ആദ്യ ചിത്രത്തിലൂടെതന്നെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയ അഭിനേത്രിയാണ് രജിഷ വിജയൻ. കോഴിക്കോട്ടുകാരിയാണെങ്കിലും ഇപ്പോൾ കൊച്ചിയിലാണ് താമസം. നോയിഡ സർവ്വകലാശാലയിൽനിന്നും ജേണലിസത്തിൽ ബിരുദം നേടിയ രജിഷ ടെലിവിഷൻ അവതാരക എന്ന നിലയിലാണ് ക്യാമറയ്ക്കുമുന്നിൽ പ്രത്യക്ഷപ്പെട്ടുതുടങ്ങിയത്. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത അനുരാഗ കരിക്കിൻവെള്ളം എന്ന ചിത്രത്തിലെ എലിസബത്ത് എന്ന എലിയുടെ സ്വാഭാവിക അഭിനയത്തിലൂടെയാണ് രജിഷ സംസ്ഥാന പുരസ്‌കാരത്തിലേയ്ക്കു നടന്നുകയറിയത്.
ചുരുങ്ങിയ കാലത്തിനുള്ളിൽ വൈവിധ്യമാർന്ന ഒട്ടേറെ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ കഴിഞ്ഞ രജിഷ തമിഴിലേക്ക് ചുവടുവെച്ചിരിക്കുകയാണിപ്പോൾ. അതും സൂപ്പർ താരം ധനുഷിന്റെ നായികയായി.
മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന കർണ്ണൻ ഏപ്രിലിൽ റിലീസ് ചെയ്യാനിരിക്കുകയാണ്. ചിത്രത്തിൽ ഒരു നാടൻ തമിഴ് പെൺകുട്ടിയുടെ വേഷമാണ് രജിഷ അവതരിപ്പിക്കുന്നത്.
ഒരു ജീനിയസ് സംവിധായകനാണ് മാരി സെൽവരാജ് എന്ന് രജിഷ പറഞ്ഞു. മലയാളത്തിൽനിന്നും വളരെ വ്യത്യസ്തമായ അന്തരീക്ഷമാണ് തമിഴിൽ. ഒരു വർഷത്തോളം ഈ ചിത്രത്തിന്റെ ഭാഗമായുണ്ടായിരുന്നു. കർണ്ണൻ ഒരു നാടിന്റെ കഥയാണ്. ഒരു നാടിന്റെ ദൃശ്യഭംഗി അപ്പാടെ ഈ ചിത്രത്തിൽ ഒപ്പിയെടുത്തിട്ടുണ്ട്.
ധനുഷ് സാർ ഏറെ കഴിവുള്ള നടനാണെന്ന് പറയേണ്ടതില്ല. അദ്ദേഹത്തിന്റെ അഭിനയം ശരിക്കും ഞെട്ടിക്കുന്നതാണ്. അധികമൊന്നും സംസാരിക്കില്ലെങ്കിലും ആക്ഷൻ പറഞ്ഞുകഴിഞ്ഞാൽ അദ്ദേഹം കഥാപാത്രമായി മാറുന്നത് അത്ഭുതപ്പെടുത്തുമെന്ന് രജിഷ പറഞ്ഞു.
മലയാളത്തിലെ പുതിയ നായികമാരിൽ അഭിനയമികവുകൊണ്ട് വിജയം കൈവരിച്ചവരിലൊരാളാണ് രജിഷ. അഭിനയത്തോടുള്ള ആത്മാർത്ഥമായ അഭിനിവേശമാണ് രജിഷയുടെ വളർച്ചയ്ക്ക് വഴിയൊരുക്കിയതും. ജോർജേട്ടൻസ് പൂരത്തിലെ മെർളിനും ജൂണിലെ കേന്ദ്രകഥാപാത്രമായ ജൂണും വിനീത് ശ്രീനിവാസനോടൊപ്പം വേഷമിട്ട ഒരു സിനിമാക്കാരനിലെ സാറയും ഫൈനൽസിലെ ആലീസും സ്റ്റാൻഡ് അപ്പിലെ ദിയയുമെല്ലാം രജിഷയുടെ അഭിനയമികവുകൊണ്ട് ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളായിരുന്നു.
കോവിഡ് കാലത്തും രജിഷയ്ക്ക് വെറുതെയിരിക്കേണ്ടിവന്നിട്ടില്ല. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ലവ് എന്ന ചിത്രത്തിലായിരുന്നു ആദ്യം വേഷമിട്ടത്. ആദ്യമായി ഒരു ത്രില്ലർ സിനിമയിൽ വേഷമിടുന്നതും ലവിലൂടെയായിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇരുപതോളം പേർ ചേർന്ന് ഒരു ഫഌറ്റിനുള്ളിലാണ് ലവിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചത്. കോവിഡിനെ തുടർന്ന് ചലച്ചിത്രലോകം നേരിടുന്ന വെല്ലുവിളിയെ എങ്ങനെ അതിജീവിക്കാനാവും എന്ന് തെളിയിക്കുകയായിരുന്നു ഈ ചിത്രം. ലോക്ഡൗൺ കാലത്ത് എങ്ങനെയൊരു സിനിമ നിർമ്മിക്കാമെന്ന ചിന്തയിൽനിന്നാണ് ലവ് പിറവികൊണ്ടത്.
