ഹൂഗ്ലി - പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത റാലിയിൽ ഉയർന്ന 'ജയ് ശ്രീരാം' വിളികളുടെ അലകൾക്കു മീതെ 'ജയ് ബംഗ്ലാ, ഹിന്ദു-മുസ്ലിം ഐക്യം' എന്ന മുദ്രാവാക്യമുയർത്തുകയാണ് തൃണമൂൽ കോൺഗ്രസ്സ്. കഴിഞ്ഞദിവസം നടന്ന തൃണമൂൽ റാലികളിൽ ഉയർന്നുകേട്ടത് ഈ മുദ്രാവാക്യങ്ങളായിരുന്നു.
ഹൂഗ്ലിയിൽ കഴിഞ്ഞദിവസങ്ങളിൽ പറന്നിരുന്ന കാവിക്കൊടികൾക്കു പകരമായി ത്രിവർണപതാകകൾ പറന്നു ഇന്നലെ. 'ദീദി സോബാർ ജോന്നോ കാജ് കൊറെ, ഹിന്ദു, മുസൽമാൻ ദേഖേ ന' (ദീദി എല്ലാവർക്കും വേണ്ടി പ്രവർത്തിക്കുന്നു, ഹിന്ദുവെന്നോ മുസൽമാനെന്നോ വിവേചനമില്ല) എന്ന മുദ്രാവാക്യം ഉയർന്നു.
പെട്രോൾ വില കുതിച്ചുയരുന്നതാണ് മമതാ ബനർജി തന്റെ പ്രസംഗത്തിൽ ഒരു പ്രധാന വിഷയമാക്കിയത്. ഇന്ന് ഇലക്ട്രിക് സ്കൂട്ടറിൽ സഞ്ചരിച്ച് പ്രതിഷേധിക്കുകയും ചെയ്തിട്ടുണ്ട് പശ്ചിമബംഗാൾ മുഖ്യമന്ത്രി.
പെട്രോൾ വില രാജ്യത്ത് നൂറ് രൂപ കടന്നു കഴിഞ്ഞു. സാധാരണക്കാരുടെ മേൽ മോദി സർക്കാൻ വലിയ ഭാരങ്ങൾ ചുമത്തുകയാണെന്ന് അവർ ചൂണ്ടിക്കാട്ടി.
അതെസമയം വരുന്ന അസംബ്ലി തെരഞ്ഞെടുപ്പ് തൃണമൂലും ബിജെപിയും തമ്മിലുള്ള ഒരു വലിയ കൊമ്പു കോർക്കലാകുമെന്ന് ഇതിനകം തന്നെ വ്യക്തമായിട്ടുണ്ട്. ബംഗാളിലേക്ക് 125 കമ്പനി പട്ടാളത്തെയാണ് കേന്ദ്ര സർക്കാർ അയയ്ക്കുന്നത്. ബിജെപി തെരഞ്ഞെടുപ്പിനെ തെരഞ്ഞെടുപ്പായല്ല, യുദ്ധമായാണ് കണക്കാക്കുന്നതെന്ന് തൃണമൂൽ കോൺഗ്രസ് ആരോപണമുന്നയിക്കുന്നുണ്ട്.
60 കമ്പനി സിആർപിഎഫ്, 30 കമ്പനി സശസ്ത്ര സീമ ബൽ, 25 കമ്പനി ബിഎസ്എഫ്, 5 കമ്പനി സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്, 5 കമ്പനി ഇന്തോ തിബറ്റൻ ബോർഡർ ഫോഴ്സ് എന്നിങ്ങനെയാണ് സൈന്യത്തിന്റെ പശ്ചിമബംഗാളിലേക്കുള്ള വരവ്.
നിരവധി പ്രദേശങ്ങളിൽ സൈന്യവും പൊലീസും ചേർന്ന് റൂട്ട് മാർച്ച് നടത്തി. ബംഗാളിൽ ജനങ്ങളുടെ പിന്തുണയില്ലെന്ന് അറിയാവുന്ന ബിജെപി യുദ്ധടാങ്കുകൾ വരെ അയച്ചേക്കുമെന്ന് തൃണമൂൽ പറയുന്നു.