സാവോപോളോ- ജനിച്ചപ്പോള്‍ മുതല്‍ അവര്‍ ഒരുമിച്ചായിരുന്നു. ഇപ്പോള്‍, സ്വത്വം തേടിയുള്ള യാത്ര പൂര്‍ത്തീകരിച്ച വേളയിലും ട്രാന്‍സ് സഹോദരിമാരായ മായ്‌ലയും സോഫിയയും ഒന്നിച്ചാണ്. ബ്രസീലിലെ ടാപിര സ്വദേശികളാണ് ഇരുവരും. ആണായി ജനിച്ച്, പിന്നീട് ഒന്നിച്ച് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ലോകത്തിലെ ആദ്യത്തെ ഇരട്ടകളാണ് 19കാരായ ഇരുവരും.
ഞാന്‍ എന്റെ ശരീരത്തെ എപ്പോഴും സ്‌നേഹിച്ചിരുന്നെങ്കിലും എന്റെ ജനനേന്ദ്രിയത്തെ ഇഷ്ടപ്പെട്ടിരുന്നില്ല മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ മായ്‌ല പറയുന്നു. മൂന്നാം വയസ്സ് മുതല്‍ പെണ്‍കുട്ടിയാകണമെന്ന് ആഗ്രഹിച്ചിരുന്നു. അതിനായി ദൈവത്തോട് പ്രാര്‍ത്ഥിച്ചിരുന്നു. സമാന അനുഭവം തന്നെയായിരുന്നു തനിക്കെന്ന് എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥിനിയായ സോഫിയയും പറയുന്നു. തങ്ങളെ മാനസികമായും ശാരീരികമായുമൊക്കെ നിരവധി പേര്‍ ഉപദ്രവിച്ചിരുന്നു എന്നും അപ്പോഴെല്ലാം പരസ്പരം താങ്ങായി നിലനില്‍ക്കുകയായിരുന്നുവെന്നും ഇരുവരും പറയുന്നു.ലോകത്തിലെ തന്നെ ഏറ്റവും ട്രാന്‍സ്‌ഫോബിക് ആയ രാജ്യത്താണ് തങ്ങള്‍ ജീവിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം 175ഓളം ട്രാന്‍സ് വ്യക്തികളാണ് ബ്രസീലില്‍ മരിച്ചത്. എന്നാല്‍ മാതാപിതാക്കളുടെ പിന്തുണ ഞങ്ങളെ കരുത്തരാക്കി. ആളുകള്‍ ഞങ്ങളെ ഉപദ്രവിക്കുമോ എന്നതായിരുന്നു അവരുടെ ഭയം. സര്‍ജറിക്കുള്ള പണം നല്‍കിയത് മുത്തച്ഛനായിരുന്നുവെന്നും മായ്‌ലയും സോഫിയയും പറയുന്നു.
മക്കള്‍ ട്രാന്‍സ് വ്യക്തികളായി മാറിയതില്‍ ആശ്വാസമുണ്ടെന്ന് ഇരുവരുടേയും അമ്മ മാരാ ലൂസിയാ ഡാ സില്‍വ പറയുന്നു. അവര്‍ എനിയ്ക്ക് എന്നും പെണ്‍കുട്ടികളായിരുന്നു.