കൊച്ചി- അരവിന്ദന്റെ സിനിമകള്‍ രാഷ്ട്രീയ സിനിമകള്‍ ആയിരുന്നില്ലെന്നും അതേസമയം, അദ്ദേഹത്തിന്റെ എല്ലാ സിനിമകളിലും വ്യക്തമായ രാഷ്ട്രീയമുണ്ടായിരുന്നുവെന്നും പ്രമുഖ ഇന്തോ-അമേരിക്കന്‍ ചലച്ചിത്ര സംവിധായിക മീര നായര്‍. ചലച്ചിത്രമേളയോടനുബന്ധിച്ച് സംഗീത തിയേറ്ററില്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ അരവിന്ദന്‍ അനുസ്മരണത്തില്‍ അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാ പോളുമായി സംസാരിക്കുകയായിരുന്നു അവര്‍.
അരവിന്ദന്റെ ചിത്രങ്ങളിലെല്ലാം കൃത്യമായ ഒരു വ്യൂ പോയിന്റ് ഉണ്ടായിരുന്നു. അത് തന്നെ വളരെധികം സ്വാധീനിച്ചിട്ടുണ്ട്. അരവിന്ദന്റെ തമ്പ്, ഒരിടത്ത് തുടങ്ങിയ സിനിമകള്‍ തന്റെ ചിത്രമായ സലാം ബോംബെയുമായി ആശയപരമായി വളരെ അടുത്തു നില്‍ക്കുന്നതായി അനുഭവപ്പെട്ടുവെന്നും മീരാ നായര്‍ പറഞ്ഞു.
ഇന്ത്യ സ്വതന്ത്രമായത് എന്ത് ആശയവും ലക്ഷ്യവും മുന്നില്‍ കണ്ടാണോ അത് ഇന്നത്തെ കാലത്ത് നഷ്ടപ്പെട്ടെന്നും പറഞ്ഞ അവര്‍ തന്റെ പുതിയ ചിത്രമായ 'സ്യൂട്ടബിള്‍ ബോയ്' പുതിയ തലമുറക്ക് നഷ്ടമായ ആ ദിശാബോധം മനസ്സിലാക്കിക്കൊടുക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.