ലിവര്‍പൂള്‍- സൂപ്പര്‍മാര്‍ക്കറ്റിന്റെ കാര്‍ പാര്‍ക്കില്‍ യുവതിക്കു സുഖ പ്രസവം. എന്നാല്‍ താന്‍ ഗര്‍ഭിണിയാണെന്ന് യുവതി അറിഞ്ഞിരുന്നില്ലെന്നാണ് വാര്‍ത്തകള്‍. അപ്പെന്‍ഡിസൈറ്റിസ് ആണെന്ന് കരുതിയതത്രെ. പ്രസവവാര്‍ത്ത സൂപ്പര്‍ മാര്‍ക്കറ്റ് ചെയ്‌നായ അസ്ദ തന്നെയാണ് ഫേസ്ബുക്കില്‍ പങ്കുവച്ചത്. 'ഡെലിത്ത് ജോണ്‍സ് ഡീന്‍ സ്റ്റാവ്മാന്‍ എന്നിവരുടെ കുഞ്ഞ് ഹാരി ഞങ്ങളുടെ വെല്‍ഹേലി സ്‌റ്റോറിന്റെ കാര്‍ പാര്‍ക്കില്‍ പിറന്നുവീണു.' അസ്ഡ ഫേസ്ബുക്കില്‍ കുറിച്ചു. കടയില്‍ ജോലി ചെയ്യുന്ന 26കാരനായ ഡീന്‍ തന്റെ ഷിഫ്റ്റ് പൂര്‍ത്തിയാക്കുകയായിരുന്നു. ഹോം കെയറായ ഭാര്യ ഡെലിത്ത് ഗര്‍ഭിണിയാണെന്ന് അറിയില്ലായിരുന്നു. പ്രസവ വേദന ആരംഭിച്ചപ്പോള്‍ ഇത് അപ്പെന്‍ഡിസൈറ്റിസ് ആണെന്ന് അവര്‍ കരുതി. അമ്മ ആന്‍ഡ്രിയയും സഹോദരി കേറ്റും അസ്ദ വെല്‍ഹേലിയില്‍ ജോലി ചെയ്യുന്നുന്നവരാണ്. ആംബുലന്‍സ് എത്തിയ ശേഷമാണ് ഡെലിത്തിനു പ്രസവവേദന ആരംഭിച്ചെന്ന് അവര്‍ അറിയുന്നത്. 30 മൈല്‍ അകലെയുള്ള ബാംഗൂരിലെ പ്രസവാശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും സ്‌റ്റോറിന്റെ കാര്‍ പാര്‍ക്കില്‍ വച്ചു തന്നെ പ്രസവം നടന്നു. 'എനിക്ക് മുമ്പ് ഇതുപോലൊരു വേദന ഉണ്ടായിരുന്നു, അതിനാല്‍ ഇത് സമാനമായ ഒന്നാണെന്ന് കരുതി. എന്റെ മമ്മിയേയും സഹോദരിയേയും ഫോണില്‍ വിളിച്ചപ്പോള്‍ അവര്‍ സഹായത്തിനെത്തി' ഡെലിത്ത് പറഞ്ഞു. സ്‌റ്റോറിന്റെ കസ്റ്റമര്‍ സര്‍വീസ് ഡെസ്‌കില്‍ ജോലി ചെയ്യുന്ന കേറ്റ് പറഞ്ഞു:'അവള്‍ക്ക് വേദന തോന്നി തുടങ്ങിയപ്പോള്‍ ഞങ്ങള്‍ സഹായത്തിനായി ഓടിയെത്തി. ഇത് അപ്പെന്‍ഡിസൈറ്റിസ് ആണെന്ന് ഞങ്ങള്‍ കരുതി. ഒരു ഘട്ടത്തില്‍ അവള്‍ പറഞ്ഞു; 'എനിക്ക് ഒരു കുഞ്ഞ് ജനിക്കുന്നുവെന്ന് ഞാന്‍ കരുതുന്നു.' ഞങ്ങള്‍ ചിരിച്ചു. എന്നാല്‍ അവള്‍ പറഞ്ഞത് ശരിയാണെന്ന് തോന്നിയപ്പോള്‍ ഞെട്ടിപ്പോയി! അവള്‍ ഗര്‍ഭിണിയാണെന്ന് അവള്‍ക്ക് അറിയില്ലായിരുന്നു. കുഞ്ഞിന്റെ ചലനം അവള്‍ക്ക് അനുഭവപ്പെട്ടില്ല. ഡെലിത്തിനേയും ഹാരിയേയും പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് പിന്നീട് കൊണ്ടുപോയെങ്കിലും 24 മണിക്കൂറിനുള്ളില്‍ വീട്ടിലെത്തി. ഏഴു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഡെലിത്തിന്റെയും ഡീനിന്റെയും വിവാഹം കഴിഞ്ഞത്. ഹാരിയുടെ അപ്രതീക്ഷിത ജനനം ഞെട്ടലുണ്ടാക്കിയെങ്കിലും പുതിയ അതിഥിയുടെ വരവില്‍ വളരെ സന്തോഷത്തിലാണ് കുടുംബം.