കയ്‌റോ- ഈജിപ്തിലെ വടക്കന്‍ സീനായ് മേഖലയില്‍ പള്ളിയില്‍ നടത്തിയ ഭീകരാക്രമണത്തില്‍ 235 പേര്‍ കൊല്ലപ്പെട്ടു. ബോംബ് സ്‌ഫോടനത്തിനു പുറമെ, രക്ഷപ്പെട്ട് ഓടുകയായിരുന്നവര്‍ക്കും ആംബുലന്‍സുകള്‍ക്കും നേരെ വെടിയുതിര്‍ത്താണ് കൂട്ടക്കൊലയെന്ന് ഈജിപ്ത് മാധ്യമങ്ങളും ദൃക്‌സാക്ഷികളും പറഞ്ഞു.
ഭീകരസംഘടനയായ ഐ.എസുമായി ബന്ധമുള്ളവര്‍ സ്വാധീനമുറപ്പിച്ച സീനായ് മേഖലയില്‍ നടന്ന ഏറ്റവും വലിയ ആക്രമണമാണിത്. ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ 2014 നുശേഷം സീനായിയില്‍ ഭീകരര്‍ക്കെതിരെ ഈജിപ്ത് സുരക്ഷാ സേന നടപടികള്‍ സ്വീകരിച്ചുവരികയാണ്. നൂറുകണക്കിനു പോലീസുകാരേയും സൈനികരേയും ഇവിടെ ഭീകരര്‍ വധിച്ചിട്ടുണ്ട്.
അല്‍ അരീഷ് പട്ടണത്തിന്റെ പടിഞ്ഞാറ് ഭാഗത്തായുള്ള ബിര്‍ അല്‍ ആബിദിലെ അല്‍ റൗദ പള്ളിയില്‍ മൃതദേഹങ്ങള്‍ ബ്ലാങ്കറ്റ് കൊണ്ടു മൂടിയ ദൃശ്യങ്ങള്‍ ഔദ്യോഗിക ടെലിവിഷന്‍ കാണിച്ചു.
125 പേര്‍ക്ക് പരിക്കുണ്ടെന്നും പലരുടേയും നില ഗുരുതരമാണെന്നും ഔദ്യോഗിക വാര്‍ത്താ ഏജന്‍സി മെനയും ഔദ്യോഗിക ടെലിവിഷനും റിപ്പോര്‍ട്ട് ചെയ്തു.
ജുമുഅ നമസ്‌കാരം അവസാനിക്കുമ്പോഴായിരുന്നു പള്ളിക്കകത്ത് സ്‌ഫോടനം. പള്ളിക്ക് പുറത്ത് ജീപ്പുകളില്‍ 40 ഓളം തോക്കുധാരികള്‍ നിലയുറപ്പിച്ചിരുന്നു. ജനങ്ങള്‍ രക്ഷപ്പെടുന്നതിനിടെ നാലു ഭാഗത്തുനിന്നും വെടിയുതിര്‍ക്കുകയായിരുന്നു.
നാല് സായുധ സംഘങ്ങള്‍ പള്ളിക്കകത്തും നിറയൊഴിച്ചു. രണ്ടു സംഘങ്ങളാണ് ആംബുലന്‍സുകള്‍ക്കുനേരെ വെടിവെച്ചതെന്ന് ദൃക്‌സാക്ഷി മുഹമ്മദ് പറഞ്ഞു.
ഭീകരാക്രമണം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷം ഈജിപത് സൈന്യം ബിര്‍ അല്‍ ആബിദിനു ചുറ്റും മലനിരകളില്‍ വ്യാമാക്രമണം നടത്തി. രക്തസാക്ഷികളുടെ ജീവന് പകരം ചോദിക്കുമെന്നും സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്തുന്നതിന് എല്ലാ നടപടികളും കൈക്കൊള്ളുമന്നും പ്രസിഡന്റ് സീസി ടെലിവിഷനില്‍ പറഞ്ഞു.
ഭീകരതക്കെതിരായ പോരാട്ടം നിര്‍ത്തിവെപ്പിക്കാനുള്ള ശ്രമമാണ് നടന്നതെന്നും ഇതിനു വഴങ്ങില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പള്ളിയില്‍നിന്ന് പുറത്തിറങ്ങിയവര്‍ക്കുനേരെ അവര്‍ തുരുതുരെ നിറയൊഴിച്ചുവെന്ന് പ്രദേശവാസി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ആംബുലന്‍സുകള്‍ക്കുനേരെയും വെടിവെച്ചു.
കൂട്ടക്കുരുതിയെ തുടര്‍ന്ന് ഈജിപ്ത് സര്‍ക്കാര്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ആക്രമണം നടന്നയുടന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസി പ്രതിരോധ, ആഭ്യന്തര മന്ത്രിമാരുടേയും ഇന്റലിജന്‍സ് മേധാവിയുടേയും അടിയന്തര യോഗം വിളിച്ചിരുന്നു.
2013 ല്‍ മുസ്്‌ലിം ബ്രദര്‍ഹുഡ് നേതാവ് മുഹമ്മദ് മുര്‍സിയുടെ ഭരണം അട്ടിമറിച്ച് സായുധ സേനാ കമന്‍ഡറായിരുന്ന സീസി അധികാരം പിടിച്ചശേഷമാണ് സീനായില്‍ ഭീകരരുടെ ആക്രമണം രൂക്ഷമായത്. സുരക്ഷാ സേനയെ ആയിരുന്നു ഭീകരര്‍ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. സായുധ സേനയുമായും പോലീസുമായും സഹകരിച്ചിരുന്ന സീനായ് ഗോത്രങ്ങള്‍ക്കുനേരേയും പിന്നീട് ആക്രമണം ആരംഭിച്ചു. വഞ്ചകരെന്ന് ആരോപിച്ചായിരുന്നു ഇവര്‍ക്കെതിരായ ആക്രമണം.