Sorry, you need to enable JavaScript to visit this website.

കാലാവസ്ഥ പ്രതികൂലം: റബർ വില മികവ് തുടരാം

കേരളത്തിലെ റബർ കർഷകർ കനത്ത പകൽ ചൂടിനെ തുടർന്ന് ടാപ്പിംഗിൽ നിന്ന് പിൻവാങ്ങാൻ തുടങ്ങി. മികച്ച കാലാവസ്ഥയിൽ ഏതാനും മാസങ്ങൾ സജീവമായിരുന്ന റബർ വെട്ട് താൽക്കാലികമായി നിർത്തി കർഷകർ രംഗം വിടുകയാണ്. ഇനി വേനൽ മഴയുടെ വരവിന് ശേഷം മാത്രം ഉൽപാദനം പുനരാരംഭിക്കാനാവൂ. വിപണികളിൽ ഒട്ടുപാൽ വരവ് കുറഞ്ഞു. വാരാരംഭം മുതൽ 9600 രൂപയിൽ പിടിച്ച് നിർത്തി ഒട്ടുപാൽ സംഭരിക്കാൻ ടയർ ലോബി കിണഞ്ഞു ശ്രമിച്ചെങ്കിലും ചരക്ക് കിട്ടാതായതോടെ ഒടുവിൽ അവർ നിരക്ക് 10,000 രൂപയായി ഉയർത്തി. വിപണിയിലെ സ്ഥിതിഗതികൾ വിലയിരുത്തിയാൽ മികവ് തുടരാം. ക്രംബ്ര് റബർ കിലോ 132-133 രൂപയിലാണ്. ലാറ്റക്‌സ് ലഭ്യത ചുരുങ്ങിയതിനാൽ വ്യവസായികൾ വില 10,300 രൂപയായി ഉയർത്തി. നാലാം ഗ്രേഡിന് 300 രൂപ വർധിച്ച് 15,300 രുപയായി. 


നാളികേര കർഷകർക്ക് ആശ്വാസം പകരാൻ കേന്ദ്രം കൊപ്രയുടെ താങ്ങ് വില ഉയർത്തിയതിന്റെ ആവേശത്തിലാണ് വ്യാപാര രംഗം. പ്രഖ്യാപനം പുറത്തുവന്നതോടെ കാർഷിക മേഖല സ്റ്റോക്കിൽ പിടിമുറുക്കിയത് വെളിച്ചെണ്ണ ചൂടുപിടിക്കാൻ അവസരം ഒരുക്കി. ദക്ഷിണേന്ത്യയിൽ കൊപ്ര വരവ് ചുരുങ്ങിയതിനാൽ വില ഉയർത്തി ലഭ്യത ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് മില്ലുകാർ. മലബാർ മേഖലയിൽ വിളവെടുപ്പ് തുടങ്ങിയെങ്കിലും ഉൽപാദനം കഴിഞ്ഞ സീസണിനെകാൾ കുറയുമെന്നാണ് സൂചന. കോഴിക്കോട് നിരക്ക് 14,000 രൂപയാണ്, കാങ്കയത്ത് വില 13,000 രൂപയും. കൊച്ചിയിൽ കൊപ്ര 12,600 രൂപയിൽ നിന്ന് 13,200 ലേയ്ക്ക് ഉയർന്നു. വെളിച്ചെണ്ണ 800 രൂപ ഉയർന്ന് 20,100 രൂപയായി.