രാഹുൽ ജി നായരുടെ ഖൊ ഖൊ ആയിരുന്നു അടുത്ത ചിത്രം. പേരു പോലെതന്നെ ഒരു കായിക ഇനമായതുകൊണ്ട് മനസ്സും ശരീരവും അർപ്പിച്ചാണ് ഈ ചിത്രത്തിൽ സഹകരിച്ചത്. സ്‌പോർട്‌സിന് പ്രാധാന്യമുള്ള ചിത്രമെന്ന നിലയ്ക്ക് ഏറെ പരിശ്രമം ആവശ്യമായിരുന്നു. ചിത്രീകരണത്തിലും ഏറെ ബുദ്ധിമുട്ടുകളുണ്ടായിരുന്നു. എങ്കിലും എല്ലാവരുടെയും തികഞ്ഞ സഹകരണംകൊണ്ട് ആ ചിത്രവും പൂർത്തിയാക്കാൻ കഴിഞ്ഞു.
മരിയ ഫ്രാൻസിസ് എന്ന കഥാപാത്രത്തെയാണ് ഖൊ ഖൊയിൽ അവതരിപ്പിച്ചത്. ഒരു അത്‌ലറ്റിക് കോച്ചാണ് മരിയ. ഒരു തുരുത്തിലെ ഗേൾസ് സ്‌കൂളിലായിരുന്നു മരിയയുടെ നിയമനം. ഖൊ ഖൊ ഗെയിമിനോടുള്ള അവിടത്തെ കുട്ടികളുടെ താൽപര്യം കണ്ടറിഞ്ഞ് അവിടെ ഒരു ടീം ഉണ്ടാക്കുകയായിരുന്നു. വെറുമൊരു സ്‌പോർട്‌സ് ചിത്രം എന്നതിലുപരി ഒരു കോച്ചും പതിനഞ്ചു കുട്ടികളും തമ്മിലുള്ള വൈകാരിക ബന്ധവും ഈ ചിത്രം വെളിവാക്കുന്നുണ്ട്.
തികച്ചും ആകസ്മികമായിട്ടായിരുന്നു ഈ ചിത്രത്തിലെത്തിയത്. രാഹുലും ഞാനും സുഹൃത്തുക്കളാണ്. ഇടയ്ക്ക് ഒരു സംസാരത്തിനിടയിലാണ് ഈ വിഷയം കടന്നുവന്നത്. ഉത്തരേന്ത്യയിലെ എന്റെ സ്‌കൂൾ പഠനകാലത്ത് ഞങ്ങൾ അവിടെ ഖൊ ഖൊ കളിക്കാറുണ്ടായിരുന്നു. എങ്കിലും ഈ കളിയെക്കുറിച്ച് കൂടുതലൊന്നും അറിയുമായിരുന്നില്ല. നമ്മുടെ രാജ്യത്ത് രൂപമെടുത്ത ഏറെ അദ്ധ്വാനം വേണ്ടുന്ന ഒരു കായികവിനോദമാണ് ഖൊ ഖൊ എന്ന് പിന്നീടാണ് മനസ്സിലായത്. രാഹുൽ തിരക്കഥയൊരുക്കി വായിക്കാൻ തന്നപ്പോൾ ഇഷ്ടമായി. ഒരു മാസത്തിനുള്ളിൽ ചിത്രീകരണവും തുടങ്ങി. ചിത്രത്തിൽ മമിത എന്ന കുട്ടി മാത്രമേ സിനിമാ മേഖലയിൽ നിന്നുണ്ടായിരുന്നുള്ളു. ബാക്കിയുള്ളവരെല്ലാം ശരിക്കും ഖൊ ഖൊ കളിക്കാരായിരുന്നു. അതുകൊണ്ടുതന്നെ ഓരോ രംഗവും അവർ ഗംഭീരമാക്കി. അഭിനയത്തിൽ ഒരു മുൻപരിചയമില്ലാതിരുന്നിട്ടും എല്ലാവരും നല്ല കൂട്ടായി എന്നോടൊപ്പം നിന്നു. കോച്ചിന്റെ വേഷമായിരുന്നതുകൊണ്ട് കൂടുതലൊന്നും പരിശീലനം വേണ്ടിവന്നില്ല. എങ്കിലും നിയമാവലികളെല്ലാം പഠിച്ചിരുന്നു.
ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന എല്ലാം ശരിയാകും എന്ന ചിത്രമായിരുന്നു അടുത്തത്. ആസിഫ് അലി നായകനാകുന്ന ചിത്രം ഒരു കുടുംബകഥയാണ്. രാഷ്ട്രീയ കുടുംബ പശ്ചാത്തലത്തിലൂടെ ഇടതുപക്ഷ യുവജന പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകനായ ഒരു യുവാവിന്റെ കഥ തികച്ചും രസകരമായാണ് അവതരിപ്പിക്കുന്നത്.
