കൊല്‍ക്കത്ത- തൃണമൂല്‍ കോണ്‍ഗ്രസ് എം.പി അഭിഷേക് ബാനര്‍ജി നല്കിയ മാനനഷ്ടക്കേസില്‍ ഈ മാസം22 ന് ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ടോ അഭിഭാഷകന് മുഖേനയോ ഹാജരാകണം.
പശ്ചിമ ബംഗാളിലെ എംപി / എംഎല്‍എ കോടതിയാണ് സമന്‍സ് അയച്ചത്.
അന്ന് രാവിലെ പത്തിന് അമിത് ഷായോ അഭിഭാഷകനോ ഹാജരാകണമെന്നാണ് ബിദന്നഗറിലെ പ്രത്യേക കോടതി ജഡ്ജി നിര്‍ദേശിച്ചത്.
ഇന്ത്യന്‍ പീനല്‍ കോഡിലെ (ഐ.പി.സി) 500ാം വകുപ്പ് പ്രകാരമുള്ള മാനനഷ്ടക്കേസിന് മറുപടി നല്കാന് ഷായുടെ സാന്നിധ്യം വ്യക്തിപരമായോ അഭിഭാഷകന് മുഖേനയോ ആവശ്യമാണെന്ന് ജഡ്ജി പറഞ്ഞു.
കൊല്‍ക്കത്തയിലെ മയോ റോഡില്‍ 2018 ഓഗസ്റ്റ് 11 ന് നടത്തിയ ബി.ജെ.പി റാലിയിലാണ് ടി.എം.സി എംപിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയെന്ന് അഭിഷേക് ബാനര്‍ജിയുടെ അഭിഭാഷകന് സഞ്ജയ് ബസു പത്രക്കുറിപ്പില്‍ പറഞ്ഞു.