ന്യൂദല്‍ഹി-ഇന്ത്യയില്‍ പുതിയൊരു വിഭാഗം സമര ജീവികള്‍ ഉദയം ചെയ്തിട്ടുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് കര്‍ഷക സംഘടനകള്‍. ബ്രിട്ടീഷ് സാമ്രാജ്യത്വത്തില്‍ നിന്ന് ഇന്ത്യയെ മോചിപ്പിച്ചത് ഒരുകൂട്ടം സമര ജീവികളാണെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച പ്രധാനമന്ത്രിയെ ഓര്‍മപ്പെടുത്തി. അതിനാല്‍ സമര ജീവിയെന്നതില്‍ അഭിമാനിക്കുന്നുവെന്നും സംയുക്ത കിസാന്‍ മോര്‍ച്ച പ്രസ്താവനയില്‍ അറിയിച്ചു.
പ്രധാനമന്ത്രിയുടെ പ്രസ്താവനയെ അപലപിക്കുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തില്‍ നിന്ന് ഇന്ത്യയെ മോചിപ്പിക്കാന്‍ സഹായിച്ചത് സമര ജീവികളാണെന്ന് മോഡിയെ ഓര്‍മിപ്പിക്കുന്നു. അതുകൊണ്ടുതന്നെ സമര ജീവിയായതില്‍ അഭിമാനിക്കുന്നുവെന്നും സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കി.
ബിജെപിയും അവരുടെ മുന്‍ഗാമികളും ബ്രിട്ടീഷുകാര്‍ക്കെതിരേയുള്ള പ്രക്ഷോഭത്തില്‍ ഒരിക്കലും പങ്കെടുത്തിട്ടില്ല. ജനങ്ങളുടെ പ്രക്ഷോഭങ്ങളെ അവര്‍ ഭയപ്പെടുന്നു. ഇന്നത്തെ കര്‍ഷക സമരത്തെ ബിജെപിക്കാര്‍ ഭയപ്പെടുന്നത് അതുകൊണ്ടാണെന്നും കര്‍ഷക സംഘടനകള്‍ വിമര്‍ശിച്ചു.
ഇപ്പോഴും തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെങ്കില്‍ കൃഷി പാടങ്ങളിലേക്ക് തിരിച്ചുപോകാന്‍ കര്‍ഷകര്‍ക്ക് സന്തോഷമേയുള്ളു. സര്‍ക്കാരിന്റെ ധാര്‍ഷ്ട്യ മനോഭാവാണ് പ്രക്ഷോഭം നീണ്ടുപോകാന്‍ കാരണമെന്നും കര്‍ഷക നേതാക്കള്‍ ചൂണ്ടിക്കാണിച്ചു.