ബംഗളൂരു- പതിനേഴുകാരനൊപ്പം ഒളിച്ചോടിയ 24 കാരിയായ വീട്ടമ്മ ബലാത്സംഗക്കേസിൽ അറസ്റ്റിലായി. കോലാർ ഗോൾഡ് ഫീൽഡ്‌സ് (കെ.ജി.എഫ്) സ്വദേശിനിയായ വീട്ടമ്മയാണ് തമിഴ്‌നാട്ടിലെ വേളാങ്കണ്ണിയിൽ അറസ്റ്റിലായത്. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം തടയുന്നതിനുള്ള പോക്‌സോ നിയമം ചുമത്തിയാണ് വീട്ടമ്മയെ അറസ്റ്റു ചെയ്തത്.
ഇരുവരെയും വൈദ്യ പരിശോധന നടത്തിയ ശേഷമാണ് പോക്‌സോ നിയമം ചുമത്തിയത്. ഒരേ നാട്ടുകാരായ ഇരുവരും പ്രണയത്തിലായിരുന്നുവത്രെ. രണ്ടുവർഷം മുമ്പായിരുന്നു യുവതിയുടെ വിവാഹം.
സ്‌കൂൾ പഠനം പാതിയിലുപേക്ഷിച്ച ബാലനുമായി കഴിഞ്ഞ 24 നാണ് യുവതി ഒളിച്ചോടിയത്. അന്നുരാത്രി തന്നെ ഭർത്താവ് പോലീസിൽ പരാതി നൽകി. അടുത്ത ദിവസം രാവിലെ ബാലന്റെ പിതാവും പരാതിയുമായി അതേ പോലീസ് സ്‌റ്റേഷനിലെത്തി. സംശയം തോന്നിയ പോലീസ് ഉടൻ അന്വേഷണം നടത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളും മൊബൈൽ ഫോണും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ ഈ മാസം 13 ന് തമിഴ്‌നാട്ടിലെ വേളാങ്കണ്ണിയിലുള്ള ലോഡ്ജിൽനിന്ന് പോലീസ് ഇരുവരെയും പിടികൂടി.