ന്യൂദൽഹി- ഹാദിയ കേസ് തുറന്ന കോടതിയിൽ കേൾക്കരുതെന്ന അച്ഛൻ അശോകന്റെ അപേക്ഷ സുപ്രീം കോടതി സ്വീകരിച്ചില്ല. ഈ കേസിൽ 27ന് മുമ്പ് ഒരു അപേക്ഷയും പരിഗണിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. എന്ത് അപേക്ഷയുണ്ടെങ്കിലും 27ന് പരിഗണിക്കാം എന്ന് വ്യക്തമാക്കിയാണ് കോടതി മടക്കിയത്.
ഹാദിയയുടെ ഭാഗം കേൾക്കുന്നത് അടിച്ചിട്ട കോടതിമുറിയിലാക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് അശോകൻ സുപ്രീംകോടതിയിൽ ഇന്നലെ അപേക്ഷ നൽകിയിരുന്നു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകയായ സൈനബയെയും മഞ്ചേരിയിലെ സത്യസരണിയുടെ ഭാരവാഹികളെയും വിളിച്ചുവരുത്തണമെന്നും അപേക്ഷയിൽ ആവശ്യപ്പെടുന്നു. ഈ മാസം 27ന് വൈകിട്ട് മൂന്നിന് തുറന്ന കോടതിയിൽ ഹാദിയയെ ഹാജരാക്കണമെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
തുറന്ന കോടതിയിൽ മൊഴി നൽകുന്നത് സുരക്ഷയ്ക്ക് ഭീഷണിയാണെന്നായിരുന്നു അശോകന്റെ വാദം. ഹാദിയയെ ഹാജരാക്കണമെന്ന് ഉത്തരവിട്ടപ്പോൾ തന്നെ അടച്ചിട്ട കോടതിമുറിയിൽ കേൾക്കണമെന്ന് അശോകന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല. ഇതേ തുടർന്നാണ് അപേക്ഷ നൽകാൻ തീരുമാനിച്ചത്.
പോപ്പുലർ ഫ്രണ്ടിന്റെ നേതൃത്വത്തിൽ കേരളത്തിൽ നടക്കുന്ന നിർബന്ധിത മതപരിവർത്തനങ്ങളെക്കുറിച്ച് ഒരു ദേശീയ ചാനൽ പുറത്തുവിട്ട വാർത്തകളും അപേക്ഷയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഹാദിയയുടെയും ഷെഫിൻ ജഹാന്റെയും വിവാഹം നടത്താൻ മുൻകൈയെടുത്തത് പോപ്പുലർ ഫ്രണ്ടിന്റെ നേതാവായ സൈനബയാണ്. ഇവർ നിരവധി പേരെ നിർബന്ധിച്ച് മതംമാറ്റിയിട്ടുണ്ട്. ഇക്കാര്യം ദേശീയ വാർത്താ ചാനൽ നടത്തിയ ഒളികാമറ ഓപ്പറേഷനിൽ സൈനബ ഏറ്റുപറഞ്ഞിട്ടുണ്ട്. ഐ.എസ് ഏജന്റ് മൻസി ബുറാഖുമായി ഷെഫിൻ ജഹാൻ നടത്തിയെന്ന് പറയുന്ന സംഭാഷണങ്ങളും അപേക്ഷയ്ക്കൊപ്പമുണ്ട്. ദേശവിരുദ്ധ പ്രവർത്തനങ്ങളും നിർബന്ധിത മതപരിവർത്തനവുമാണ് പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന അജണ്ടയെന്നും ഷെഫിൻ ജഹാൻ അതിലെ സജീവ പ്രവർത്തകനാണെന്നും അപേക്ഷയിൽ ആരോപിക്കുന്നു.