Sorry, you need to enable JavaScript to visit this website.

സ്വകാര്യത നഷ്ടപ്പെടുന്നത് ബുദ്ധിമുട്ട് തന്നെ -പാർവതി 

രാമനാട്ടുകര-ജീവിതയാത്രക്കിടെ കുത്തിക്കുറിച്ച ചില കാര്യങ്ങൾ ഭദ്രമായി സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്നും എഴുതിയതൊന്നും മറ്റാരേയും കാണിക്കാറില്ലെന്നും നടി പാർവതി. തനിക്ക് എന്തെങ്കിലും സംഭവിച്ചുപോയാൽ അതെടുത്ത് കത്തിച്ചുകളയണമെന്നാണ് സുഹൃത്തിനോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നും ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ പാർവതി പറയുന്നു.
'ഞാൻ പൂർണമായും ഞാനാവുന്നത് പേനയും പേപ്പറുമായി എഴുതാനിരിക്കുമ്പോഴാണ്. യാത്രയിലാണ് ഏറ്റവും കൂടുതൽ എഴുതാറുള്ളത്. എഴുതിയത് മറ്റാരേയും കാണിക്കാറില്ല. ഒരു സ്യൂട്ട് കേസിൽ അടച്ചുസൂക്ഷിച്ചിരിക്കുകയാണ്. എനിക്കല്ലാതെ അത് തുറക്കാനുള്ള പാസ്‌വേഡ് അറിയുന്നത് അടുത്ത സുഹൃത്തിന് മാത്രമാണ്.
എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതെല്ലാമെടുത്ത് കത്തിച്ചുകളയണമെന്നാണ് പറഞ്ഞിരിക്കുന്നത്. അതുമാത്രമാണ് എന്റെ വിൽപ്പത്രത്തിൽ എഴുതിവെക്കുക. കാരണം ആളുകൾ എന്നെ ഓർമ്മിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല. എന്നെ ഓർക്കേണ്ടവർ ഓർക്കും. മറ്റുള്ളവർ ഓർമ്മിച്ചില്ലെങ്കിലും കുഴപ്പമില്ല.
അത്തരമൊരു ചിന്തയോടെ ജീവിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നുണ്ട്. അത്രയും ലാഘവത്തോടെയാണ് ജീവിതത്തെ കാണുന്നത്. അങ്ങനെയല്ലെങ്കിൽ നമ്മുടെ ഇമേജിനെ കുറിച്ച് ചിന്തിച്ച് വേവലാതി ഉണ്ടാവും. അപ്പോൾ സത്യത്തിൽ ഞാനാരാണോ അതിൽ നിന്ന് മാറേണ്ടി വരും. മറ്റുള്ളവർക്ക് വേണ്ടിയല്ല ഞാൻ ജീവിക്കുന്നത്. എനിക്കുവേണ്ടി തന്നെയാണ്. ', പാർവതി പറയുന്നു.
സ്വകാര്യത നഷ്ടമാകുന്നതിൽ ബുദ്ധിമുട്ട് തോന്നാറുണ്ടോ എന്ന ചോദ്യത്തിന് അഭിനേത്രി എന്ന നിലയിൽ മറ്റുള്ളവരുടെ ശ്രദ്ധ എപ്പോഴുമുണ്ടാവുമെന്നും പലപ്പോഴും അത് നമ്മുടെ സ്വകാര്യതയെ ബാധിക്കുമെന്നും അത് ബുദ്ധിമുട്ട് തന്നെയാണ് എന്നുമായിരുന്നു പാർവതിയുടെ മറുപടി.
ജോലി നന്നായി ചെയ്ത ശേഷം വീട്ടിൽപോവാൻ ആഗ്രഹിക്കുന്നവളാണ് ഞാൻ. പക്ഷേ സിനിമ ആവശ്യപ്പെടുന്ന ചില കാര്യങ്ങൾ ചെയ്യാതിരിക്കാനാവില്ല. നമ്മൾ നേരിടുന്ന പല ചോദ്യങ്ങളും നമ്മളെ വല്ലാതെ വേദനിപ്പിച്ചെന്ന് വരും, പാർവതി പറയുന്നു.
പാർവതിയെന്ന വ്യക്തിയെ പാർവതി നിർവചിക്കുന്നത് എങ്ങനെയാണെന്ന ചോദ്യത്തിന് അങ്ങനെ നിർവചിക്കാറില്ലെന്നും മൂന്ന് നാല് വർഷങ്ങൾക്ക് മുൻപ് അതെല്ലാം നിർത്തിയെന്നുമായിരുന്നു ചിരിച്ചുകൊണ്ടുള്ള പാർവതിയുടെ മറുപടി.
'അത്തരത്തിൽ സ്വയം കണ്ടെത്താനുള്ള പരിശ്രമങ്ങളൊക്കെ അവസാനിപ്പിച്ച് അത്തരം ധാരണകളൊന്നുമില്ലാതെ സ്വതന്ത്രമായി ലാഘവത്തോടെ ജീവിക്കുന്നതിൽ വലിയ സുഖമുണ്ട്. ജീവിക്കുന്ന ഓരോ നിമിഷവും അങ്ങനെ തന്നെ ആസ്വദിച്ച് ജീവിക്കുന്നു. ഒരു കാര്യം പറയാം. എത്രത്തോളം സത്യസന്ധമായി ജവിക്കാൻ പറ്റുമോ അതിന് ഞാൻ ശ്രമിക്കുന്നുണ്ട്', പാർവതി പറഞ്ഞു.
സോഷ്യൽമീഡിയയിലൂടെയും മറ്റും ലഭിച്ചുകൊണ്ടിരിക്കുന്ന ഭീഷണികൾക്ക് വഴങ്ങി തന്റെ നിലപാടോ ശൈലിയോ മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്ന് പാർവതി വ്യക്തമാക്കി.
 

Latest News