കൊച്ചി- രാജ്യാന്തര ചലച്ചിത്രമേളയുടെ കൊച്ചി പതിപ്പിന് ഇന്ന് തിരശീല വീഴും. കൊച്ചിയിൽ കാഴ്ചയുടെ ഉത്സവം തീർത്ത മേള അടുത്ത വട്ടവും ആവർത്തിക്കണമെന്ന ആവശ്യമാണ് ആസ്വാദകർക്ക് ഉള്ളത്. മേളയിലെ ജനപങ്കാളിത്തം വരും ദിവസങ്ങളിൽ മറ്റു സിനിമകൾക്കും ഉണ്ടാകുമെന്ന് തിയറ്ററുടമകൾ പ്രതീക്ഷിക്കുന്നു. 21 വർഷങ്ങൾക്കുശേഷം അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് കൊച്ചിയിൽ വേദിയൊരുങ്ങാൻ കാരണമായതും മഹാമാരി തന്നെ. കടന്ന് പോയ നാല് ദിവസങ്ങൾ കേരളത്തിലെ സിനിമാസ്വാദകരുടെ താവളമായി നഗരം. അവസാന ദിവസവും 24 ചിത്രങ്ങൾ പ്രദർശനത്തിനെത്തും. മത്സരവിഭാഗത്തിൽ മലയാളത്തിൽ നിന്നും ജയരാജിന്റെ ഹാസ്യത്തിന്റെ രണ്ടാം പ്രദർശനവും ഇന്നുണ്ട്. ചുരുളിയും ബിരിയാണിയും ഹാസ്യവും ഒക്കെ മലയാളത്തിൽ നിന്ന് മികച്ച പ്രതികരണം നേടിയെങ്കിലും മേളയിൽ എണ്ണത്തിനൊപ്പം സിനിമകളുടെ നിലവാരവും കുറഞ്ഞെന്ന പരാതിയുണ്ട്.