Sorry, you need to enable JavaScript to visit this website.

സണ്ണി ലിയോണി വിദേശത്ത് പോകുന്നത് തടയാനാവില്ല-ഹൈക്കോടതി 

കൊച്ചി- ബോളിവുഡ് നടി സണ്ണി ലിയോണിന്റെ വിദേശയാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ഉത്തരവ് നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. സാമ്പത്തിക തട്ടിപ്പുകേസില്‍ നടിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ജസ്റ്റിസ് അശോക് മേനോന്റെ ഉത്തരവ്. കോടതിയുടെ അനുമതിയില്ലാതെയുള്ള വിദേശയാത്ര അനുവദിക്കരുതെന്നായിരുന്നു ഹര്‍ജിക്കാരനായ ഷിയാസ് കുഞ്ഞുമുഹമ്മദിന്റെ ആവശ്യം. അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും തുടര്‍ന്നും സഹകരിക്കുമെന്നും നടി അറിയിച്ചു. കേരളത്തില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാമെന്നേറ്റ് പണം വാങ്ങി വഞ്ചിച്ചെന്നാരോപിച്ച് പരിപാടിയുടെ കോ ഓര്‍ഡിനേറ്റര്‍ പെരുമ്പാവൂര്‍ വെങ്ങോല സ്വദേശി ഷിയാസ് ക്രൈംബ്രാഞ്ചിന് നല്‍കിയ പരാതിയില്‍ കേസെടുത്തതിനെ തുടര്‍ന്നാണ് സണ്ണി ലിയോണ്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസ് രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും. സാമ്പത്തിക തട്ടിപ്പുകേസില്‍ ബോളിവുഡ് നടി സണ്ണി ലിയോണിനെ ഒന്നാം പ്രതിയാക്കിയാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. സണ്ണിയുടെ ഭര്‍ത്താവ് ഡാനിയല്‍ വെബര്‍ രണ്ടാം പ്രതിയും മാനേജര്‍ സുനില്‍ രജനി മൂന്നാം പ്രതിയുമാണ്. വിശ്വാസ വഞ്ചന, ചതി, പണം തട്ടിയെടുക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Latest News