തിരുവനന്തപുരം-സംസ്ഥാനത്തെ അന്തരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ബുധനാഴ്ച നിശാഗന്ധി ഓഡിറ്റോറിയത്തില്‍ തിരി തെളിയും. 10ന് വൈകീട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും. മന്ത്രി എ.കെ.ബാലന്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ മുഖ്യാതിഥിയാകും. ചടങ്ങില്‍ ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്‌മെന്റ് നേടിയ ഷീന്‍ലുക്‌ഗൊദാര്‍ദിനു വേണ്ടി മുതിര്‍ന്ന സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പുരസ്‌കാരം ഏറ്റുവാങ്ങും. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഗൊദാര്‍ദിനു ചടങ്ങില്‍ നേരിട്ട് എത്താന്‍ കഴിയാത്തതിനാലാണിത്. തുടര്‍ന്ന് ജി.പി.രാമചന്ദ്രന്‍ രചിച്ച ഗൊദാര്‍ദ് പലയാത്രകള്‍ എന്ന പുസ്തകം മേയര്‍ ആര്യാ രാജേന്ദ്രന്‍ ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് സുരേഷ്‌കുമാറിന് നല്‍കിയും ഫെസ്റ്റിവല്‍ ബുള്ളറ്റിന്‍ കെ.ടി.ഡി.സി. ചെയര്‍മാന്‍ എം.വിജയകുമാര്‍ കിലേ ചെയര്‍മാന്‍ വി.ശിവന്‍കുട്ടിക്കു നല്‍കിയും പ്രകാശനം ചെയ്യും. ജാസ്മില സബാനിക് സംവിധാനം ചെയ്ത ബോസ്‌നിയന്‍ ചിത്രം 'ക്വോവാഡിസ്, ഐഡ' എന്നിവയാണ് രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രം. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കും. സെര്‍ബിയന്‍ ചരിത്രത്തിലെ ഏറ്റവും അക്രമാസക്തമായ സ്രെബെനിക്ക കൂട്ടക്കൊലയെ ആധാരമാക്കി രൂപപ്പെടുത്തിയ ഈ ചിത്രം ഇത്തവണത്തെ ഓസ്‌കാര്‍ നോമിനേഷന്‍ നേടിയിരുന്നു.
ചലച്ചിത്രമേളയില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള കോവിഡ് ആന്റിജന്‍ ടെസ്റ്റ് ഇന്ന് മുതല്‍ ടാഗോര്‍ തിയേറ്ററില്‍ ക്രമീകരിച്ചിട്ടുള്ള നാല് കൗണ്ടറുകളില്‍ നിന്നായി രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ നടക്കും. ഡെലിഗേറ്റ് സെല്ലും ഫെസ്റ്റിവല്‍ ഓഫീസും ഇന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. പാസ് വിതരണത്തിനായി ടാഗോര്‍ തിയേറ്ററില്‍ ഏഴു കൗണ്ടറുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആവുന്ന ഡെലിഗേറ്റുകള്‍ക്ക് അക്കാദമി നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ഫെസ്റ്റിവല്‍ കിറ്റും പാസും കൈപ്പറ്റാം. മേള തുടങ്ങുന്നതിന് 48 മണിക്കൂര്‍ മുന്‍പ് ലാബുകളിലോ ആശുപത്രികളിലോ ടെസ്റ്റ് ചെയ്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും പാസുകള്‍ കൈപ്പറ്റാമെന്നു അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രന്‍ അറിയിച്ചു.