കേരള വികസന പാതയിലെ നാഴികക്കല്ലായി മാറാൻ പോകുന്ന ജലപാത യാഥാർഥ്യമാകാൻ ഇനി മൂന്ന് വർഷം. കോവളം-കാസർകോട് ദേശീയ ജലപാത 2020 മേയിൽ പൂർത്തിയാകുമെന്നാണ് സർക്കാർ ഔദ്യേഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്. പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഘട്ടംഘട്ടമായി പുരോഗമിക്കുകയാണ്. 11 ജില്ലകളിലൂടെയാണ് ജലപാത കടന്നു പോകുന്നത്. പാതയുടെ സർവ്വേ പ്രവർത്തനങ്ങൾ തുടങ്ങി.
നിർമ്മാണ പ്രവർത്തനങ്ങൾക്കായി കേരള വാട്ടർ വേയ്സ് ഇൻഫ്രാസ്ട്രക്ച്ചേഴ്സ് ലിമിറ്റഡ് ബോർഡ് എന്നൊരു സ്ഥാപനം രൂപീകരിച്ചിട്ടുണ്ട്. ബോർഡിന്റെ ആദ്യയോഗം പദ്ധതി നടത്തിപ്പിന്റെ വേഗത പരിശോധിച്ചു. പ്രത്യേക കമ്പനിയുടെ ചെയർമാൻ മുഖ്യമന്ത്രി പിണറായി വിജയനാണ്. സിയാലിനും സംസ്ഥാന സർക്കാരിനും തുല്യ ഓഹരിപങ്കാളിത്തമുളള (49 ശതമാനം വീതം) കമ്പനിയാണ് വാട്ടർ വേയ്സ് ഇൻഫ്രാസ്ട്രക്ച്ചേഴ്സ്. രണ്ടു ശതമാനം ഓഹരി മറ്റു ഏജൻസികൾക്കോ നിക്ഷേപകർക്കോ നൽകാനാണ് വ്യവസ്ഥ. പദ്ധതി പ്രവർത്തനം സമയബന്ധിതമായി പൂർത്തിയാക്കും. ഇതിനായി വിവിധ ഏജൻസികൾക്ക് പ്രവൃത്തി വിഭജിച്ചു നൽകും. വർക്കലയിൽ ടണൽ വഴി വേണം പാത കടന്നു പോകാൻ. ടണൽ നിർമ്മാണത്തിനുള്ള പദ്ധതിയും ബോർഡ് അംഗീകരിച്ചിട്ടുണ്ട്. ടണൽ നിർമ്മാണം കൊങ്കൺ റെയിൽവേയെ ഏൽപ്പിക്കാനാണ് തീരുമാനം. വർക്കല ടണലിന് 12 മീറ്റർ വീതിയും 7 മീറ്റർ ഉയരവും ഉണ്ടായിരിക്കും. കൊല്ലം-കോവളം ഭാഗത്തെ ജലപാതയുടെ വിശദമായ പദ്ധതി റിപ്പോർട്ട് ഡിസംബർ 15-നകം സമർപ്പിക്കാനാണ് നാറ്റ്പാകിനോടാവശ്യപ്പെട്ടിട്ടുള്ളത്. മാഹി-വളപ്പട്ടണം സർവ്വേ ഇതിനോടകം പൂർത്തിയാക്കിയിട്ടുണ്ട്. ഇതിന്റെ രൂപരേഖയും ഡിസംബർ അവസാനം നാറ്റ്പാക് സമർപ്പിക്കും.
പദ്ധതിയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ട്വീറ്റ്
നിലവിലുളള ജലപാതകൾ ഗതാഗത യോഗ്യമാക്കുകയും പരസ്പരം ബന്ധിപ്പിക്കാൻ പുതിയ കനാലുകൾ നിർമ്മിക്കുകയുമാണ് പദ്ധതിയുടെ രീതി. ഗതാഗതത്തിനുവേണ്ടി നിരവധി പാലങ്ങൾ പണിയേണ്ടിവരും. പദ്ധതിയുടെ ആദ്യഘട്ട ചെലവ് 2300 കോടി രൂപയാണ് കണക്കാക്കുന്നത്. നിലവിൽ ജലസേചന വകുപ്പ് ഏറ്റെടുത്ത കനാൽ ജോലികളെല്ലാം 2019-ൽ പൂർത്തിയാക്കും.
'കേരളത്തിന്റെ സ്വപ്ന പദ്ധതിയാണിത്. ജല ഗതാഗതം സാധ്യമാക്കുക മാത്രമല്ല പദ്ധതിയുടെ ലക്ഷ്യം. വിനോദ സഞ്ചാര വികസനത്തിലും അപാര സാധ്യതകളിലേക്ക് പാതയുടെ പൂർത്തീകരണം വഴി തുറക്കും' പദ്ധതി നടത്തിപ്പിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ താൽപര്യം പ്രകടമാക്കുന്നതാണ് അദ്ദേഹം ഇതേക്കുറിച്ച് നടത്തിയ പ്രഖ്യാപനം.
