അഹമ്മദാബാദ്- ഗുജറാത്ത് നിയമസഭയിലേക്കുള്ള ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചതിന് തൊട്ടുപിറകെ കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം. തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണക്കുമെന്ന് കരുതുന്ന പട്ടിദാർ അനാമത് ആന്ദോളൻ സമിതി പ്രവർത്തകരാണ് സൂറത്തിലെ കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം അഴിച്ചുവിട്ടത്. കോൺഗ്രസ് പ്രഖ്യാപിച്ച സ്ഥാനാർഥി പട്ടികയിലെ രണ്ടു പേരെ തങ്ങളുടെ അനുമതിയില്ലാതെയാണ് ഉൾപ്പെടുത്തിയത് എന്നാണ് ഇവരുടെ ആരോപണം. പട്ടിദാർ അനാമത് ആന്ദോളൻ സമിതിയുമായി ഒരു മണിക്കൂറിലേറെ നേരം ചർച്ച നടത്തിയാണ് കോൺഗ്രസ് സ്ഥാനാർഥി പട്ടികക്ക് രൂപം നൽകിയത്.
കോൺഗ്രസിന്റെ നടപടി അപലപനീയമാണെന്നും ഇതിനെതിരെ സംസ്ഥാന വ്യാപകമായി പ്രചാരണം നടത്തുമെന്നും ആന്ദോളൻ സമിതിയിലെ കോർ കമ്മിറ്റി അംഗമായ ദിനേശ് ബാംബാനി പറഞ്ഞു. ലളിത് വസോയ, നിലേഷ് പട്ടേൽ എന്നിവരെയാണ് കോൺഗ്രസ് പട്ടികയിൽ ഉൾപ്പെടുത്തിയത്. പട്ടിദാർ സമുദായവുമായി സംവരണം അടക്കമുള്ള കാര്യങ്ങളിൽ സമവായമായി എന്ന് അറിയിച്ച ശേഷമാണ് സ്ഥാനാർഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചത്.