രാജ്യാന്തര വിപണിയിൽ കുരുമുളക് ലഭ്യത പെടുന്നനെ കുറഞ്ഞത് അമേരിക്കയിലെയും യുറോപ്പിലെയും ബഹുരാഷ്ട്ര പൗഡർ യൂനിറ്റുകളെ പിരിമുറുക്കത്തിലാക്കി. ഒരുവർഷത്തിൽ ഏറെയായി വിലക്കയറ്റത്തെ പിടിച്ച് നിർത്തി ചരക്ക് സംഭരണം നടത്തുന്ന അവരുടെ കൈപിടിയിൽ നിന്ന് മുളക് വിപണി വഴുതി തുടങ്ങിയത് വ്യവസായികളെ അസ്വസ്ഥരാക്കുന്നു. 
ഈസ്റ്റർ വിൽപനയ്ക്കായുള്ള ചരക്ക് സംഭരണം പുരോഗമിക്കുന്നതിനിടയിലാണ് വിയെറ്റ്‌നാം മുളക് വില ഉയർത്തിയത്. കാലാവസ്ഥ മാറ്റം മൂലം വിളവെടുപ്പ് വൈകിയതിനാൽ ജനുവരി ഷിപ്പ്‌മെൻറ്റുകൾ പലർക്കും പുർത്തിയാക്കാനായില്ല. ഇതോടെ അവർ ടണ്ണിന് 600 ഡോളർ ഉയർത്തി 3100 ഡോളറാക്കി. ഉൽപാദനം സംബന്ധിച്ച വ്യക്തമായ കണക്കുകൾ ഇനിയും പുറത്തുവന്നിട്ടില്ലെങ്കിലും വിളവ് ചുരുങ്ങിയാൽ വിലക്കയറ്റം കൂടുതൽ ശക്തമാക്കാം. ഇന്തോനേഷ്യയും 3100 ഡോളർ ആവശ്യപ്പെട്ടു. ബ്രസീലിയൻ വില 3000 ഡോളറാണ്. ഇന്ത്യൻ നിരക്ക് ടണ്ണിന് 5000 ഡോളർ. കൊച്ചിയിൽ ഗാർബിൾഡ് 34,500 രൂപ. 


കൊച്ചി തേയില ലേലത്തിൽനിന്ന് ചരക്ക് സംഭരിക്കാൻ സി.ഐ.എസ് രാജ്യങ്ങളും പശ്ചിമേഷ്യൻ ഇറക്കുമതിക്കാരും കാണിച്ച ഉത്സാഹം ലേലത്തിൽ വീറും വാശിയും ഉയർത്തി. ലീഫ് ഓർത്തഡോക്‌സ് ലേലത്തിന് വന്ന ചരക്കിൽ 97 ശതമാനവും വിറ്റഴിഞ്ഞു. കിലോ 169 രൂപയിൽ ഇതിന്റെ ലേലം നടന്നു. മൊത്തം 1,29,000 കിലോഗ്രാം തേയിലയുടെ ലേലം നടന്നു. സി.റ്റി.സി ലേലത്തിൽ 44,000 കിലോയും ഡസ്റ്റ് വിഭാഗത്തിൽ 12,000 കിലോ ഓർത്തഡോക്‌സും 9,04,000 കിലോ സി.റ്റി.സിയും ലേലം കൊണ്ടു.  
സ്വർണാഭരണ കേന്ദ്രങ്ങളിൽ പവന് വില കുറഞ്ഞതോടെ സ്ത്രീകൾക്ക് ഒപ്പം വിവാഹ പാർട്ടികളും രംഗത്ത് സജീവമായി. 
പുതിയ വളയും മാലയും കമ്മലും വാങ്ങാൻ വില ഇടിവ് കണ്ട് സ്ത്രീകൾ ഉത്സാഹിച്ചു, ചിലർ പഴയ സ്വർണം കൊടുത്ത് പുതിയ ആഭരണങ്ങൾ സ്വന്തമാക്കി. വിവാഹ പാർട്ടികൾ വില ഇടിവ് നേട്ടമാക്കാൻ മുൻകൂർ കച്ചവടങ്ങൾക്ക് ഉത്സാഹിച്ചു. കേരളത്തിൽ 36,640 രൂപയിൽ വിൽപനയാരംഭിച്ച പവൻ നിത്യേനെ താഴ്ന്ന് വെള്ളിയാഴ്ച്ച 35,000 രൂപയിലെത്തി. അഞ്ച് ദിവസത്തിനിടയിൽ പവന് 1640 രൂപ കുറഞ്ഞു. 
ശനിയാഴ്ച വ്യാപാരം അവസാനിക്കുമ്പോൾ പവൻ 35,240 രൂപയിലാണ്. ഗ്രാമിന് വില 4405 രൂപ. രാജ്യാന്തര മാർക്കറ്റിൽ ട്രോയ് ഔൺസ് സ്വർണം 1848 ഡോളറിൽ നിന്ന് 1800 ലെ താങ്ങും തകർത്ത് 1784 ഡോളർ വരെ ഇടിഞ്ഞു,  ക്ലോസിംഗിൽ നിരക്ക് 1814 ഡോളറാണ്. യു.എസ് ഡോളർ സൂചിക മികവ് കാണിച്ചത് മഞ്ഞലോഹത്തിന്റെ തിളക്കത്തിന് മങ്ങൽ ഏൽപിച്ചു.    

 

Latest News