അവതരിപ്പിച്ച വേഷങ്ങളിൽ ഇപ്പോഴും മനസ്സിൽ തങ്ങിനിൽക്കുന്നത് വിധു വിൻസെന്റ് സംവിധാനം ചെയ്ത സ്റ്റാൻഡപ്പിലെ ദിയ എന്ന കഥാപാത്രമാണ്. റേപ്പ് വിക്ടിം എന്നല്ല സർവൈവർ എന്നാണ് ആ കഥാപാത്രത്തെക്കുറിച്ച് പറയുന്നത്. മാനസികമായി ഒരുപാട് തളർത്തിയ വേഷമായിരുന്നു അത്. ചിത്രീകരണം പൂർത്തിയായിട്ടും ഇപ്പോഴും ആ കഥാപാത്രത്തിൽനിന്നും മുക്തി നേടാനായിട്ടില്ല. ക്യാമറയ്ക്കു മുന്നിൽ അഭിനയിക്കുമ്പോൾ ഇത്രയധികം മാനസിക സംഘർഷം അനുഭവിക്കുന്നുണ്ടെങ്കിൽ യഥാർത്ഥ ജീവിതത്തിൽ ഇത്തരം വെല്ലുവിളി നേരിട്ട ഒരു പെൺകുട്ടി എങ്ങനെ അതിജീവിക്കുന്നു എന്ന് ചിന്തിക്കാറുണ്ട്.
ജൂൺ എന്ന കഥാപാത്രത്തിനുവേണ്ടി മുടി മുറിക്കേണ്ടിവന്നു. കൂടാതെ സ്‌കൂൾ വിദ്യാർത്ഥിയുടെ വേഷമായതുകൊണ്ട് ശരീരഭാരവും കുറച്ചു. ഫൈനൽസിനുവേണ്ടി സൈക്കിളിംഗ് പഠിച്ചു. സൈക്കിൾ ബാലൻസ് ഇല്ലാതിരുന്നിട്ടും പഠിച്ചെടുക്കുകയായിരുന്നു. ഓരോ കഥാപാത്രത്തിനുവേണ്ടിയും ഹോംവർക്ക് ചെയ്യാൻ ഒരുക്കമായിരുന്നു. ഫൈനൽസിന്റെ ചിത്രീകരണത്തിനിടയിൽ കാലിൽ പരിക്കേറ്റതുമൂലം ഏറെ വേദന അനുഭവിക്കേണ്ടിവന്നിരുന്നു. ചിത്രത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം ചിത്രീകരിച്ചത് അതിനുശേഷമായിരുന്നു. ഒരു സ്റ്റെപ്പ് കയറാൻ പോലും കഴിയാത്ത വേദനയുള്ളപ്പോഴായിരുന്നു ക്ലൈമാക്‌സ് ചിത്രീകരിച്ചത്.
2020 ഒരിക്കലും മറക്കാനാവില്ല. ഒട്ടേറെ പേർക്ക് ജീവനും തൊഴിലുമെല്ലാം നഷ്ടപ്പെട്ട വർഷമായിരുന്നു. പുറത്തിറങ്ങാനാവാതെ വീട്ടിൽതന്നെ കഴിയേണ്ട അവസ്ഥയുണ്ടായി. ഇതിനിടയിലും നാലോളം ചിത്രങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞു എന്നത് സന്തോഷമുള്ള കാര്യമാണ്.
ഓരോ സിനിമ കഴിയുമ്പോഴും ഒരു യാത്ര പോവുക എന്നത് രജിഷയുടെ പതിവാണ്. മനസ്സിൽനിന്നും ആ കഥാപാത്രത്തെ ഒഴിവാക്കാൻ വേണ്ടിയാണിത്. യാത്ര കഴിഞ്ഞ് തിരിച്ചെത്തുമ്പോഴേയ്ക്കും മനസ്സ് ഫ്രഷായിരിക്കും.
ജീവിതത്തിൽ ഏറെ സന്തോഷം തോന്നിയ നിമിഷം എന്റെ മുഖം ആദ്യമായി ബിഗ് സ്‌ക്രീനിൽ കണ്ടപ്പോഴാണ്. ഓരോ സിനിമയും ആദ്യദിവസംതന്നെ തിയേറ്ററിൽ പോയി കാണുക എന്ന പതിവുമുണ്ട്.
മനസ്സിനിണങ്ങിയ കുറേ കഥാപാത്രങ്ങളെ അവതരിപ്പിച്ചെങ്കിലും ഇനിയും ചില വേഷങ്ങൾ ബാക്കിയുണ്ട്. കോമഡി വേഷങ്ങളും നെഗറ്റീവ് കഥാപാത്രങ്ങളും അവതരിപ്പിക്കാൻ ഇഷ്ടമാണ് -രജിഷ പറഞ്ഞുനിർത്തുന്നു.