ന്യൂദല്‍ഹി-ഹാദിയയെ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നു മണിക്ക് സുപ്രീം കോടതിയില്‍ ഹാജരാക്കും. ശനിയാഴ്ച വൈകിട്ടു ദല്‍ഹിയിലെത്തിയ ഹാദിയ കനത്ത സുരക്ഷാ സന്നാഹങ്ങളോടെ കേരള ഹൗസിലാണ് കഴിയുന്നത്. കേസില്‍ ഹാദിയയുടെ മൊഴി കണക്കിലെടുക്കരുതെന്ന് എന്‍.ഐ.എ ആവശ്യപ്പെടുമെന്നാണ് സൂചന.
ഹേബിയസ് കോര്‍പസ് ഹരജിയില്‍ വിവാഹം റദ്ദാക്കാന്‍ കഴിയുമോയെന്ന നിയമപരമായ ചോദ്യത്തിന് ഉത്തരം കാണാനാകും സുപ്രീം കോടതി ശ്രമിക്കുക. അതിന് മുമ്പായി, മതം മാറ്റവും വിവാഹവും സ്വന്തം ഇഷ്ടപ്രകാരമാണോയെന്ന് ഹാദിയയോട് കോടതി ചോദിച്ചറിയും. ഇതിനിടെ, സംഭവം അന്വേഷിക്കുന്ന എന്‍.ഐ.എയുടെ റിപ്പോര്‍ട്ടുകളും സുപ്രീം കോടതി പരിശോധിക്കും. എന്‍.ഐ.എയുടെയും ഹാദിയയുടെ പിതാവ് അശോകന്റെയും ഭാഗം കേട്ട ശേഷമേ കേസില്‍ തീരുമാനമെടുക്കൂവെന്ന് ചീഫ് ജസ്റ്റിസ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
മതപരിവര്‍ത്തനം ഉള്‍പ്പെടെയുള്ള വിഷയങ്ങളും മറ്റും അടിച്ചേല്‍പിക്കപ്പെട്ടതാണ്. ആ നിലയ്ക്ക് ഹാദിയയുടെ വിവാഹത്തിനുള്ള സമ്മതം പരിഗണിക്കരുതെന്നാണ് എന്‍.ഐ.എ നിലപാട്. സുപ്രീം കോടതിയില്‍ എന്‍.ഐ.എ മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ഇതേ കാര്യങ്ങള്‍ തന്നെയാണെന്നാണ് സൂചന. നാലു ഭാഗങ്ങളുള്ള റിപ്പോര്‍ട്ടാണ് എന്‍.ഐ.എ സമര്‍പ്പിച്ചതെന്നറിയുന്നു. ഇതില്‍ ഹാദിയയുടെയും ബന്ധുക്കളുടെയും മൊഴിയും ഉള്‍പ്പെടും. കൂടാതെ ഷെഫിന്‍ ജഹാന്‍, സത്യസരണി ഭാരവാഹികള്‍ തുടങ്ങിയവരുടെ മൊഴിയുമുണ്ടാകും.
ദല്‍ഹിയിലെത്തിയ ഷെഫിന്‍ ജഹാന്‍ തന്റെ അഭിഭാഷകനൊപ്പം മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലിനെ സന്ദര്‍ശിച്ചു. ഹാദിയയുമായുള്ള വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരേയാണ് ഷെഫിന്‍ ജഹാന്‍ സുപ്രീം കോടതിയെ സമീപിച്ചത്. സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹമെന്ന് എന്‍.ഐ.എക്കു നല്‍കിയ മൊഴിയിലും മാധ്യമങ്ങളോടു സംസാരിച്ചപ്പോഴും ഹാദിയ വ്യക്തമാക്കിയിരുന്നു.
അച്ഛന്‍ അശോകന്റെയും എന്‍.ഐ.എയുടെയും എതിര്‍പ്പ് തള്ളിക്കൊണ്ട് തുറന്ന കോടതിയില്‍ ഹാദിയയെ കേള്‍ക്കുമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നത്. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി അടച്ചിട്ട മുറിയില്‍ തന്നെ ഹാദിയയെ കേള്‍ക്കണമെന്ന അശോകന്റെ ഹരജി നേരത്തെ പരിഗണിക്കാനും കോടതി വിസമ്മതിച്ചിരുന്നു. ഈ ഹരജിയും ഇന്നു സുപ്രീം കോടതി പരിഗണിക്കും.
ഐ.എസ് ബന്ധം ആയുധമാക്കി എന്‍.ഐ.എ; ഹാദിയ കേസ് ലോകവും ഉറ്റുനോക്കുന്നു
സൗദിയിൽ മൂന്നു മാസത്തിനിടെ ഒരു ലക്ഷത്തിലേറെ വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെട്ടു
ഹിന്ദുമതം ശക്തിപ്പെടുത്താന്‍ നാല് കുട്ടികള്‍ക്ക് ജന്മം നല്‍കണം