ന്യൂദല്‍ഹി- രാജ്യത്തെ ജനാധിപത്യത്തിനായുള്ള പ്രധാന പോരാട്ടങ്ങളിലൊന്ന് ബംഗാളില്‍ നടക്കുമെന്ന് തെരഞ്ഞെടുപ്പു തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. മാര്‍ച്ച് 27 ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ പരാമര്‍ശിച്ചാണ് പ്രശാന്ത് കിഷോറിന്റെ പരാമര്‍ശം.
'ഇന്ത്യയിലെ ജനാധിപത്യത്തിനായുള്ള പ്രധാന പോരാട്ടം ബംഗാളില്‍ നടക്കും. ബംഗാളിലെ ജനങ്ങള്‍ അവരുടെ സന്ദേശവുമായി തയാറാകുകയും ശരിയായ കാര്‍ഡ് കാണിക്കാന്‍ ദൃഢനിശ്ചയം ചെയ്യുകയും ചെയ്യുന്നു. ബംഗാളിന് സ്വന്തം മകളെ മാത്രമേ ആവശ്യമുള്ളൂ. മേയ് രണ്ടിന് എന്റെ അവസാന ട്വീറ്റിനായി കാത്തിരിക്കുക'– -അദ്ദേഹം ട്വീറ്റ് ചെയ്തു.
2019 ലെ പൊതുതെരഞ്ഞെടുപ്പ് പ്രകടനത്തിലൂടെ സംസ്ഥാനത്ത് ആഴത്തില്‍ വേരുറപ്പിച്ച ബി.ജെ.പിയെ നേരിടാനായി തൃണമൂല്‍ കോണ്ഗ്രസിനായുള്ള തന്ത്രം ആവിഷ്കരിക്കുന്നത് പ്രശാന്ത് കിഷോറിന്റെ ഐ–പാക് (ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി) ആണ്. ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 29 വരെ എട്ട് ഘട്ടങ്ങളിലായി നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇത് സംസ്ഥാനത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ തെരഞ്ഞെടുപ്പാണ്. ഫലം മേയ് 2 ന് പ്രഖ്യാപിക്കും.