.കെ പറയുന്നത്. അതേസമയം, മുസ്ലിം ലീഗിനും മനിതനേയ മക്കൾ കക്ഷിക്കും യഥാക്രമം മൂന്നും രണ്ടും സീറ്റുകൾ നൽകും. കഴിഞ്ഞ തവണ മുസ്ലിം ലീഗിന് അഞ്ചും മനിതനേയ മക്കൾ കക്ഷിക്ക് നാലും സീറ്റുകൾ ലഭിച്ചിരുന്നു. 234 അംഗ തമിഴ്‌നാട് നിയമസഭയിലേക്ക് കേരളത്തിനൊപ്പം ഏപ്രിൽ ആറിനാണ് തിരഞ്ഞെടുപ്പ്.
നാളെ കോൺഗ്രസ് നേതാക്കളുമായി ഡിഎംകെ ചർച്ച നടത്തുന്നുണ്ട്. ഈ യോഗത്തിൽ സീറ്റുകൾ സംബന്ധിച്ച് ധാരണയാകും. വൈക്കോയുടെ എം.ഡി.എം.കെയുമായും തോൽ തിരുമാവലവൻ നേതൃത്വം നൽകുന്ന വിസികെയുമായും ഡിഎംകെ സീറ്റുകൾ സംബന്ധിച്ച് ചർച്ച നടത്തുന്നുണ്ട്.