Sorry, you need to enable JavaScript to visit this website.

വെളിച്ചെണ്ണ റെക്കോർഡ് മുന്നേറ്റത്തിൽ;  റബർ വിപണിയിൽ പ്രതീക്ഷ

കൊച്ചി- വെളിച്ചെണ്ണയുടെ റെക്കോർഡ് മുന്നേറ്റം തുടരുന്നു. ക്രിസ്തുമസ് അടുത്തതോടെ കർഷകർ കുരുമുളക് വിൽപ്പനയ്ക്ക് ഇറക്കി. ഉത്സവകാല ഡിമാന്റ് മുന്നിൽ കണ്ട് വാങ്ങലുകാർ ഏലക്കയിൽ പിടിമുറുക്കുന്നു. ക്രൂഡ് ഓയിലിന്റെ വിലക്കയറ്റം ആഗോള റബർ വിപണിയിൽ പ്രതീക്ഷ പകരുന്നു. പവന്റെ നിരക്കിൽ വൻ ചാഞ്ചാട്ടം. 
കൊപ്ര ക്ഷാമവും പച്ച തേങ്ങക്ക് ഡിമാന്റ് വർധിച്ചതും വെളിച്ചെണ്ണയെ പുതിയ ഉയരങ്ങളിലെത്തിച്ചു.  പിന്നിട്ട വാരം എണ്ണ വില ക്വിന്റലിന് 900 രൂപ വർധിച്ച് 18,200 രൂപയായി. കൊച്ചിയിൽ കൊപ്ര റെക്കോർഡ് വിലയായ 12,210 രൂപയിലാണ്. വില കുതിച്ചതോടെ പ്രദേശിക തലത്തിൽ വെളിച്ചെണ്ണ വിൽപ്പന ചുരുങ്ങി. കേന്ദ്രം ഭക്ഷ്യയെണ്ണയുടെ ഇറക്കുമതി ഡ്യൂട്ടി വർധിപ്പിച്ചത് വിലക്കയറ്റത്തിന്റെ ആക്കം കൂട്ടി. സോയാബീൻ, സൂര്യകാന്തി, കടുക് എണ്ണകളുടെ ഇറക്കുമതി ഡ്യൂട്ടി 40 ശതമാനമായി ഉയർത്തി. ക്രൂഡ് പാം ഓയിലിന്റെ ഡ്യുട്ടി 30 ശതമാനമാക്കി. സോയാബീന്റെ ഇറക്കുമതി ഡ്യൂട്ടി 30 ൽ നിന്ന് 45 ശതമാനമാക്കി. പിന്നിട്ട ഒരു വർഷം 154  ലക്ഷം ടൺ ഭക്ഷ്യയെണ്ണ ഇന്ത്യ ഇറക്കുമതി നടത്തി. വിദേശ എണ്ണ ഇറക്കുമതി ഡ്യൂട്ടി ഉയർത്തിയത് ആഭ്യന്തര വിപണിയിൽ പാചകയെണ്ണകളെ മൊത്തത്തിൽ ചൂടുപിടിപ്പിച്ചു. പച്ചതേങ്ങ കിലോഗ്രാമിന് 60 രൂപക്ക് മുകളിലാണ്. കേരളം, തമിഴ്‌നാട്, ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിൽ പച്ചതേങ്ങക്ക് ആവശ്യം വർധിച്ചു. നാളികേരോൽപ്പന്നങ്ങൾ ജനുവരി വരെ നേട്ടം നിലനിർത്താം. കോഴിക്കോട് വെളിച്ചെണ്ണ വില ക്വിന്റലിന് 21,300 രൂപയിലും കൊപ്ര 13,900 രൂപയിലുമാണ്. 