സ്ഥലമെടുപ്പ്, കനാൽ നിർമ്മാണം, നിലവിലുള്ള കനാലുകളുടെ നവീകരണം എന്നിവയൊക്കെ മുന്നേറ്റത്തിന് മുന്നിലെ കടമ്പകളായി ഇപ്പോഴുമുണ്ട്. ഇതെല്ലാം
ചരക്കുകൾ കുറഞ്ഞ ചെലവിൽ എത്തിക്കാൻ ജലപാത ഉപയോഗപ്പെടും. ജന പങ്കാളിത്തത്തോടെ തരണം ചെയ്യാനാകുമെന്നാണ് സർക്കാർ പ്രതീക്ഷ.
ജനസാന്ദ്രതയേറിയ മേഖലകളിലൂടെയാണ് ജലപാത കടന്നു പോകുന്നത്. പരമ്പരാഗത വ്യവസായങ്ങളായ കയർ, കശുവണ്ടി, മത്സ്യ ബന്ധനം തുടങ്ങിയവയുമായി ബന്ധപ്പെട്ടു കഴിയുന്നവരുടെ തൊഴിൽ ജീവിതത്തെ ഗുണപരമായി സ്വാധീനിക്കാനും ജല പാതക്ക് സാധിക്കും. വിദേശ സഞ്ചാരികളെ ഏറെ ആകർഷിക്കാനും പദ്ധതി വഴി സാധിക്കും. 25 കിലോമീറ്റർ ഇടവിട്ട് ബോട്ടുകൾക്ക് സ്റ്റോപ്പ് പണിയുകയാണ് ടൂറിസം പദ്ധതിയിലെ നിർദ്ദേശിക്കപ്പെട്ട പ്ലാൻ. ഇവിടങ്ങളിലെല്ലാം ടൂറിസ്റ്റുകൾക്ക് ഇടത്താവളമൊരുക്കാം. ഓരോ പ്രദേശത്തിന്റെയും സാംസ്കാരിക പരിപാടികളുടെ അവതരണത്തിന് സ്ഥിരം വേദികൾ പണിയാം- പദ്ധതി യാഥാർഥ്യമാകുന്നതോടെ സാധ്യമാക്കാവുന്ന ടൂറിസം പദ്ധതികളാണിതൊക്കെ. ബോട്ടുകളുടെ അറ്റകുറ്റ പണികളിൽ മാത്രം രണ്ട് ലക്ഷം പേർക്ക് തൊഴിൽ ലഭിക്കുമെന്നതും പദ്ധതിയെക്കുറിച്ചുള്ള സ്വപ്നങ്ങൾക്ക് കൂടുതൽ നിറം നൽകുന്നു.
വർക്കല ടണൽ
ചരിത്രത്തിന്റെ ഭാഗമായ വർക്കല ടണൽ
പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാരാണ് വർക്കലയിൽ ടണൽ പണിതത്. പതിനാല് വർഷമാണ് ടണൽ പണിയാനെടുത്ത സമയമെന്ന് ചരിത്ര രേഖ. 1867ൽ തുടങ്ങിയ ജോലി 1880ൽ പൂർത്തിയായി. ദിവാന്മാരായ ടി .മഹാദേവ റാവുവിന്റെ കാലത്ത് തുടങ്ങി ദിവാൻ ശേഷയ്യ ശാസ്ത്രികളുടെ കാലത്ത് പണി തീർന്നു. ഗതാഗത സംവിധാനത്തെക്കുറിച്ച് പൂർവ്വികർ വെച്ചു പുലർത്തിയ ഉയർന്നതും ശാസ്ത്രീയവുമായ ചിന്തയുടെ ശേഷിപ്പ്. തിരൂർ മുതൽ തിരുവനന്തപുരം വരെയുള്ള ജല യാത്ര സാധ്യമാക്കാൻ ഈ ടണലിന് കഴിഞ്ഞു.
ചരിത്രത്തിൽ സ്ഥാനപ്പെട്ട സഞ്ചാര വഴി. പിന്നെയെപ്പോഴോ കേരളം വഴിയിൽ കളഞ്ഞ ഗതാഗത മാർഗ്ഗം. കേരള വർമ്മ വലിയ കോയിതമ്പുരാൻ രചിച്ച മയൂര സന്ദേശത്തിൽ പരാമർശിക്കപ്പെട്ടതോടെ ടണലിന്റെ ചരിത്രം മലയാള സാഹിത്യ ചരിത്രത്തിന്റെയും ഭാഗമായിട്ടുണ്ട്.
പുതിയ വർക്കല ടണൽ പണിയാൻ പോകുന്നത് കൊങ്കൺ റെയിൽവേയാണ്. നിരവധി ടണലുകൾ പണിത മുൻ പരിചയം ഈ ജോലി അവരെ ഏൽപ്പിക്കാൻ കാരണമായി.