സംസ്ഥാനത്ത് നാളികേര ഉൽപാദനം ചുരുങ്ങിയതിനാൽ വൻ വിലയ്ക്ക് പച്ചതേങ്ങ സംഭരിക്കുകയാണ് മില്ലുകാർ. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനികൾ കേരളത്തിലും തമിഴ്‌നാട്ടിലും സജീവമായതോടെ കൊപ്ര വില കുതിച്ചു. പച്ചതേങ്ങ കിട്ടുന്ന വിലയ്ക്ക് വാങ്ങാൻ വൻകിട മില്ലുകാർ മത്സരിച്ചപ്പോൾ വിപണിയിലെ കുതിപ്പ് കണ്ട് പകച്ചു നിൽക്കാനെ ചെറുകിട മില്ലുകാർക്കായുള്ളു. വെളിച്ചെണ്ണയെ അപേക്ഷിച്ച് കൊപ്ര കൂടുതൽ മികവ് കാണിക്കുന്നു. പിന്നിട്ടവാരം എണ്ണ വില ക്വിന്റലിന് 450 രൂപ ഉയർന്നപ്പോൾ കൊപ്ര 400 രൂപ വർധിച്ചു. ഗ്രാമീണ മേഖലയിൽ നിന്നും തേങ്ങ ശേഖരിക്കാൻ ഇടപാടുകാർ മത്സരിച്ചു. കൊച്ചിയിൽ വെളിച്ചെണ്ണ 21,050 ലും കൊപ്ര 13,900 രൂപയിലുമാണ്. ഒട്ടുമിക്ക ഭാഗങ്ങളിലും നാളികേര വിളവെടുപ്പ് നടക്കുന്നുണ്ടങ്കിലും വിലക്കയറ്റം കണ്ട് ഉൽപാദകർ ചരക്ക് നീക്കം നിയന്ത്രിച്ചു.
ഉത്സവ ആവശ്യങ്ങൾക്കുള്ള കുരുമുളക് സംഭരിക്കുന്ന തിരക്കിലാണ് അന്തർസംസ്ഥാന വ്യാപാരികൾ. മുളക് ഉൽപാദനം മുൻ വർഷത്തെ അപേക്ഷിച്ച് കുറയുമെന്നതിനാൽ ഉയർന്ന വില ഉറപ്പ് വരുത്തനാവുമെന്ന വിശ്വാസത്തിലാണ് ഉൽപാദകർ.
ഫെബ്രുവരി അവസാനിച്ചിട്ടും ടെർമിനൽ മാർക്കറ്റിൽ കുരുമുളക് വരവ് ഉയർന്നില്ല. പിന്നിട്ടവാരം വരവ് 128 ടണ്ണിൽ ഒരുങ്ങി. കുരുമുളകിന് ശിവരാത്രി ഡിമാന്റുണ്ട്, മാർച്ച് അവസാനമാണ് ഹോളി ആഘോഷം. കൊച്ചിയിൽ കുരുമുളകിന് 1000 രൂപ വർധിച്ചു ഗാർബിൾഡ് 35,600 രൂപയായി. അന്താരാഷ്ട്ര കുരുമുളക് മാർക്കറ്റിൽ വിയറ്റ്‌നാം പിടിമുറുക്കുന്നു. വിളവെടുപ്പ് വൈകിയതിനൊപ്പം വിളവ് ചുരുങ്ങുമെന്ന സൂചനകളും അവിടെ നിന്ന് പുറത്തുവരുന്നുണ്ട്. വിയറ്റ്‌നാമിലെ പുതിയ സംഭവ വികാസങ്ങളെ ഇന്തോനേഷ്യൻ കയറ്റുമതിക്കാർ വീക്ഷിക്കുകയാണ്. രാജ്യാന്തര മാർക്കറ്റിൽ ബ്രസീലും സജീവമാണ്. ഈസ്റ്റർ ആവശ്യങ്ങൾക്കുള്ള ചരക്ക് യൂറോപ്പിലേയ്ക്ക് അവർ വാഗ്ദാനം ചെയ്തു. അമേരിക്കൻ ബയ്യർമാരും ബ്രസീലിയൻ മുളകിൽ താൽപര്യം കാണിച്ചു.
കാർഷിക മേഖലകളിൽ നിന്നുള്ള ഏലക്ക നീക്കം ചുരുങ്ങി. വരണ്ട കാലാവസ്ഥയിൽ ഉൽപാദനം ചുരുങ്ങിയതിനാൽ സ്റ്റോക്കിസ്റ്റുകൾ രംഗത്ത് സജീവമല്ല. ഓഫ് സീസണിലെ ഉയർന്ന വിലയ്ക്ക് വേണ്ടി പലരും ചരക്ക് പിടിക്കുന്നുണ്ട്.
ഇത് മൂലം ലേലത്തിനുള്ള ഏലക്ക വരവ് ചുരുങ്ങിയെങ്കിലും അതിനൊത്ത് ഏലക്ക വില ഉയർന്നില്ല. പിന്നിട്ടവാരം ലഭിച്ച ഉയർന്ന വില കിലോ 2285 രൂപയാണ്.
റബർ വില കയറി ഇറങ്ങി. ടാപ്പിങ് സീസൺ അവസാനിച്ചതിനാൽ നാലാം ഗ്രേഡ് 15,800 ൽ നിന്ന് 16,100 ലേയ്ക്ക് കയറിയെങ്കിലും വാരാന്ത്യം വില 15,900 രൂപയിലാണ്. അഞ്ചാം ഗ്രേഡ് 15,200-15,600 രൂപയിലും. ടാപ്പിങ് സ്തംഭിച്ചതോടെ ലാറ്റക്‌സും ഒട്ടുപാലും 11,000 രൂപയായി ഉയർന്നു. ചരക്ക് ക്ഷാമം തുടരുന്നതിനാൽ വ്യവസായികൾ വില ഉയർത്താം.
കേരളത്തിൽ സ്വർണ വില പവൻ 34,600 ൽ നിന്ന് 35,080 വരെ ഉയർന്ന ശേഷം ശനിയാഴ്ച്ച പവൻ 34,160 ലേയ്ക്ക് ഇടിഞ്ഞു. ആഗോള വിപണി സ്വർണം കഴിഞ്ഞവാരം സാങ്കേതികമായി തളർന്നു. ട്രോയ് ഔൺസ് 1783 ഡോളറിൽ ട്രേഡിങ് തുടങ്ങിയ സ്വർണം 1814 വരെ ഉയർന്ന അവസരത്തിൽ ഉടലെടുത്ത വിൽപ്പന സമ്മർദ്ദത്തിൽ നിരക്ക് 1717 ഡോളറായി ഇടിഞ്ഞ ശേഷം ക്ലോസിങിൽ 1735 ഡോളറിലാണ്.