Sorry, you need to enable JavaScript to visit this website.

മാസ്കും സാമൂഹ്യ അകലവുമില്ല: ഇങ്ങനെ പോയാൽ ലോക്ക്ഡൌൺ കൊണ്ടുവരേണ്ടി വരുമെന്ന് ഉദ്ധവ് താക്കറെ

മുംബൈ- പൊതുജനം കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വിമുഖത കാണിച്ചാൽ മറ്റൊരു ലോക്ക്ഡൌണിലേക്ക് സംസ്ഥാനത്തിന് പോകേണ്ടി വരുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. കഴിഞ്ഞദിവസം ജില്ലാകളക്ടർമാർ, മുനിസിപ്പൽ കമ്മീഷണർമാർ, സംസ്ഥാന കോവിഡ് ടാസ്ക് ഫോഴ്സ്, ആരോഗ്യമന്ത്രി, പൊലീസിലെയും ആരോഗ്യവകുപ്പിലെയും ഉയർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി നടത്തിയ ചർച്ചയ്ക്കു ശേഷമാണ് മുഖ്യമന്ത്രി ഈ പ്രസ്താവന നടത്തിയത്. അതേസമയം ലോക്ക്ഡൌൺ സംബന്ധിച്ച് യാതൊന്നും യോഗത്തിൽ ചർച്ച ചെയ്തിട്ടില്ലെന്ന് പങ്കെടുത്ത ഉദ്യോഗസ്ഥരിൽ ചിലർ വ്യക്തമാക്കി.

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കാൻ യോഗം തീരുമാനമെടുത്തു. വിവാഹ ആഘോഷങ്ങളിൽ കൂടുതൽ പേർ പങ്കെടുക്കുന്നത് ഇനിമുതൽ തടയും. ഫേസ് മാസ്ക് ഇടാത്തവരിൽ നിന്ന് പിഴ ഈടാക്കുകയും ചെയ്യും. ഉയർന്ന പൊസിറ്റിവിറ്റി നിരക്കുള്ള ഗ്രാമപ്രദേശങ്ങളെ തിരിച്ചറിയുന്നതിനായി ജിയോ മാപ്പിങ് നടത്തും. ക്ലസ്റ്ററുകൾ രൂപപ്പെടുന്ന ബിൽഡിങ്ങുകൾ പൂർണമായും അടച്ചിടും.

റാലികൾ, സമരങ്ങൾ എന്നിവയ്ക്ക് തടസ്സമുണ്ടാകും. വിവാഹങ്ങളിൽ അമ്പതിൽക്കൂടുതൽ പേർക്ക് പങ്കെടുക്കാനാകില്ല.മഹാരാഷ്ട്രയിൽ കഴിഞ്ഞദിവസം 461 പുതിയ കോവിഡ് കേസുകളാണ് വന്നിരിക്കുന്നത്. 39 പേർ 24 മണിക്കൂറിനിടയിൽ മരിച്ചു. സംസ്ഥാനത്തെ മരിച്ചവരുടെ ആകെ എണ്ണം 51591 ആയി ഉയർന്നു.

ട്രെയിനുകളിൽ സഞ്ചരിക്കുന്ന ഭൂരിഭാഗം പേരും മാസ്ക് ധരിക്കുന്നില്ലെന്ന് മുംബൈ മേയർ കിഷോരി പെഡ്നെകർ ആശങ്കപ്പെട്ടു. ഇങ്ങനെ പോയാൽ വീണ്ടുമൊരു ലോക്ക്ഡൌണിലേക്ക് തിരിച്ചുപോകേണ്ടതായി വരും. ദിനംപ്രതി രണ്ടായിരത്തിനും മുവ്വായിരത്തിനും ഇടയിൽ കേസുകളാണ് മഹാരാഷ്ട്രയിൽ വന്നിരുന്നത്. ഇത് ഇപ്പോൾ മുവ്വായിരത്തിനും നാലായിരത്തിനും ഇടയിലേക്ക് ഉയർന്നിരിക്കുന്നു.

ആവശ്യമാണെങ്കിൽ സ്കൂളുകൾ അടച്ചിടാൻ ജില്ലാ കളക്ടർമാർക്ക് അധികാരമുണ്ടെന്ന് സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് തോപെ പറഞ്ഞു. ജനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ അലസത കാണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

Latest News