ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്രമോഡി മുതലക്കണ്ണീര്‍ ഒഴുക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്. റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ പരേഡിനെ മന്‍ കി ബാത്തിലൂടെ പ്രധാനമന്ത്രി വിമര്‍ശിച്ചതിന്റെ പശ്ചാത്തലത്തിലാണ് ദിഗ്‌വിജയ് സിംഗിന്റെ അഭിപ്രായപ്രകടനം.
റിപ്പബ്ലിക് ദിനത്തില്‍ ദേശീയ പതാകയെ അപമാനിച്ചത് രാജ്യത്തെ ഞെട്ടിച്ചുവെന്നും അക്രമസംഭവങ്ങള്‍ വേദനിപ്പിച്ചെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി മന്‍ കി ബാത്തില്‍ അഭിപ്രായപ്പെട്ടിരുന്നു.
റിപ്പബ്ലിക് ദിനത്തില്‍ ദേശീയ പതാകയെ അപമാനിച്ചത് രാജ്യത്തെ ഞെട്ടിച്ചു. പ്രധാനമന്ത്രി ഞെട്ടിയിരിക്കുന്നു! ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ടും പതിറ്റാണ്ടുകളോളം ദേശീയപതാക ഉയര്‍ത്താന്‍ വിസമ്മതിച്ച ആര്‍.എസ്.എസുമായി ചേര്‍ന്നുപോകുന്നതില്‍ എന്തുകൊണ്ടാണ് നിങ്ങള്‍ ഞെട്ടാത്തത്. ഇത് മുതലക്കണ്ണീരാണ് മിസ്റ്റര്‍ പ്രധാനമന്ത്രി.' ദിഗ് വിജയ് സിംഗ് ട്വീറ്റ് ചെയ്തു.
മറ്റു കര്‍ഷക നേതാക്കള്‍ക്ക് ചെങ്കോട്ടയില്‍ പ്രവേശിക്കാന്‍ അനുമതി ലഭിക്കാതിരുന്നപ്പോള്‍ എങ്ങനെയാണ് ദീപ് സിദ്ദുവിന് പ്രവേശിക്കാന്‍ സാധിച്ചതെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് ചോദിച്ചു. എവിടെയാണ് ദീപ് സിദ്ദു ഇപ്പോഴുളളതെന്നും ആഭ്യരമന്ത്രിക്ക് അക്കാര്യം അറിയുമെന്ന് തനിക്കുറപ്പാണെന്നും ദിഗ്‌വിജയ് സിംഗ് പറഞ്ഞു. മറ്റുളളവരെ വിഡ്ഢികളാക്കുന്നത് അവസാനിപ്പിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.