ലാലേട്ടന്റെ മാസ് എന്റർടൈനർ ആകുമെന്ന് കരുതുന്ന ആറാട്ടിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ആറാം തമ്പുരാനിലെ ഒരു രംഗത്തെ ഓർമിപ്പിക്കുന്ന വിധമുള്ള ഒരു പോസ്റ്ററാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഒരു ഫൈറ്റ് സീനിനിടെ എടുത്ത സ്റ്റിൽ എന്ന് തോന്നിക്കുന്ന പോസ്റ്റർ ലാലേട്ടന്റെ ആരാധകരെ ആവേശം കൊള്ളിച്ചിരിക്കുന്നു.
ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ആറാട്ടിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നതേയുള്ളു. ചിത്രത്തിൽ നെയ്യാറ്റിൻകര ഗോപനെന്ന തന്റേടിയായ നയകനായാണ് മോഹൻലാൽ എത്തുന്നത്. ഉദയകൃഷ്ണയാണ് തിരക്കഥ തയാറാക്കിയത്. ആറാട്ടിന്റെ ആദ്യ ഷെഡ്യൂൾ പാലക്കാടായിരുന്നു ചിത്രീകരിച്ചത്. രണ്ടാം ഘട്ടം ഊട്ടിയിലും.
2255 എന്ന നമ്പറുള്ള കറുത്ത വിന്റേജ് ബെൻസ് കാറാണ് ചിത്രത്തിൻ മോഹൻലാലിന്റെ വാഹനം. സൂപ്പർ ഹിറ്റായിരുന്ന രാജാവിന്റെ മകനിൽ മോഹൻലാലിന്റെ ഫോൺ നമ്പറായിരുന്നു 2255.
പ്രശസ്ത തെന്നിന്ത്യൻ നടി ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ആറാട്ടിൽ, നെടുമുടി വേണു, സിദ്ദീഖ്, സായികുമാർ, വിജയരാഘവൻ, ഇന്ദ്രൻസ്, രാഘവൻ, നന്ദു, ബിജു പപ്പൻ, ഷീല, സ്വാസിക, മാളവിക, രചന നാരായണൻ കുട്ടി, സംവിധായകൻ ജോണി ആന്റണി തുടങ്ങിയവരും വേഷമിടുന്നു. വിജയ് ഉലകനാഥ് ആണ് ക്യാമറ. എഡിറ്റിംഗ് സമീർ മുഹമ്മദ്.