താടിയും മുടിയും വടിപ്പിച്ചു, തീപ്പെട്ടിക്കൊള്ളി കൊണ്ട് മുറിയുടെ അളവെടുപ്പിച്ചു; 11 മലയാളി വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

മംഗളൂരു- ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ താടിയും മീശയും വടിപ്പിച്ച സംഭവത്തില്‍ 11 മലയാളി വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. റാഗിംഗിനിരയായതും മലയാളി വിദ്യാര്‍ഥികളാണ്.


ഉള്ളാള്‍ കനച്ചൂര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (കിംസ്) 11 ബി.എസ് സി സൈക്കോളജി, നഴ്‌സിംഗ് വിദ്യാര്‍ഥികളെയാണ് ഉള്ളാള്‍ പോലീസ് അറസ്റ്റ് ചെയ്തത്.

കോഴിക്കോട് സ്വദേശികളായ മുഹമ്മദ് ഷമോസ്-19, അസിന്‍ ബാബു-19, കോട്ടയം സ്വദേശികളായ കെ.എസ്. അക്ഷയ്-19, റോബിന്‍ ബിജു-20, ആല്‍വിന്‍ ജോയ്-19, ജെറോം സിറില്‍-19, കാസര്‍കോട് സ്വദേശികളായ അബ്ദുല്‍ അനനാസ്-21, ജയ്ഫിന്‍ റോയ്ചന്ന-19, പത്തനംതിട്ട സ്വദേശി മുഹമ്മദ് സൂരജ്-19, മലപ്പുറം സ്വദേശികളായ സുബിന്‍ മെഹ്‌റൂഫ്-21, അബ്ദുല്‍ ബാസിത്-19 എന്നിവരാണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു.

ഒന്നാം വര്‍ഷ വിദ്യാര്‍ഥികളോട് ഇവര്‍ താടിയും മുടിയും നീക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് പോലീസ് കമ്മീഷണര്‍ എന്‍. ശശി കുമാര്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു. ചിലരെ കൊണ്ട് തീപ്പെട്ടി കൊള്ളികള്‍ എണ്ണിക്കുകയും മറ്റു ചിലരെ കൊണ്ട് തീപ്പെട്ടി കൊള്ളികള്‍ ഉപയോഗിച്ച് മുറിയുടെ അളവെടുപ്പിക്കുകയും ചെയ്തു. അനുസരിക്കാത്തവരെ മര്‍ദിക്കുകയും റൂമിയില്‍ അടച്ചുപൂട്ടുകയും ചെയ്തു.

മാനേജ്‌മെന്റിനെ അറിയിക്കുന്നതിനെതിരെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. അഞ്ച് വിദ്യാര്‍ഥികള്‍ മാനേജ്‌മെന്റ് പ്രതിനിധികളെ അറിയിച്ചതിനെ തുടര്‍ന്ന് അവരാണ് പോലീസില്‍ പരാതി നല്‍കിയത്.

 

Latest News