ചലച്ചിത്ര പ്രവര്‍ത്തകര്‍ ഇന്ന് 15 മിനിറ്റ് ജോലി നിര്‍ത്തിവെച്ച് പ്രതിഷേധിക്കുന്നു
മുംബൈ- രജപുത്ര സംഘടനകളുടേയും സംഘ്പരിവാര്‍ നോതാക്കളുടേയും ഭീഷണിയെ തുടര്‍ന്ന് വിവാദത്തിലായ പത്മാവതിക്കും സംവിധായകന്‍ സഞ്ജയ് ബന്‍സാലിക്കും പിന്തുണയുമായി സിനിമാ ലോകം.
സിനിമക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമെതിരെ നടക്കുന്ന നീക്കങ്ങളില്‍ പ്രതിഷേധിച്ച് 15 മിനിറ്റു നേരം ചലച്ചിത്രനിര്‍മാണ ജോലികളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ ചലിച്ചത്ര പ്രവര്‍ത്തകര്‍ തീരുമാനിച്ചു.
ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരെ നടത്തുന്ന കടന്നുകയറ്റങ്ങളെ പ്രതിരോധിക്കുകയാണ് പ്രതിഷേധത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് ചലച്ചിത്ര പ്രവര്‍ത്തകര്‍ വ്യക്തമാക്കി.
ഞാറാഴ്ച വൈകുന്നേരം 3.30ന് നടക്കുന്ന പ്രതിഷേധ പരിപാടിയ്ക്ക് ഞാന്‍ യഥാര്‍ത്ഥത്തില്‍ സ്വതന്ത്ര്യനാണോ എന്നാണ് പേരിട്ടിരിക്കുന്നത്. രാജ്യവ്യാപകമായി നടത്തുന്ന പരിപാടിയില്‍ സിനിമാ മേഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന എല്ലാവരും പങ്കെടുക്കും.
പത്മാവതി സിനിമ രജപുത്രരുടെ അഭിമാനത്തെ വ്രണപ്പെടുത്തുന്നുവെന്നും ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്നും ആരോപിച്ച് രജപുത്ര സംഘടനകളും ബി.ജെ.പി നേതാക്കളും ചില സംസ്ഥാനങ്ങളും സിനിമക്ക് എതിരാണ്.
സംവിധായകന്‍ ബന്‍സാലിയുടേയും നായിക ദീപിക പഥുക്കോണിന്റേയും തലയെടുക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച നടപടിയെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഇന്നലെ സിനിമയുടെ പേരെടുത്ത്് പറയാതെ അപലപിച്ചിരുന്നു.