Sorry, you need to enable JavaScript to visit this website.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങോ?

ദീപികാ പദുകോൺ പത്മാവതിയുടെ വേഷത്തിൽ 


കലാവിഷ്‌കാരം, ആശയ പ്രകാശനം, അഭിപ്രായ സ്വാതന്ത്ര്യം എന്നിവയ്ക്കുള്ള പൗരന്റെ മൗലികാവകാശത്തെ അസഹിഷ്ണുത എങ്ങനെ ജാമ്യത്തടവിലാക്കുന്നു എന്നതിന്റെ ഏറ്റവും പുതിയ പാഠമാണ് പത്മാവതി എന്ന ചലച്ചിത്രത്തിന് നേരെ ഉയർന്നുവന്നിരിക്കുന്ന വിവാദങ്ങളും കരിംഭീഷണികളും. രജപുത്ര സമുദായത്തിന്റെ പേരിൽ പ്രവർത്തിക്കുന്ന കർണിസേന, സഞ്ജയ് ലീലാ ബൻസാലിയുടെ പ്രസ്തുത ചിത്രം മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവക്ക് പിന്നാലെ ഗുജറാത്തിലും ഇന്നലെ നിരോധിച്ചു.
എന്നാൽ അതിന്റെ പേരിൽ നിയമം കയ്യിലെടുക്കാനും അക്രമത്തിനും ഹിംസയ്ക്കും ആഹ്വാനം നൽകാനും നിയമ വാഴ്ച നിലനിൽക്കുന്ന ഒരു ജനാധിപത്യ സമൂഹത്തിൽ അനുവദിക്കാനാവില്ല. ഇവിടെ അധികാരത്തിന്റെ പിൻബലത്തോടെ, അധികാര കേന്ദ്രങ്ങളുടെ പിന്തുണയോടെ, നടക്കുന്നത് നിയമ വാഴ്ചയോടും ജനാധിപത്യത്തോടുമുള്ള വെല്ലുവിളിയാണ്. രൂപ് കൻവർ എന്ന യുവതിയെ അവരുടെ ഭർത്താവിന്റെ ചിതയിൽ ജീവനോടെ കത്തിച്ചതുൾപ്പെടെ നിയമ ലംഘന പരമ്പരകൾക്ക് നേതൃത്വം നൽകിയ ഗുണ്ടാസംഘമാണ് അക്ഷരാർഥത്തിൽ കർണിസേന. അവർ സഞ്ജയ് ലീല ബൻസാലിയുടെയും ചലച്ചിത്രത്തിൽ പത്മാവതിയെ അവതരിപ്പിക്കുന്ന നടി ദീപിക പദുകോണിന്റെയും തലയെടുക്കുന്നവർക്ക് ഇനാം പ്രഖ്യാപിച്ച് രംഗത്ത് വന്നിരിക്കുന്നു. അത്തരം നിയമ ലംഘകർക്കെതിരെ നിയമാനുസൃതം നടപടി സ്വീകരിക്കുന്നതിനു പകരം പിന്തുണക്കുന്ന നിലപാട് ബി ജെ പിയുടെ മുഖ്യമന്ത്രിമാരടക്കം അവലംബിക്കുന്നത് ഇന്ത്യൻ ജനാധിപത്യത്തിനു തന്നെ അപമാനകരമാണ്. പ്രദർശനത്തിന് ഇനിയും തിയേറ്ററുകളിൽ എത്തിയിട്ടില്ലാത്ത ചിത്രം കാണുകയോ അതിന്റെ പ്രവർത്തകർക്ക് പറയാനുള്ളത് ക്ഷമാപൂർവം കേൾക്കുകയോ ഫിലിം സർട്ടിഫിക്കേഷൻ പ്രക്രിയ പൂർത്തിയാക്കാൻ അനുവദിക്കുകയോ ചെയ്യാതെ കൊഴുപ്പിക്കുന്ന വിവാദങ്ങൾക്കും ഭീഷണികൾക്കും പിന്നിൽ പ്രവർത്തിക്കുന്നത് ബന്ധപ്പെട്ടവരുടെ നിക്ഷിപ്ത രാഷ്ട്രീയ മുതലെടുപ്പു ലക്ഷ്യങ്ങൾ മാത്രമാണ്.
അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കേണ്ട രാജസ്ഥാനിലും മധ്യപ്രദേശിലും പത്മാവതിയുടെ പ്രദർശനം തടയുമെന്നും നിരോധിക്കുമെന്നും മറ്റുമുള്ള പ്രഖ്യാപനങ്ങൾ ഇരുസംസ്ഥാനങ്ങളിലെയും ബി ജെ പി മുഖ്യമന്ത്രിമാർ ഇതിനകം നടത്തിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് ഇല്ലെങ്കിലും വർഗീയ വൈരം ആളിക്കത്തിക്കുകയാണ് അധികാരം