Sorry, you need to enable JavaScript to visit this website.

സിംബാബ്‌വെയിൽ പുതിയ ചരിത്രം; നംഗാവ സ്ഥാനമേറ്റു

പുതുയുഗം... ഹരാരെ നാഷനൽ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞക്ക് ശേഷം സിംബാബ്‌വെ പ്രസിഡന്റ് എമ്മേഴ്‌സൻ നംഗാവക്ക് ഹസ്തദാനം ചെയ്യുന്ന ചീഫ് ജസ്റ്റിസ്.

ഹരാരെ- മൂന്നര ദശാബ്ദം നീണ്ട മുഗാബെ യുഗത്തെ ഓർമകളിലേക്ക് പിന്തള്ളി സിംബാബ്‌വേയിൽ അധികാരമാറ്റമായി. മുൻ വൈസ് പ്രസിഡന്റ് ഭരണകക്ഷിയായ സനു-പി.എഫ് പാർട്ടിയുടെ നേതാവുമായ എമ്മേഴ്‌സൻ നംഗാവ ഇന്നലെ ഇടക്കാല പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 
നാഷനൽ സ്റ്റേഡിയത്തിൽ ഉത്സവാന്തരീക്ഷത്തിലായിരുന്നു ചടങ്ങുകൾ. പ്രായഭേദമന്യെ ജനങ്ങൾ തെരുവിലിറങ്ങി നൃത്തം ചെയ്തു. നംഗാവെക്ക് അനുകൂലമായ ആർപ്പുവിളികൾ മുഴങ്ങി. ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിൽനിന്ന് മോചനം കിട്ടിയ നാൾ മുതൽ ഇന്നലെ വരെ തങ്ങളുടെ പ്രസിഡന്റായിരുന്ന റോബർട്ട് മുഗാബെയെ ഒരു നിമിഷംപോലും ഓർക്കാത്ത വിധമായിരുന്നു ജനങ്ങളുടെ ആവേശം.
രാജ്യത്തെ ജനങ്ങൾ വലിയ മാറ്റം ആഗ്രഹിക്കുന്നു എന്നതിന്റെ തെളിവായി നംഗാവെയുടെ സത്യപ്രതിജ്ഞാ ചടങ്ങ്. സ്റ്റേഡിയത്തിലെ ഗാലറികൾ നിറഞ്ഞുകവിഞ്ഞിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആയിരങ്ങളാണ് തലേ ദിവസം തന്നെ ഹരാരെയിൽ വന്ന് തമ്പടിച്ചത്. മാറ്റത്തിന് ചുക്കാൻ പിടിച്ച സൈനിക മേധാവിക്കും ജനങ്ങൾ നന്ദി അറിയിച്ചു.
പത്തു ദിവസത്തോളം നീണ്ട അനിശ്ചിതാവസ്ഥകൾക്കൊടുവിലാണ് സിംബാബ്‌വേയിൽ പുതിയ ചരിത്രം സൃഷ്ടിക്കപ്പെട്ടത്. എമ്മേഴ്‌സൻ നംഗാവയാണ് തങ്ങളുടെ നേതാവെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിക്കുകയായിരുന്നു ജനങ്ങൾ. ആചാരപരമായ വസ്ത്രങ്ങളും മാലയും അരപ്പട്ടയും കെട്ടിയെത്തിയ നംഗാവയെ സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ അറുപതിനായിരത്തോളം വരുന്ന കാണികൾ ഹർഷാരവത്തോടെയാണ് സ്വാഗതം ചെയ്തത്. ടി.വി സ്‌ക്രീനുകളിൽ പതിനായിരങ്ങൾ ചടങ്ങ് വീക്ഷിച്ചു.
അടുത്തകാലം വരെ മുഗാബെയുടെ അനുയായി ആയിരുന്ന നംഗാവ പാർട്ടിയിലെ കർക്കശക്കാരനെന്നാണ് അറിയപ്പെടുന്നത്. അതിനാൽ തന്നെ അദ്ദേഹത്തിന് എന്തുമാത്രം മാറ്റങ്ങൾ കൊണ്ടുവരാനാകും എന്ന കാര്യത്തിൽ ചിലർക്കെങ്കിലും സംശയമുണ്ട്. നംഗാവ മറ്റൊരു മുഗാബെ ആയി മാറുമെന്ന് ഭയക്കുന്നവരും കുറവല്ല. എങ്കിലും ശുഭപ്രതീക്ഷയോടെ  അദ്ദേഹത്തെ വരവേൽക്കുകയാണ് ജനങ്ങൾ.
സാംബിയ, ബോട്‌സാന, മൊസാംബിക് എന്നീ രാജ്യങ്ങളിലെ പ്രസിഡന്റുമാർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു. സാംബിയയുടെ മുൻ പ്രസിഡന്റും 93 കാരനുമായ കെന്നത്ത് കൗണ്ടയും ചടങ്ങിനെത്തി. ദീർഘകാലമായുള്ള ഏകാധിപത്യത്തിന് വിരാമമിടുകയാണെന്നും നംഗാവയിൽ വലിയ പ്രതീക്ഷയാണുള്ളതെന്നും ചടങ്ങ് വീക്ഷിക്കാനെത്തിയ 23 കാരി ഷാരൺ മോയകുഫ പറഞ്ഞു. സൈനികരെ, നന്ദി എന്ന് എഴുതിയ ബാനറുകൾ സ്റ്റേഡിയത്തിൽ പലേടത്തും കണ്ടു. ബൈ ബൈ മുഗാബെ എന്നെഴുതിയ പോസ്റ്ററുകളും ചിലർ പിടിച്ചിരുന്നു.

 

Latest News