Sorry, you need to enable JavaScript to visit this website.

അയോധ്യയിലെ തര്‍ക്ക സ്ഥലത്ത് രാമക്ഷേത്രം മാത്രം- ആര്‍.എസ്.എസ് മേധാവി

ബംഗളൂരു- അയോധ്യയിലെ തര്‍ക്കസ്ഥലത്ത്  രാമക്ഷേത്രം മാത്രമേ പണിയൂവെന്നും മറ്റൊന്നും അവിടെ നിര്‍മിക്കില്ലെന്നും ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് പറഞ്ഞു. അയോധ്യ പ്രശ്‌നത്തില്‍ കോടതിക്കു പുറത്ത് മാധ്യസ്ഥ ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് ആര്‍.എസ്.എസ് മേധാവിയുടെ കടുത്ത പ്രസ്താവന. കര്‍ണാടകയിലെ ഉഡുപ്പിയില്‍ വിശ്വഹിന്ദു പരിഷത്തിന്റെ (വി.എച്ച്.പി) ധര്‍മ സന്‍സദില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സന്യാസികളും മഠാധിപതികളും വി.എച്ച.്പി നേതാക്കളുമടക്കം 2000-ലേറെ പേര്‍ യോഗത്തില്‍ പങ്കെടുക്കുത്തു. രാമക്ഷേത്ര പ്രശ്‌നത്തിനു പുറമെ, ഗോ സംരക്ഷണം, നിര്‍ബന്ധ പരിവര്‍ത്തനം തടയല്‍ എന്നീ വിഷയങ്ങളും സമ്മേളനം ചര്‍ച്ച ചെയ്തു.
അയോധ്യയില്‍ എത്തിച്ചിരിക്കുന്ന കല്ലുകള്‍ കൊണ്ടായിരിക്കും ക്ഷേത്രം പണിയുകയെന്നും മറ്റൊന്നും അവിടെയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിനു മുകളില്‍ കാവിക്കൊടി പാറുന്ന ദിവസം വിദൂരമല്ലെന്നും ഭാഗവത് പറഞ്ഞു.
ക്ഷേത്രം നമ്മള്‍ പണിയുക തന്നെ ചെയ്യും. ഇതൊരു പ്രഖ്യാപനം മാത്രമല്ല, നമ്മുടെ വിശ്വാസത്തിന്റെ ഭാഗം കൂടിയാണ്. വര്‍ഷങ്ങള്‍ നീണ്ട പരിശ്രമങ്ങള്‍ക്കും ത്യാഗങ്ങള്‍ക്കും ശേഷം ക്ഷേത്ര നിര്‍മാണം സമാഗതമായിരിക്കയാണ്. എങ്ങനെയാണോ ക്ഷേത്രം നിലനിന്നിരുന്നത് അതേ ഗാംഭീര്യത്തോടെ തന്നെയായിരിക്കും പുതിയ ക്ഷേത്രം. രാമജന്മഭൂമി പ്രസ്ഥാനത്തിനായി 25 വര്‍ഷമായി ജീവിതം ഉഴിഞ്ഞുവച്ചവരുടെ മാര്‍ഗ നിര്‍ദേശ പ്രകാരമായിരിക്കും അത്. എന്നാല്‍ അതിനുമുമ്പ് പൊതുബോധം ഉണ്ടാക്കേണ്ടത് അത്യാവശ്യമാണ്. വിഷയം കോടതിയുടെ പരിഗണനയിലാണെന്നും ഭാഗവത് പറഞ്ഞു.
ലക്ഷ്യത്തിലേക്ക് അടുത്തിരിക്കെ കൂടുതല്‍ ശ്രദ്ധയോടെ മുന്നോട്ടു പോകണമെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് ഗോവധം പൂര്‍ണമായി നിരോധിക്കണമെന്ന് മോഹന്‍ ഭാഗവത് ആവശ്യപ്പെട്ടു. അങ്ങനെ ചെയ്തില്ലെങ്കില്‍ രാജ്യത്തു സമാധാനമുണ്ടാകില്ലെന്നും അദേഹം പറഞ്ഞു. ജാതിവിവേചനം സ്ത്രീ പുരുഷ വിവേചനവും അവസാനിപ്പിച്ച് ഹിന്ദു സമൂഹത്തില്‍ ഐക്യവും സാഹോദര്യവും നിലനിര്‍ത്തുന്നതിനുള്ള മാര്‍ഗങ്ങളും ധര്‍മസന്‍സദ് ചര്‍ച്ച ചെയ്തതായി സംഘാടകര്‍ പറഞ്ഞു.
അയോധ്യയില്‍ ക്ഷേത്രവും ലഖ്‌നൗവില്‍ പള്ളിയും നിര്‍മിച്ച് അയോധ്യ പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്ന നിര്‍ദേശവുമായി ശിയ വഖഫ് ബോര്‍ഡ് രംഗത്തുണ്ട്. പ്രശ്‌ന പരിഹാരത്തിനുള്ള വഴികള്‍ തേടി ഈയിടെ അയോധ്യ സന്ദര്‍ശിച്ച ശ്രീശ്രീ രവിശങ്കര്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ചര്‍ച്ച നടത്തിയിരുന്നു.  

 

Latest News