നിലനിർത്താനുള്ള കുറുക്കുവഴി എന്ന് തിരിച്ചറിഞ്ഞുള്ള പ്രഖ്യാപനങ്ങളാണ് യു പി മുഖ്യമന്ത്രിയിൽ നിന്നും ഉയരുന്നത്. രാജ്യത്തെ മുഖ്യ പ്രതിപക്ഷമായ കോൺഗ്രസിൽ നിന്നും ഉയരുന്നത് വർഗീയ അസഹിഷ്ണുതയ്ക്കുള്ള പിന്തുണയാണ്. പഞ്ചാബിൽ കോൺഗ്രസ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരിന്ദർ സിംഗും അസഹിഷ്ണുക്കളെ പ്രീണിപ്പിക്കുന്ന നിലപാടാണ് അവലംബിക്കുന്നത്. കോൺഗ്രസ് വക്താവ് ആർപിഎൻ സിംഗിന്റെ അഭിപ്രായ പ്രകടനവും ആ പാർട്ടി നേതൃത്വത്തിന്റെ മൃദുഹിന്ദുത്വ സമീപനം തന്നെയാണ് വെളിവാക്കുന്നത്. ഇരുവരുടെയും അഭിപ്രായ പ്രകടനങ്ങളെ തിരുത്താനോ തങ്ങളുടെ നിലപാട് വ്യക്തമാക്കാനോ രാഹുൽ ഗാന്ധിയടക്കം കോൺഗ്രസ് ഹൈക്കമാൻഡ് ഇനിയും തയാറായിട്ടില്ല.  തീവ്രവർഗീയത പ്രചരിപ്പിക്കുന്നതുപോലെ പത്മാവതിയെന്ന രജപുത്ര രാജ്ഞിയുടെ വ്യക്തിത്വത്തേയോ അവർ പ്രതിനിധാനം ചെയ്യുന്ന സമുദായത്തിന്റെ അന്തസ്സിന് ഹാനിയോ അപമാനമോ ഉണ്ടാക്കുന്ന യാതൊന്നും ചിത്രത്തിൽ ഇല്ലെന്ന് ആ ചിത്രത്തിന്റെ പ്രവർത്തകർ ഒന്നടങ്കം ആവർത്തിക്കുന്നു. സെൻസർ ബോർഡും അത്തരത്തിൽ യാതൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് ഇതിനകം പുറത്തുവന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. അനാവശ്യമായും നിയമ വിരുദ്ധമായും സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ പ്രവർത്തനത്തിൽ കൈകടത്താൻ സുപ്രീം കോടതി പോലും വിസമ്മതിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിൽ കർണിസേനയും സംഘ്പരിവാറും ഉന്നയിക്കുന്ന വിവാദ വ്യവസായം കേവലം രാഷ്ട്രീയ ലക്ഷ്യത്തോടെ മാത്രമാണെന്ന് കരുതുകയേ നിവൃത്തിയുള്ളൂ. പതിമൂന്നാം നൂറ്റാണ്ടിൽ നടന്നുവെന്ന് പറയപ്പെടുന്ന ഒരു പടയോട്ടത്തെ അടിസ്ഥാനമാക്കി പതിനാറാം നൂറ്റാണ്ടിൽ രചിക്കപ്പട്ട ഒരു കവിതയാണ് പത്മാവതി എന്ന ചലച്ചിത്രത്തിന് ആധാരം. ചരിത്രപരമായ തെളിവുകളുടെ അഭാവത്തിൽ ഭാവനാസൃഷ്ടിയായ ഒരു കഥാതന്തുവാണ് പത്മാവതിയിലുള്ളത്. അതിന്റെ പേരിൽ കപട ജാത്യാഭിമാനം ഉയർത്തി രാജ്യത്ത് അശാന്തിയും സംഘർഷവും ഹിംസയും വളർത്താനും ജനങ്ങളുടെ സൈ്വര ജീവിതത്തിനു വിഘാതം സൃഷ്ടിക്കാനും നടത്തുന്ന നീക്കം തീർത്തും അപലപനീയമാണ്. അഭിപ്രായ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു വില കൽപിക്കുന്ന മുഴുവൻ ജനതയും കലാപ്രവർത്തകരും അത്തരം കുത്സിത നീക്കങ്ങളെ ചെറുക്കാനും എതിർത്ത് പരാജയപ്പെടുത്താനും സന്നദ്ധരാവണം. അത് ജനാധിപത്യത്തിന്റെയും നിയമ വാഴ്ചയുടെയും നിലനിൽപിന് അനിവാര്യമാണ്.

 

Latest News