ലോസ്ഏഞ്ചല്‍സ്- വ്യക്തി ജീവിതത്തിലെ മറക്കാനാവാത്ത സംഭവങ്ങളും കഥകളും പങ്കുവച്ച് ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ പുസ്തകം 'അണ്‍ഫിനിഷ്ഡ്'. കൗമാര കാലത്തെ പ്രണയത്തെ കുറിച്ചുള്ള രസകരമായ അനുഭവങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് പ്രിയങ്ക. അമേരിക്കയില്‍ ആയിരുന്നു പ്രിയങ്കയുടെ സ്‌കൂള്‍ പഠനം. ഇന്ത്യനാപോളിസില്‍ അമ്മായിക്കൊപ്പമാണ് പ്രിയങ്ക താമസിച്ചിരുന്നത്. സഹപാഠിയായിരുന്നു ബോബ് എന്ന കുട്ടിയുമായി അഗാധ പ്രണയത്തില്‍ ആയിരുന്നു താന്‍ എന്നാണ് പ്രിയങ്ക പറയുന്നത്. വിവാഹം ചെയ്യാന്‍ പോലും ആഗ്രഹിച്ചിരുന്നു. ബോബ് വീട്ടില്‍ വന്നതും അമ്മായി പിടികൂടിയതിനെ കുറിച്ചുമാണ് പുസ്തകത്തില്‍ പറയുന്നത്. ബോബ് തന്നോടൊപ്പം വീട്ടിലേക്ക് വന്നു. ടിവി കണ്ടിരിക്കുമ്പോഴാണ് അമ്മായി വന്നത്. ബോബിന് പുറത്തേക്ക് പോകാന്‍ വഴിയില്ല. പേടിയും പരിഭ്രമവുമായി. ഒടുവില്‍ ക്ലോസറ്റ് (കബോര്‍ഡ്) ചൂണ്ടിക്കാണിച്ച് അതില്‍ പതുങ്ങിയിരിക്കാന്‍ ബോബിനോട് ആവശ്യപ്പെട്ടു. അമ്മായി വീട്ടിലെത്തിയപ്പോള്‍ താന്‍ പുസ്തകം തുറന്ന് പഠിക്കുന്നതായി നടിച്ചു. എന്നാല്‍ അമ്മായി മുറിയില്‍ വന്ന് എല്ലായിടത്തും പരിശോധിക്കാന്‍ തുടങ്ങി.
ഒടുവില്‍ ക്ലോസറ്റിന്റെ വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടു. താന്‍ ഭയന്ന് വിറച്ചു. അമ്മായിയാണെങ്കില്‍ കടുത്ത ദേഷ്യത്തിലും. വാതില്‍ തുറന്നപ്പോള്‍ ബോബ് പുറത്തേക്ക് വന്നു. അമ്മായി ഇത് അമ്മയെ വിളിച്ച് അറിയിച്ചു. അവള്‍ മുഖത്ത് നോക്കി നുണ പറഞ്ഞു എന്ന് വിശ്വസിക്കാനാവുന്നില്ല, ഒരു ആണ്‍കുട്ടിയെ ക്ലോസറ്റില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു എന്ന്. 1999ല്‍ മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുക്കാനായാണ് പ്രിയങ്ക ചോപ്ര ഇന്ത്യയിലേക്ക് മടങ്ങുന്നത്. മിസ് ഇന്ത്യ 2000 മത്സരത്തില്‍ പ്രിയങ്ക രണ്ടാം സ്ഥാനത്തെത്തി. ലാറ ദത്തയായിരുന്നു ആ വര്‍ഷം മിസ്സ് ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് മിസ് വേള്‍ഡ് മത്സരത്തില്‍ പങ്കെടുത്ത പ്രിയങ്ക കീരിടം ചൂടി. തുടര്‍ന്ന് സിനിമയില്‍ സജീവമാവുകയായിരുന്നു. നിക്ക് ജോനാസിനെ വിവാഹം കഴിച്ചു ഹോളിവുഡിലും സജീവമാണ് താരം.