കൊച്ചി- വഞ്ചന കേസിൽ ബോളിവുഡ് നടി സണ്ണി ലിയോണിക്കെതിരെ ക്രൈബ്രാഞ്ച് കേസെടുത്തു. വിശ്വാസവഞ്ചന, ചതി, പണാപഹാരണം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. സണ്ണിയുടെ ഭർത്താവ് ഡാനിയൽ വെബറും മാനേജർ സണ്ണി രജനിയുമാണ് മറ്റു പ്രതികൾ. കേസുമായി ബന്ധപ്പെട്ട് സണ്ണിയെ വീണ്ടും ചോദ്യം ചെയ്യും. അങ്കമാലിയിൽ വാലന്റൈൻസ് ദിനത്തിൽ നടത്താനിരുന്ന പരിപാടിക്കായി പണം വാങ്ങിയെങ്കിലും പങ്കെടുക്കാൻ എത്തിയില്ലെന്ന പരാതിയിലാണ് കേസ്. വഞ്ചനക്കേസിൽ സണ്ണി ലിയോണിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. നോട്ടിസ് നൽകാതെ അറസ്റ്റ് പാടില്ലെന്നാണ് ഹൈക്കോടതി നിർദേശം. സ്‌റ്റേജ് ഷോ നടത്താമെന്ന ഉറപ്പിൽ 39 ലക്ഷം രൂപ വാങ്ങിയെന്നും കരാർ ലംഘനം നടത്തി വഞ്ചിച്ചെന്നും പരാതിയിൽ പറയുന്നു.
ബഹ്‌റൈനിൽ നടത്താനിരുന്ന പരിപാടിക്കായി 19 ലക്ഷം നൽകിയിരുന്നെന്ന പരാതിക്കാരന്റെ പുതിയ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് വീണ്ടും ചോദ്യം ചെയ്യാനുള്ള തീരുമാനം. പരാതിക്കാരൻ ഷിയാസിന്റെ മൊഴി പെരുമ്പാവൂരിൽനിന്നു എടുത്ത ശേഷമായിരിക്കും ചോദ്യം ചെയ്യൽ. അടുത്തയാഴ്ച ഇയാളിൽനിന്ന് മൊഴിയെടുക്കും. ഇപ്പോൾ കേരളത്തിൽ അവധി ആഘോഷത്തിലാണ് സണ്ണി. ജനുവരി 21ന് സ്വകാര്യ ചാനലിലെ ഒരു പരിപാടിയുടെ ഷൂട്ടിങ്ങിനായാണ് താരം കുടുംബത്തോടൊപ്പം കേരളത്തിലെത്തിയത്. ഒരാഴ്ച ക്വാറന്റീനിൽ കഴിഞ്ഞ താരം പിന്നീട് ഷൂട്ടിങിനും ഉദ്ഘാടന പരിപാടികൾക്കും ഡേറ്റ് നൽകിയിരുന്നു. അതിനിടെയാണ് വിവാദങ്ങൾ ഉണ്ടായത്. കേരളത്തിലും വിദേശത്തും സ്‌റ്റേജ് ഷോ നടത്താൻ 2016 മുതൽ 2019 വരെ 39 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്നാണ് പരാതി. പണം വാങ്ങി വഞ്ചിച്ചതായി ഷിയാസ് ഡിജിപിക്കു നൽകിയ പരാതിയിൽ െ്രെകംബ്രാഞ്ച് ഈ മാസം ആദ്യം സണ്ണി ലിയോണിയെ ചോദ്യം ചെയ്തിരുന്നു.