വാഷിംഗ്ടണ്‍- ഇന്ത്യക്കാരുടെ ജാതി വിവേചനവും ചര്‍ച്ച ചെയ്യേണ്ട വിഷയമാണെന്ന് യു.എസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ മരുമകള്‍ മീനാ ഹാരിസ്.
ഇന്ത്യയിലെ കര്‍ഷക സമരത്തെ പിന്തുണച്ചതിനു പിന്നാലെ ഹിന്ദുത്വ തീവ്രവാദികള്‍ കോലം കത്തിച്ചതിനെ തുടര്‍ന്ന് ട്വീറ്റുകളും പ്രതികരണങ്ങളുമായി മീന ഹാരിസ് ട്വിറ്ററില്‍ ഇന്ത്യന്‍ വിഷയങ്ങളില്‍ സജീവമാണ്.
ഹിന്ദുവാണെന്ന വാദം തെറ്റാണെന്നും മതപരമായി അംഗീകരിക്കാന്‍ സാധിക്കുന്നതല്ലെന്നും ചൂണ്ടിക്കാട്ടിയുള്ള പ്രൊഫ. ദിലീപ് മണ്ടലിന്റെ ട്വീറ്റിനു മറുപടിയായാണ് ഇന്ത്യക്കാരില്‍ കാലങ്ങളായി കാണുന്നതാണ് ജാതീയതയെന്നും അതേക്കുറിച്ചും ചര്‍ച്ചയാകാമെന്നും മീനാ ഹാരിസ് പ്രതികരിച്ചത്.
സ്മൃതികളും ശാസ്ത്രങ്ങളും പ്രകാരം നിങ്ങള്‍ക്കൊരു ജാതി വേണമെന്നും നിങ്ങളുടെ അച്ഛനും മുത്തച്ഛനും ഭര്‍ത്താവുമൊക്കെ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിനെ പോലെ കറുത്തവരാണെന്നുമാണ് പ്രൊഫ. ദിലീപ് മണ്ടല്‍ മീനാ ഹാരിസിനോട് പറയുന്നത്. അത് കൊണ്ടുതന്നെ തൊട്ടുകൂടാത്തവളാണെന്നും ഞങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ഹിന്ദു തീവ്രവാദികളുടെ നിലപാടുകള്‍ക്കെതിരായ പരിഹാസമാണിതെന്ന് മനസ്സിലാക്കുമ്പോഴും യാഥാര്‍ഥ്യമാണെന്ന് മീന ഹാരിസ് തന്റെ ട്വീറ്റില്‍ പറഞ്ഞു.