മൈസുരു- ഭാര്യയ്ക്ക് മകൾക്കും ഒപ്പം ബൈക്കിൽ പോകവേ ചാടിവീണു ആക്രമിച്ച പുള്ളിപ്പുലിയുടെ കഥ കഴിച്ചു ഗൃഹനാഥൻ. കർണാടകയിലെ ഹാസൻ അരസിക്കെരെയിൽ ബൈക്കിൽ പോകുകയായിരുന്ന രാജഗോപാൽ നായിക്കിനും കുടുംബത്തിനു നേർക്കും പൊന്തക്കാട്ടിൽ നിന്നു പുലി ചാടിവീഴുകയായിരുന്നു. മകൾ കിരണിനെ ആക്രമിക്കുന്നതു കണ്ടതോടെ നായിക്ക് പുലിയുടെ കഴുത്തിൽ പിടിമുറുക്കി. പുലി തനിക്കു നേരെ തിരിഞ്ഞിട്ടും മുഖത്തു മുറിവേറ്റു രക്തം വാർന്നൊഴുകിയിട്ടും പിടിവിട്ടില്ല. ഒടുവിൽ പുലി ശ്വാസം മുട്ടി ചത്തുവീണു. രാജഗോപാലിന്റെ ഭാര്യ ചന്ദ്രമ്മ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. പുലി ചത്തുകിടക്കുന്നതിന്റെയും നാട്ടുകാർ ഓടിക്കൂടുന്നതിന്റെയുമെല്ലാം ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. പുലിയെ നാട്ടുകാരും പിന്നീട് കൈവച്ചതായാണ് റിപ്പോർട്ട്. അതിനാൽ പുലിയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും തുടർനടപടികൾ. കഴിഞ്ഞ ദിവസമാണ് മൈസൂരുവിൽ പുള്ളിപ്പുലിയുടെ അപ്രതീക്ഷിത ആക്രമണത്തിൽ നിന്നും പന്ത്രണ്ടുകാരൻ രക്ഷപ്പെട്ട വാർത്ത വന്നത്. മൈസൂരു സ്വദേശിയായ നന്ദൻ കുമാർ എന്ന കുട്ടിയാണ് പുള്ളിപ്പുലിയുടെ ആക്രമണത്തെ പ്രതിരോധിച്ചത്. പുലിയുടെ കണ്ണിൽ വിരൽ കുത്തിയിറക്കി ആയിരുന്നു നന്ദന്റെ പ്രത്യാക്രമണം. ഇതോടെ പുള്ളിപ്പുലി കാട്ടിലേക്ക് ഓടിമറയുകയായിരുന്നു. കഴുത്തിലും തോളിലും കടിയേറ്റ നന്ദു നിലവിൽ മൈസൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ട് വരികയാണെന്നാണ് അധികൃതർ അറിയിച്ചത്.