ബംഗളൂരു- രാജ്യത്ത് എക സിവില്‍ കോഡ് നടപ്പിലാക്കുന്നതുവരെ ഹിന്ദുക്കള്‍ ഏറ്റവും ചുരുങ്ങിയത് നാല് കുട്ടിുകള്‍ക്ക് ജന്മം നല്‍കണമെന്ന് പൂനെ ഗീതാ പരിവാറില്‍നിന്നുള്ള സ്വാമി ഗോവിന്ദദേവ് ഗരി മഹരാജ് ആഹ്വാനം ചെയ്തു. ഉഡുപ്പിയില്‍ വിശ്വഹിന്ദു പരിഷത്തിന്റെ (വി.എച്ച്.പി) ധര്‍മ സന്‍സദില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദുമതം ശക്തിപ്പെടുത്താനും ജനസംഖ്യാ അസുന്തലിതത്വം ഇല്ലാതാക്കാനുമാണ് ഈ നിര്‍ദേശമെന്ന് അദ്ദേഹം പറഞ്ഞു.
രണ്ട് കുട്ടികള്‍ മതിയെന്ന് ഹിന്ദുക്കള്‍ തീരുമാനിച്ചതോടെ ജനസംഖ്യാപരമായ അസന്തുലിതാവസ്ഥയാണ് നിലനില്‍ക്കുന്നത്. ഹിന്ദു ജനസംഖ്യ കുറഞ്ഞ ഭൂപ്രദേശങ്ങള്‍ ഇന്ത്യക്ക് നഷ്ടമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ധര്‍മ സന്‍സദിന്റെ രണ്ടാം ദിവസവും അയോധ്യയില്‍ തര്‍ക്കസ്ഥലത്ത് നിര്‍മിക്കുന്ന രാമക്ഷേത്രം തന്നെയായിരുന്നു മുഖ്യ വിഷയമെങ്കിലും വിശ്വാസത്തിന്റേയും സമൂഹത്തിന്റേയും കാര്യങ്ങളും ചര്‍ച്ച ചെയ്തു.
ഹിന്ദു സമൂഹത്തില്‍ എല്ലാവരേയും ഉള്‍ക്കൊള്ളുന്നതിന് ബുദ്ധ, ഗുരു നാനാക്ക്, മഹാവീര്‍ ജയന്തികള്‍ വിപുലമായി ആഘോഷിക്കണമെന്ന് ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന പ്രത്യേക സെഷനില്‍ നിര്‍ദേശമുയര്‍ന്നു.
ഹിന്ദുമതത്തില്‍ ജാതിവിവേചനമില്ലെന്ന് ഹിന്ദു നേതാക്കള്‍ പ്രചരിപ്പിക്കണം. ക്ഷേത്രങ്ങളിലും ശ്മശാനങ്ങളിലും എല്ലാവര്‍ക്കും പ്രവേശനം അനുവദിക്കണം- ഹിന്ദു സന്യാസി സഭയുടെ നേതാവ് കൂടിയായ സ്വാമി ഗോവിന്ദ് ദേവ് ഗിരി പറഞ്ഞു.
സാമൂഹിക ബന്ധങ്ങള്‍ ശക്തമാക്കുന്നതിന് എല്ലാ ജാതികളിലേയും ഹിന്ദുക്കളുടെ ആശയവിനിമയം പ്രോത്സാഹിപ്പിക്കണമെന്നും ഹിന്ദു നേതാക്കള്‍ ആഹ്വാനം ചെയ്തു.