ക്രിസ്തുമസ് ദിനങ്ങൾ മുന്നിൽ കണ്ട് ചെറുകിട കർഷകർ സ്‌റ്റോക്കുള്ള കുരുമുളക് ഇറക്കി. ഉൽപ്പന്ന വില താഴുന്നതും ചരക്ക് വിറ്റുമാറാൻ കർഷകരെ പ്രേരിപ്പിച്ചു. ആഭ്യന്തര വിദേശ വിപണികളിൽ നിന്ന് കുരുമുളകിന് അന്വേഷണങ്ങൾ കുറവാണ്. നേരത്തെ ഉറപ്പിച്ച കച്ചവടങ്ങൾ മുൻ നിർത്തി ചില കയറ്റുമതിക്കാർ മുളക് ശേഖരിച്ചെിട്ടും വില ഉയർന്നില്ല. യുറോപ്യൻ കയറ്റുമതിക്ക് ഇന്ത്യൻ നിരക്ക് ടണ്ണിന് 6800 ഡോളറും ന്യൂയോർക്ക് ഷിപ്പ്‌മെന്റിന് 7050 ഡോളറുമാണ്. അൺ ഗാർബിൾഡ് കുരുമുളക് 40,700 രൂപയിൽ നിന്ന് 40,000 രൂപയായി. 
ഉത്സവകാല ഡിമാന്റ് ഏല വില വീണ്ടും ഉയർന്നുമെന്ന പ്രതീക്ഷയിലാണ് ഹൈറേഞ്ചിലെ കർഷകർ. വാരത്തിന്റെ തുടക്കത്തിൽ കിലോ 984 രൂപയായി ഇടിഞ്ഞ ഏലക്ക പിന്നീട് 1292 വരെ ഉയർന്നു. ക്രിസ്തുമസ് ഡിമാണ്ട് മുന്നിൽ കണ്ട് ഇടപാടുകാർ മത്സരിച്ച് ചരക്ക് സംഭരിച്ചു. കാലാവസ്ഥ അനുകൂലമായതിനാൽ ഹൈറേഞ്ചിൽ ഏലക്ക വിളവെടുപ്പ് മുന്നേറുന്നു. വിദേശ ഓർഡറുകൾ ലഭിച്ച കയറ്റുമതിക്കാർ ഏലക്ക ശേഖരിക്കുന്നുണ്ട്. 
റബർ മാർക്കറ്റിലെ പ്രതിസന്ധി വിട്ടുമാറിയിട്ടില്ലെങ്കിലും വാരാന്ത്യം വില അൽപ്പം മുന്നേറിയത് നിക്ഷേപകരെ ആകർഷിച്ചു. ടോക്കോം എക്‌സ്‌ചേഞ്ചിൽ കിലോ 200 യെന്നിന് മുകളിലെത്താനാവും ഈ വാരം റബർ ശ്രമിക്കുക. കഴിഞ്ഞവാരം കിലോ 182 യെൻ വരെ റബർ വില താഴ്ന്നു. വിദേശത്തെ ചാഞ്ചാട്ടം കണ്ട് ഇന്ത്യൻ വ്യവസായികൾ കരുതലോടെയാണ് ഷീറ്റ് ശേഖരിച്ചത്. 
നാലാം ്രേഗഡ് 12,500 രൂപയിലും അഞ്ചാം രേഗഡ് 12,250 രൂപയിലുമാണ്. വരും ദിനങ്ങളിൽ ചരക്ക് വരെ ഉയരുമെന്ന നിഗമനത്തിലാണ്  വ്യവസായികൾ. ക്രിസ്തുമസ് ആവശ്യങ്ങൾക്ക് വേണ്ട പണം കണ്ടെത്താൻ സ്‌റ്റോക്കിസ്റ്റുകൾ വിപണിയിലേയ്ക്ക് ശ്രദ്ധതിരിച്ചു. 
കേരളത്തിൽ സ്വർണ വില ചാഞ്ചാടി. ആഭരണ വിപണികളിൽ പവൻ 22,360 രൂപയിൽനിന്ന് 22,040 രൂപ വരെ താഴ്ന്ന ശേഷം ക്ലോസിങിൽ 22,120 ലാണ്. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1287 ഡോളർ. 

 

Latest News