Sorry, you need to enable JavaScript to visit this website.

ആർ.കെ നഗർ തെരഞ്ഞെടുപ്പ് ഡിസംബർ 21ന്

ചെന്നൈ- തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടെ മരണത്തെതുടർന്ന് ഒഴിവു വന്ന ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പ് ഡിസംബർ 21 ന് നടക്കും. ഡിസംബർ 24-ന് ഫലം പ്രഖ്യാപിക്കും. ഡിസംബർ 31ന് മുമ്പ് തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കണമെന്ന് മദ്രാസ് ഹൈക്കോടതി മൂന്നു ദിവസം മുമ്പ് ഉത്തരവിട്ടിരുന്നു. 
ഇക്കഴിഞ്ഞ ഏപ്രിലിൽ ആർ.കെ നഗറിൽ തെരഞ്ഞെടുപ്പ് നടത്തുമെന്ന് നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, വ്യാപകമായ തോതിൽ വോട്ടർമാർക്ക് പണം നൽകുന്നതിന്റെയും സ്വാധീനിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന് തെരഞ്ഞെടുപ്പ് റദ്ദാക്കുകയായിരുന്നു. പ്രീപെയ്ഡ് മൊബൈൽ ചാർജ് റീചാർജ് കൂപ്പണുകൾ, പാൽ ടോക്കൺ, പത്രങ്ങളുടെ സൗജന്യവിതരണം തുടങ്ങിയവയും ആർ.കെ നഗറിൽ വിതരണം ചെയ്തിരുന്നു. ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെയിലെ മന്ത്രി സി. വിജയഭാസ്‌കറാണ് ഇക്കാര്യങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്. ഒരു ലക്ഷത്തോളം വ്യാജവോട്ടുകൾ ആർ.കെ നഗറിൽ ചേർത്തുവെന്ന് പ്രതിപക്ഷമായ ഡി.എം.കെ ആരോപിച്ചിരുന്നു. ടി.ടി.വി ദിനകരനായിരുന്നു എ.ഐ.എ.ഡി.എം.കെ സ്ഥാനാർത്ഥി. പിന്നീട് പാർട്ടിയിലെ പ്രതിസന്ധി രൂക്ഷമാകുകയും പളനിസാമിയും പനീർ ശെൽവവും യോജിക്കുകയും ദിനകരൻ പുറത്താകുകയും ചെയ്തു. ജയലളിതയുടെ തോഴി വി.കെ ശശികലയുടെ ബന്ധുവാണ് ദിനകരൻ. അഴിമതി കേസിൽ ശശികല ബംഗളൂരു ജയിലിലാണ്.
 

Latest News