Sorry, you need to enable JavaScript to visit this website.

ഭീകരരെ വെറുതെ വിടില്ലെന്ന് സീസി;  ആക്രമണത്തിൽ നടുങ്ങി ഈജിപ്ത്

ഈജിപ്തിലെ ഉത്തര സിനായിയിൽ ഭീകരാക്രമണത്തിനിരയായ മുസ്‌ലിം  പള്ളി. 

കയ്‌റോ- സിനായിയിൽ പള്ളിയിൽ ഉഗ്രസ്‌ഫോടനം നടത്തി ഇരുന്നൂറ്റമ്പതോളം പേരെ കൂട്ടക്കൊല ചെയ്ത ഭീകരവാദികളെ കർക്കശമായി അടിച്ചമർത്തുമെന്ന് ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സീസി. സംഭവത്തോട് രോഷാകുലനായാണ് അദ്ദേഹം പ്രതികരിച്ചത്. ഈ മരണങ്ങൾക്ക് നിശ്ചയമായും സൈന്യവും പോലീസും പ്രതികാരം ചെയ്യും. ഇക്കാര്യത്തിൽ കാലതാമസമുണ്ടാകില്ലെന്നും ടെലിവിഷനിൽ നടത്തിയ പ്രസംഗത്തിൽ സീസി പറഞ്ഞു. 
അങ്ങേയറ്റം കിരാതത്വം നിറഞ്ഞ പ്രവൃത്തിയാണിത്. ഭീരുക്കളാണ് ഇതിന് പിന്നിൽ. ഇവർ ശിക്ഷിക്കപ്പെടാതെ പോകില്ല. ഭീകരവാദത്തിനെതിരായ യുദ്ധം ഈജിപ്ത് തുടരുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഈ സ്‌ഫോടനത്തിനിരയായവരുടെ ത്യാഗം വെറുതെയാവില്ല. ഭീകരതക്കെതിരായ പോരാട്ടത്തിന് ഇത് വീര്യം പകരുകയേ ഉള്ളു- സീസി പറഞ്ഞു.
ഈജിപ്തിലെ സിനായിയിൽ നടന്നത് ഭയാനകമായ അക്രമമാണെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. നിരപരാധികളും നിരായുധരുമായ വിശ്വാസികളാണ് കുരുതി കൊടുക്കപ്പെട്ടത്. ഭീകരവാദത്തോട് നമുക്ക് സഹിഷ്ണുതയില്ല. അവരെ സൈനികമായി പരാജയപ്പെടുത്തുകയും തീവ്രവാദ പ്രത്യയശാസ്ത്രങ്ങളെ ഇല്ലായ്മ ചെയ്യുകയും വേണമെന്ന് ട്രംപ് പറഞ്ഞു. 
സിനായ് അക്രമങ്ങളിൽ അനുശോചനം അറിയിച്ച് ഇസ്രായിൽ സന്ദേശം അയച്ചു. ഭീകരതക്കെതിരായ യുദ്ധത്തിൽ അന്താരാഷ്ട്ര ഐക്യം ആവശ്യമാണെന്ന് ബോധ്യപ്പെടുത്തുന്നതാണ് സിനായ് ആക്രമണമെന്ന് ഇസ്രായിൽ വിദ്യാഭ്യാസ മന്ത്രി നഫ്താലി ബെന്നറ്റ് സന്ദേശത്തിൽ പറഞ്ഞു. 
സിനായ് മേഖലയിൽ ഏറെക്കാലമായി അസ്വസ്ഥതകൾ നിലനിൽക്കുന്നുണ്ട്. ഐ.എസ് അനുകൂലികളുമായി ഇടക്കിടെ ഇവിടെ സൈനിക ഏറ്റുമുട്ടൽ ഉണ്ടാകാറുണ്ട്. എങ്കിലും ഇത്ര വലിയ ആക്രമണം ഇതാദ്യമാണ്. സംഭവം ഈജിപ്തിനെ നടുക്കി. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ആക്രമണത്തിനാണ് വെള്ളിയാഴ്ച സാക്ഷ്യം വഹിച്ചത്.
പള്ളിയിൽ ബോംബാക്രമണം നടത്തുക മാത്രമല്ല, ഓടി രക്ഷപ്പെടാൻ ശ്രമിച്ച വിശ്വാസികളെ വെടിവെച്ചു വീഴ്ത്തുകയും ചെയ്തു ഭീകരർ. ആരും രക്ഷപ്പെടാൻ പാടില്ലെന്ന നിശ്ചയത്തോടെ നടത്തിയ ആക്രമണമായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. കിഴക്ക് സൂയസ് കനാൽ വരെയും ഗാസ ചീന്ത് വരേയും നീണ്ടുകിടക്കുന്ന സിനായ് ഉപദ്വീപ് എക്കാലത്തും ഈജിപ്തിന് സുരക്ഷാ തലവേദനയാണ്. കള്ളക്കടത്ത് മാർഗമായി കുറ്റവാളികൾ ഇതിനെ ഉപയോഗിക്കുന്നതിനാൽ സുരക്ഷാ സേന എപ്പോഴും ഇവിടെ ജാഗ്രത പാലിക്കാറുണ്ട്. 
ഇവിടത്തെ ഗോത്രവർഗ നേതാക്കൾ സീസിയോടും സൈന്യത്തോടും കൂറു പുലർത്തുന്നവരാണ്. കള്ളക്കടത്ത് റൂട്ടുകൾ കണ്ടെത്താനും ഭീകരഗ്രൂപ്പുകളുടെ രഹസ്യവഴികൾ വെളിച്ചത്തുകൊണ്ടുവരാനും ഇവർ സൈന്യത്തെ സഹായിക്കാറുണ്ട്. ഇത്തരം കാര്യങ്ങളിലെ പ്രകോപനവും തങ്ങൾ മതത്തിന് പുറത്തെന്ന് കരുതുന്ന സൂഫികളുടെ പള്ളിയിലെ സാന്നിധ്യവും ഇത്ര വലിയ ആക്രമണത്തിന് ഇസ്‌ലാമിക് സ്റ്റേറ്റിനെ പ്രേരിപ്പിച്ചിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. 

 

Latest News