ശ്രീനഗർ- കശ്മീരിൽ കഴിഞ്ഞദിവസം വൈകിട്ട് മുതൽ കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി. വെടിയേറ്റ് കൊല്ലപ്പെട്ട നിലയിലാണ് മൃതദേഹം. ദക്ഷിണ കശ്മീരിലെ സോഫിയാൻ മേഖലയിലാണ് ഇർഫാൻ അഹമ്മദ് എന്ന സൈനികന്റെ മൃതദേഹം കണ്ടെത്തിയത്. തീവ്രവാദികളാണ് കൊലക്ക് പിന്നിലെന്നാണ് നിഗമനം. 23-കാരനായ ഇർഫാന്റെ കൊലപാതകികൾക്ക് വേണ്ടിയുള്ള തെച്ചിൽ തുടങ്ങിയതായി സൈന്യം അറിയിച്ചു. ഇന്നലെ വൈകിട്ട് സ്വന്തം കാറിലാണ് ഇർഫാൻ വീട്ടിലേക്ക് മടങ്ങിയത്. രാവിലെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ കശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇത്തരം ഹീനമായ പ്രവർത്തികൾ മേഖലയിൽ സമാധാനവും ശാന്തിയും കൊണ്ടുവരില്ലെന്ന് അവർ പ്രതികരിച്ചു. ദക്ഷിണ കശ്മീരിൽ സന്ദർശനം നടത്തുകയാണ് മെഹബൂബ മുഫ്തി.