ന്യൂദല്‍ഹി- ലോകത്തൊട്ടാകെയുള്ള വാഹനങ്ങളുടെ കണക്കെടുത്താന്‍ ഇന്ത്യയില്‍ ഒരു ശതമാനം മാത്രമെ വരൂ. അതേസമയം റോഡപകടങ്ങളില്‍ ഇരയാക്കപ്പെടുന്നവരുടെ എണ്ണത്തില്‍ 10 ശതമാനവും ഇന്ത്യക്കാരാണെന്ന് ലോക ബാങ്കിന്റെ പുതിയ റോഡ് സുരക്ഷാ റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തില്‍ ഇന്ത്യ പ്രത്യേകം ശ്രദ്ധചെലുത്തണമെന്ന് ലോക ബാങ്ക് സൗത്ത് ഏഷ്യ വൈസ് പ്രസിഡന്റ് ഹാര്‍ട്വിഗ് ഷാഫര്‍ പറഞ്ഞു. പോയ വര്‍ഷം ശ്രദ്ധ കാര്യമായി കോവിഡ് മഹാമാരിയിലേക്ക് പോയപ്പോഴും അപകടങ്ങളില്‍ കുറവുണ്ടായിട്ടില്ല. എല്ലായ്പ്പോഴും ആശുപത്രികളില്‍ പത്തു ശതമാനം ചികിത്സാ സംവിധാനങ്ങളും റോഡപകടങ്ങളില്പ്പെട്ടവര്ക്കായാണ് ഉപയോഗപ്പെടുത്തി വരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
റോഡപകടങ്ങളില്‍ ഇരകളാക്കപ്പെടുന്നവരില്‍ കൂടുതലും ദരിദ്രരും മറ്റു ദുര്‍ബല വിഭാഗക്കാരുമാണെന്നും അദ്ദേഹം പറയുന്നു. അപകടങ്ങളുണ്ടാക്കുന്ന സാമ്പത്തിക ആഘാതങ്ങള്‍ ഇവരെ കാര്യമായി ബാധിക്കുന്നു. ശുശ്രൂഷയും പരിചരണവും നല്കേണ്ടതിനാല് ആഘാതം സ്ത്രീകളും കാര്യമായി സഹിക്കേണ്ടി വരുന്നു. തെരുവുകളില്‍ കഴിയുന്നവരും അസംഘടിത മേഖലയിലുള്ളവര്‍ക്കുമാണ് വലിയ ആഘാതമാകുന്നത്.
റോഡപടകങ്ങള്‍ കുറക്കുന്നതില്‍ ഏറെ മുന്നോട്ടു പോയത് തമിഴ്നാടാണെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ 25 ശതമാനം അപകടങ്ങളും കുറഞ്ഞതായി റിപോര്‍ട്ട് പറയുന്നു.
അതേസമയം റോഡ് സുരക്ഷയുടെ കാര്യത്തില്‍ ഇന്ത്യ ഏറെ കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും ഷാഫര്‍ പറഞ്ഞു.