ന്യൂദല്‍ഹി- ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിന് ഇരയായി ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ മകള്‍ ഹര്‍ഷിത കെജ്രിവാള്.
ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി സോഫാ സെറ്റ് വില്ക്കാന് ശ്രമിച്ച ഹര്‍ഷിതയ്ക്ക് 34,000 രൂപയാണ് നഷ്ടമായത്.
സെക്കന്‍ഡ് ഹാന്‍ഡ് സോഫാ സെറ്റ് വില്‍ക്കാനുണ്ടെന്ന് കാണിച്ച് ഹര്‍ഷിത സൈറ്റില്‍ പോസ്റ്റിടുകയായിരുന്നു. വാങ്ങാന്‍ താല്പര്യമുണ്ടെന്നറിയിച്ച് ഒരാള്‍ ഹര്‍ഷിതയെ സമീപിച്ചു. വില പറഞ്ഞ് കരാര്‍ ഉറപ്പിക്കുകയും ചെയ്തു. ഇതിന് മുന്നോടിയായി ഹര്‍ഷിതയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ വെരിഫൈ ചെയ്യുന്നതിനായി ഇവരുടെ അക്കൗണ്ടിലേക്ക് കുറച്ചു തുക അയച്ചു നല്കി.
തുടര്‍ന്ന് ഒരു ക്യുആര്‍ കോഡ് ഹര്‍ഷിതയ്ക്ക് അയച്ചു നല്കിയ ഇയാള്‍, ബാക്കി പണം ലഭിക്കുന്നതിനായി കോഡ് സ്കാന്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു.
ഇത് ചെയ്തതോടെ 20,000 രൂപ അക്കൗണ്ടില്‍ നിന്നും നഷ്ടമായി. ഇക്കാര്യം പറഞ്ഞപ്പോള്‍ അബദ്ധത്തില്‍ തെറ്റായ ക്യുആര്‍ കോഡാണ് അയച്ച് നല്‍കിയതെന്നും പറഞ്ഞ് പുതിയ ക്യൂആര്‍ കോഡ് നല്കി.
ഇതനുസരിച്ച് ചെയ്തപ്പോള്‍ 14000 രൂപ കൂടി നഷ്ടമായി. തട്ടിപ്പാണെന്ന് മനസിലായതിന് പിന്നാലെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.