ഡെറാഡൂൺ- ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ വീണ്ടും പ്രളയഭീതി. മലമുകളിൽ ഉരുൾപൊട്ടിയതായി സൂചനകൾ പുറത്തുവന്നതോടെ തപോവൻ തുരങ്കം, റേനി ഗ്രാമം എന്നിവിടങ്ങളിലെ രക്ഷാപ്രവർത്തനം പ്രതിരോധ സേനകൾ നിർത്തിവച്ചു. ഋഷി ഗംഗയുടെ തീരങ്ങളിൽ താമസിക്കുന്നവരെ ഉയർന്ന പ്രദേശങ്ങളിലേക്കു മാറ്റി. സൈറൺ മുഴക്കിയാണ് ഋഷിഗംഗയ്ക്കു തീരത്തുള്ള ഗ്രാമങ്ങളിലെ ആളുകളെ സൈന്യം മാറ്റുന്നത്. ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് രക്ഷാപ്രവർത്തനം നിർത്തിയത്.
ചമോലിയിൽ മിന്നൽപ്രളയത്തിലകപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമം തുടരുന്നതിനിടെയാണ് വീണ്ടും മലയിടിഞ്ഞതായി റിപ്പോർട്ടു വന്നത്. എൻടിപിസിയുടെ തപോവൻ വിഷ്ണുഗഡ് വൈദ്യുത പദ്ധതിയുടെ ഭാഗമായ തുരങ്കത്തിൽ 35 പേരെങ്കിലും ഇപ്പോഴും അകപ്പെട്ടുകിടക്കുകയാണ്. തുരങ്കത്തിൽ വലിയ ദ്വാരമുണ്ടാക്കി കയറുപയോഗിച്ച് ഊർന്നിറങ്ങാനാണ് രക്ഷാസംഘത്തിന്റെ ശ്രമമെന്നു മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് പറഞ്ഞിരുന്നു. 3 ദിവസമായി ശ്രമിച്ചിട്ടും കവാടത്തിൽനിന്ന് ആകെ 100 മീറ്ററോളം മുന്നേറാനേ കരസേനാംഗങ്ങൾക്കു കഴിഞ്ഞിട്ടുള്ളൂ. അടിഞ്ഞുകൂടിയ സിമന്റും ചെളിയും നീക്കുക ഏറെ ശ്രമകരമാണ്. മണ്ണുമാന്തി യന്ത്രമുൾപ്പെടെ ഉപയോഗിച്ചു രാപകലില്ലാതെ ശ്രമം തുടരുകയായിരുന്നു.
ദുരന്തത്തിൽ മരണം 34 ആയി. 172 പേരെയെങ്കിലും ഇനി കണ്ടെത്താനുണ്ട്. എത്ര പേരെ കണ്ടുകിട്ടാനുണ്ടെന്നു കണക്കില്ലെന്നതാണു സ്ഥിതി. 131 പേരുടെ വിശദാംശങ്ങളേ ലഭ്യമായിട്ടുള്ളൂ. ദുരന്തവേളയിൽ നിർമാണസ്ഥലത്തുണ്ടായിരുന്നവരുടെ എണ്ണം കണക്കാക്കിയാണ് 172 പേരെന്ന അനുമാനം. എൻടിപിസി പദ്ധതിയുടെ ഓഫിസുകൾ പൂർണമായി ഒലിച്ചുപോയതിനാൽ ജോലി ചെയ്തിരുന്നവരെക്കുറിച്ചുള്ള രേഖകളെല്ലാം നഷ്ടമായി. വിശദാംശങ്ങൾ ലഭ്യമായവരുടെ പട്ടികയിൽ 3 പേർ നേപ്പാളിൽ നിന്നുള്ളവരാണ്. മറ്റു 128 പേർ ഉത്തരാഖണ്ഡ്, യുപി, ബംഗാൾ, ജാർഖണ്ഡ്, ബിഹാർ, പഞ്ചാബ്, ജമ്മു കശ്മീർ സ്വദേശികളും.