സാറ്റ്‌ന(മധ്യപ്രദേശ്)-മുപ്പത്തിരണ്ടുകാരന്റെ വയറിൽനിന്ന് കണ്ടെത്തിയ വസ്തുക്കൾ കണ്ടാൽ ഞെട്ടും. അഞ്ചു കിലോ വരുന്ന ലോഹ വസ്തുക്കളാണ് മുഹമ്മദ് മഖ്‌സൂദ് എന്ന യുവാവിന്റെ വയറിൽനിന്ന് അപൂർവ്വ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. 263 നാണയങ്ങൾ, ഷേവിംഗ് ബ്ലേഡുകൾ തുടങ്ങിയവയാണ് കണ്ടെത്തിയത്. സാറ്റ്‌ന ജില്ലയിലെ സഞ്ജയ് ഗാന്ധി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. ഡോ. പ്രിയങ്ക് ശർമ്മയായിരുന്നു ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്. വയറുവേദനയെ തുടർന്നാണ് ഇയാൾ ആശുപത്രിയിൽ എത്തിയത്. എക്‌സറേയിൽ തന്നെ വയറിനകത്ത് അസ്വാഭാവിക വസ്തുക്കളുടെ സാന്നിധ്യം ദൃശ്യമായിരുന്നു. തുടർന്ന് നടത്തിയ ശസ്ത്രക്രിയയിലാണ് ഇത്രയും അധികം ലോഹ വസ്തുക്കൾ കണ്ടെത്തിയത്. 263 നാണയങ്ങൾക്ക് പുറമെ, പന്ത്രണ്ടോളം ഷേവിംഗ് ബ്ലേഡുകൾ, ഗ്ലാസ് കഷ്ണങ്ങൾ, വലിയ ആണികൾ, ഒരു ചെയിൻ എന്നിവയും കണ്ടെടുത്തു. അഞ്ചു കിലോയോളം തൂക്കമുള്ള വസ്തുക്കളാണ് ഇങ്ങിനെ കണ്ടെത്തിയത്. രോഗിക്ക് നേരിയ മാനസികാസ്വാസ്ഥ്യമുണ്ടെന്ന് ഡോക്ടർ പറഞ്ഞു. സർജറിക്ക് ശേഷം ഇയാൾ സാധാരണ നിലയിലാണെന്നും നിരീക്ഷണത്തിലാണെന്നും ഡോക്ടർ പറഞ്ഞു.