ഭോപാൽ- പെട്രോൾ വില ലിറ്ററിന് 100 കടന്നതിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ അനുമോദിച്ച് മധ്യപ്രദേശ് മെഡിക്കൽ എജുക്കേഷൻ മന്ത്രിയും ബിജെപി നേതാവുമായ വിശ്വാസ് സാരംഗ്. തങ്ങൾക്ക് പല കാര്യങ്ങളിലും വിയോജിപ്പുകളുണ്ടെങ്കിലും ഇക്കാര്യത്തിൽ അദ്ദേഹത്തെ അനുമോദിക്കാതെ തരമില്ലെന്നാണ് മന്ത്രിയുടെ അഭിപ്രായം. കാരണം, സോളാർ, ഇലക്ട്രിക് ഊർജങ്ങളുടെ ഉപയോഗത്തെ പ്രത്സാഹിപ്പിക്കുകയാണ് അദ്ദേഹം ഈ വിലവർധനയിലൂടെ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
"നോക്കൂ, ഞാൻ പ്രധാനമന്ത്രിയെ അനുമോദിക്കാനാണ് ആഗ്രഹിക്കുന്നത്. അന്താരാഷ്ട്ര എണ്ണവിലകളെ നിയന്ത്രിക്കാനുള്ള തയ്യാറെടുപ്പുകൾ അദ്ദേഹം നടത്തിക്കഴിഞ്ഞു. ഇതിനായി അദ്ദേഹം ഇലക്ട്രിക് വാഹനങ്ങൾ നിരത്തിലിറക്കുകയാണ്. ഈ നയത്തിലൂടെ എണ്ണവിലകളിൽ നമുക്ക് ശക്തമായ നിയന്ത്രണമുണ്ടാക്കാൻ സാധിക്കും. അതായത്, ഡിമാൻഡും സപ്ലേയുമാണ് ആഗോളതലത്തിൽ എണ്ണവിലയെ നിയന്ത്രിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങൾ വരുന്നതോടെ എണ്ണയ്ക്കുള്ള ഡിമാൻഡ് കുറയുകയും എണ്ണവില സ്വാഭാവികമായി കുറയുകയും ചെയ്യും," മന്ത്രി തന്റെ കണ്ടെത്തൽ അവതരിപ്പിച്ചു.