ന്യൂയോർക്ക്- കോവിഡ് വാക്‌സിൻ സ്വീകരിച്ച് അര മണിക്കൂറിനകം 70കാരൻ കുഴഞ്ഞുവീണ് മരിച്ചു. ന്യൂയോർക്ക് നഗരത്തിലാണ് സംഭവം അരങ്ങേറിയതെന്ന് അധികൃതർ വെളിപ്പെടുത്തി. മാൻഹാട്ടണിലെ ജേക്കബ് ജാവിട്‌സ് കൺവെൻഷൻ സെന്ററിൽ വാക്‌സിൻ സ്വീകരിച്ച് 25ാം മിനിറ്റിലാണ് സംഭവമെന്ന് ന്യൂയോർക്ക് സ്‌റ്റേറ്റ് ഹെൽത്ത് കമ്മീഷണർ ഡോ. ഹൊവാർഡ് സുക്കർ വ്യക്തമാക്കി.
ഓൺസൈറ്റ് സെക്യൂരിറ്റിയും, ഫസ്റ്റ് റെസ്‌പോണ്ടേഴ്‌സും നിമിഷങ്ങൾക്കുള്ളിൽ സംഭവസ്ഥലത്തേക്ക് കുതിച്ചെത്തിയെങ്കിലും കുറച്ചു സമയത്തിന് ശേഷം അടുത്തുള്ള ആശുപത്രിയിൽ മരിച്ചതായി സ്ഥിരീകരിക്കുകയാണ് ചെയ്തത്. ഇദ്ദേഹത്തിന്റെ മരണത്തിന് വാക്‌സിനുമായി ബന്ധമുണ്ടോയെന്ന് ഇപ്പോഴും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
വാക്‌സിനോട് ഗുരുതരമായ റിയാക്ഷനുകൾ വളരെ അപൂർവ്വമായാണ് കരുതുന്നത്. ഇതിൽ ഭൂരിഭാഗവും അനാഫിലാക്‌സിസ് എന്നറിയപ്പെടുന്ന അലർജിക് റിയാക്ഷനുമായി ബന്ധപ്പെട്ടതാണ്. പ്രാഥമിക വിവരങ്ങൾ പ്രകാരം മരിച്ച വ്യക്തിക്ക് വാക്‌സിനിൽ നിന്നും അലർജിക് റിയാക്ഷൻ രൂപപ്പെട്ടില്ലെന്നാണ് വിവരം, ഡോ. ഹൊവാർഡ് സുക്കർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
15 മിനിറ്റ് ഒബ്‌സർവേഷന് ശേഷം യാതൊരു റിയാക്ഷനും, മറ്റ് ബുദ്ധിമുട്ടുകളും കാണിക്കാതെയായിരുന്നു കുഴഞ്ഞുവീണതെന്ന് സുക്കർ കൂട്ടിച്ചേർത്തു. ആശുപത്രിയിൽ എത്തിച്ച രോഗി തൊട്ടുപിന്നാലെ മരണമടഞ്ഞതായി എഫ്ഡിഎൻവൈ വ്യക്തമാക്കി. മരിച്ച വ്യക്തിയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഏത് ടൈപ്പ് കോവിഡ്19 വാക്‌സിനാണ് നൽകിയതെന്നും വ്യക്തമല്ല.
ഈ സംഭവത്തിന്റെ പേരിൽ വാക്‌സിൻ സുരക്ഷിതമല്ലെന്ന ചിന്ത വേണ്ടെന്ന് ജാവിസ് സെന്ററും, സുക്കറുടെ ഓഫീസും വ്യക്തമാക്കി. ന്യൂയോർക്ക് നഗരത്തിലെ മാസ് വാക്‌സിനേഷൻ സൈറ്റുകളിൽ ഒന്നാണ് ജാവിസ് സെന്റർ. എന്തായാലും വിഷയം മുതലെടുക്കാനാണ് വാക്‌സിൻ വിരുദ്ധരുടെ ശ്രമം